കോർപറേഷൻ ബജറ്റ് : റോഡ് അറ്റകുറ്റപ്പണിക്ക് 17.46 കോടി രൂപ
Mail This Article
കോഴിക്കോട് ∙ 1238.69 കോടി രൂപ വരവും 1178.29 കോടി രൂപയുടെ ചെലവും കണക്കാക്കുന്ന കോർപറേഷൻ ബജറ്റ് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അവതരിപ്പിച്ചു. നടപ്പുസാമ്പത്തിക വർഷത്തെ 99.39 കോടി രൂപയുടെ നീക്കിയിരിപ്പ് ഉൾപ്പെടെയുള്ളതാണ് പുതിയ സാമ്പത്തിക വർഷത്തെ വരവ്. വസ്തു നികുതിയിനത്തിൽ 64 കോടി രൂപയും ഭൂമിയുടെയും കെട്ടിടങ്ങളുടെയും വാടക ഇനത്തിലും കെട്ടിട നിർമാണ ഇനത്തിലും 22 കോടി രൂപ വീതവും തൊഴിൽ നികുതി ഇനത്തിൽ 20 കോടി രൂപയും ഡി ആൻഡ് ഒ ലൈസൻസ് ഇനത്തിൽ 5.5 കോടി രൂപയും ബസ് സ്റ്റാൻഡ് ഫീസ് ഇനത്തിൽ 65 ലക്ഷം രൂപയുമാണ് തനതു വരുമാനത്തിൽ പ്രതീക്ഷിക്കുന്നത്.
റോഡ് അറ്റകുറ്റപ്പണികൾക്ക് 17.46 കോടി രൂപയും തെരുവുവിളക്ക് തെളിക്കാൻ 7.53 കോടി രൂപയും അഴുക്കുചാൽ നിർമാണത്തിനു 2.65 കോടി രൂപയും ശുചീകരണത്തിനു 1.13 കോടി രൂപയും ശ്മശാനങ്ങളുടെ നവീകരണത്തിനു 1.5 കോടി രൂപയും കെട്ടിട അറ്റകുറ്റപ്പണികൾക്ക് 96 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂലധന ചെലവിനത്തിൽ അമൃത് പദ്ധതിക്ക് 432.75 കോടി രൂപയും പിഎംഎവൈ ലൈഫ് ഫ്ലാറ്റ് നിർമാണത്തിനു 110 കോടി രൂപയും ഭൂമി ഏറ്റെടുക്കലിനു 15 കോടി രൂപയും റോഡ് ടാർ കോൺക്രീറ്റിനു 42.75 കോടി രൂപയും നഗര സംവിധാനത്തിനു 32.52 കോടി രൂപയും വായ്പ തിരിച്ചടവിനു 31.60 കോടി രൂപയും അടങ്ങിയതാണ് 1178.29 കോടിയുടെ മൊത്തം ചെലവ്.
മലിനജല സംസ്കരണ പ്ലാന്റുകൾക്ക് 336 കോടി
കോഴിക്കോട് ∙ നഗര ശുചിത്വത്തിനും വയോജന ക്ഷേമത്തിനും യുനെസ്കോയുടെ സാഹിത്യ നഗരം പദവി നിലനിർത്തുന്നതിനും ആവശ്യമായ കർമ പദ്ധതികൾക്കാണ് പുതിയ സാമ്പത്തിക വർഷത്തെ കോർപറേഷൻ ബജറ്റ് ഊന്നൽ നൽകുന്നത്. നിർദിഷ്ട ആവിക്കൽ, കോതി മലിനജല സംസ്കരണ പ്ലാന്റുകൾ അവിടെത്തന്നെ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ബജറ്റ് പ്രസംഗത്തിൽ നടത്തി.
സരോവരം, ആവിക്കൽ, കോതി എസ്ടിപികൾക്കായി 336 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മെഡിക്കൽ കോളജ് മാതൃകയിലാണ് ആവിക്കൽ, കോതി, സരോവരം എന്നിവിടങ്ങളിൽ എസ്ടിപികൾ സ്ഥാപിക്കുക. ആവിക്കൽ, കോതി എസ്ടിപികൾ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. ഇതിനായി പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നു.
മെഡിക്കൽ കോളജിലെ അവശേഷിക്കുന്ന ഒരു ദശലക്ഷം ലീറ്റർ ശേഷിയുള്ള എസ്ടിപി മന്ത്രി എം.ബി.രാജേഷ് 26നു ഉദ്ഘാടനം ചെയ്യും. ഇതോടെ മെഡിക്കൽ കോളജിൽ 3.1 ദശലക്ഷം ശേഷിയുള്ള 2 എസ്ടിപികളും സജീവമാകും. മെഡിക്കൽ കോളജിലെ മലിനജല പ്രശ്നത്തിനു ഇതോടെ പൂർണ പരിഹാരമാകുമെന്നും ഡപ്യൂട്ടി മേയർ വ്യക്തമാക്കി. മൊബൈൽ എഫ്എസ്ടിപി സംവിധാനവും ഒരുക്കും. 2 മൊബൈൽ ശുചിമുറി ബ്ലോക്കും തയാറാക്കുന്നുണ്ട്. ഇതിനായി 2.43 കോടി രൂപയാണ് വകയിരുത്തിയത്.
സാഹിത്യ മ്യൂസിയം സ്ഥാപിക്കും
യുനെസ്കോയുടെ സാഹിത്യ നഗരം പദവിയുടെ സാഹചര്യത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള സാഹിത്യ മ്യൂസിയം ഈസ്റ്റ്ഹിൽ കൃഷ്ണ മേനോൻ മ്യൂസിയം വളപ്പിൽ സ്ഥാപിക്കും. ഇവിടെ എം.ടി.വാസുദേവൻ നായരുടെ രചനകൾ, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ, അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ എന്നിവ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനുള്ള വേദി ഒരുക്കും.
ലൈബ്രറികളുടെ നവീകരണം, പൊതുവായന ഇടങ്ങൾ, സാഹിത്യോത്സവങ്ങൾ, കുട്ടികളുടെ സാഹിത്യ പരിപാടികൾ തുടങ്ങിയ വൻ പദ്ധതിയാണ് സാഹിത്യ നഗരവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സാഹിത്യ നഗരത്തിനായി വിവിധ പദ്ധതികൾക്കായി 5 കോടി രൂപയാണ് വകയിരുത്തിയത്.
ജനോപകാര പദ്ധതികളില്ല: യുഡിഎഫ്
കോഴിക്കോട് ∙ ക്രിയാത്മകമായ നിർദേശങ്ങളോ ജനോപകാര പദ്ധതികളോ ഇല്ലാത്ത, വാഗ്ദാനങ്ങളുടെ പെരുമഴയും പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന പദ്ധതികൾ വീണ്ടും അവതരിപ്പിക്കുന്നതുമാണ് കോർപറേഷൻ ബജറ്റെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി.ശോഭിതയും കെ.മൊയ്തീൻ കോയയും കുറ്റപ്പെടുത്തി.
പ്രധാന പദ്ധതികൾ
∙വിവിധ പാർപ്പിട പദ്ധതികൾക്കായി 35 കോടി രൂപ വകയിരുത്തി.
∙വയോജനങ്ങൾക്കായി പുതുതായി 25 പകൽവീടുകൾ തുടങ്ങും. നഗരത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് വയോജന ഭവൻ നിർമിക്കും. ബിപിഎൽ കുടുംബങ്ങളിലെ വയോജനങ്ങൾക്ക് സൗജന്യമായി മരുന്നുകൾ നൽകും. കിടപ്പുരോഗികൾക്ക് ചികിത്സ നൽകുന്നതിനു പദ്ധതി നടപ്പാക്കും. വയോജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു മൈക്രോ പ്ലാൻ സർവേ നടത്തും. പകൽ വീടുകളിൽ വയോജനങ്ങൾക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോജന മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിനു ടാലന്റ് ബാങ്ക് രൂപീകരിക്കും. ഒറ്റപ്പെട്ടു കഴിയുന്ന കിടപ്പു രോഗികൾക്ക് അയൽവാസികളുടെ സഹായം തേടുന്നതിനു അത്തരം വീടുകളിൽ വിശ്വാസ മണി സ്ഥാപിക്കും.
∙നഗരശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകുന്നതിനാൽ മാലിന്യ സംസ്കരണത്തിനായി 3 വലിയ ടിപ്പർ ലോറിയും 7 മീഡിയം ടിപ്പർ ലോറിയും വാങ്ങുന്നതിനു 2.4 കോടി രൂപയും 4 മിനി എസ്കവേറ്ററുകൾ വാങ്ങുന്നതിനായി 1.4 കോടി രൂപയും ചെലവഴിക്കും. 75 വാർഡുകളിലെയും ഹരിത കർമസേന അംഗങ്ങൾക്ക് ഗ്ലൗസും ഓട്ടോ കണ്ടെയ്നറുകൾ സജ്ജമാക്കുന്നതിനായി 3 കോടി രൂപ ചെലവഴിക്കും.
∙ആരോഗ്യ മേഖലയിൽ കൈത്താങ്ങ്: പുതിയ ഡയാലിസിസ് കേന്ദ്രം ആരംഭിക്കും. കേന്ദ്രം തുടങ്ങുന്നതു വരെ ഡയാലിസിസ് കിറ്റുകൾ നൽകും. കിടപ്പുരോഗികൾക്കായി മൊബൈൽ ലാബുകൾ തുടങ്ങും. ബീച്ച് ആശുപത്രിയുമായി സഹകരിച്ച് ജെറിയാട്രിക് കെയർ സെന്റർ ആരംഭിക്കും. ഇടിയങ്ങരയിൽ മൾട്ടി സ്പെഷ്യൽറ്റി ലാബ് തുടങ്ങും. ബിപിഎൽ കുടുംബങ്ങളിലെ നവജാത ശിശുക്കൾക്ക് വെൽകം കിറ്റ് നൽകും. മൊബൈൽ ഫിസിയോ തെറപ്പി യൂണിറ്റുകൾ ആരംഭിക്കും. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കോളജ് വിദ്യാർഥികളെ പങ്കാളികളാക്കും. ബീച്ച് ആശുപത്രിയിലെ പോസ്റ്റ് കോവിഡ് ക്ലിനിക് ശക്തിപ്പെടുത്തും. വെസ്റ്റ്ഹിൽ ആയുർവേദ–അലോപ്പതി ആശുപത്രികൾ ഉൾപ്പെടെ ഹെൽത്ത് കോംപ്ലക്സ് സ്ഥാപിക്കും. മുഴുവൻ നഗരവാസികൾക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കും.
∙മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റി 45 കോടി രൂപ ചെലവഴിച്ച് ആധുനിക ബസ് സ്റ്റേഷൻ നിർമിക്കും. അവിടെ ക്ലോക്ക് ടവർ സ്ഥാപിക്കും.
∙വലിയങ്ങാടിയെ ആധുനിക സൗകര്യങ്ങളുള്ള വ്യാപാര കേന്ദ്രമായി വികസിപ്പിക്കും. കച്ചവട സ്ഥാപനങ്ങൾക്ക് അനുബന്ധമായി വിനോദ–വിശ്രമ സൗകര്യങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടുന്നതാകും മാസ്റ്റർ പ്ലാൻ. ഇവിടെ സ്പൈസസ് മ്യൂസിയം സ്ഥാപിക്കും.
∙ബീച്ചിലെ ഭക്ഷണത്തെരുവിന് പുറമേ കസ്റ്റംസ് റോഡ്, കാളൂർ റോഡ്, ഭട്ട് റോഡ് എന്നിവിടങ്ങളെ പുതിയ ഭക്ഷണ തെരുവുകളാക്കി മാറ്റും.
∙മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻപിൽ റോഡ് മുറിച്ചു കടക്കുന്നതിനു എസ്കലേറ്റർ സ്ഥാപിക്കും.
∙നഗരത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങളോടെ 1 കോടി രൂപ ചെലവഴിച്ച് ആസ്ഥാന മന്ദിരം നിർമിക്കും.
∙15 കോടി രൂപ ചെലവഴിച്ച് പുതുതായി 25 സ്മാർട്ട് അങ്കണവാടികൾ നിർമിക്കും.
∙50 ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലന കേന്ദ്രം സ്ഥാപിക്കും.
.ഓരോ വാർഡിലും ഒരു മോഡൽ റോഡ്. പൈലറ്റ് പ്രോജക്ടായി ചെറൂട്ടി റോഡ്, പി.ടി.ഉഷ റോഡ്, കുറ്റിച്ചിറ, പി.എം.താജ് റോഡ്, ജാഫർഖാൻ കോളനി റോഡ്, നടക്കാവ് – ചക്കോരത്ത് കുളം റോഡ് എന്നിവ വികസിപ്പിക്കും.
∙പൊലീസുമായി സഹകരിച്ച് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഘട്ടം ഘട്ടമായി സിസി ടിവി സ്ഥാപിക്കും.
വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കാനായി പോർട്ടബിൾ സ്വിമ്മിങ് പൂൾ ഏർപ്പെടുത്തും.
∙ചെലവൂരിൽ സ്വാഭാവിക നീന്തൽ കുളവും നീന്തൽ പരിശീലന കേന്ദ്രവും സ്ഥാപിക്കും.
∙ബീച്ചിൽ ബോർഡ് സ്കേറ്റിങ് അരീന സ്ഥാപിക്കും.
∙എല്ലാ സർക്കാർ സ്കൂളുകളിലും രാജ്യാന്തര നിലവാരത്തിലുള്ള ലോങ്ജംപ് പിറ്റുകൾ സ്ഥാപിക്കും.
∙കായിക അധ്യാപകർ ഇല്ലാത്ത മുഴുവൻ സ്കൂളുകളിലും കരാർ അടിസ്ഥാനത്തിൽ കായിക അധ്യാപകരെ നിയമിക്കും.
∙ബീച്ച്, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ കുറഞ്ഞ നിരക്കിൽ കുടിവെളളം ലഭിക്കുന്നതിനായി വാട്ടർ എടിഎം പദ്ധതി നടപ്പാക്കും.
∙സ്ത്രീ സൗഹൃദ കോഴിക്കോടിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രഗൽഭരായ വനിതകളെ പങ്കെടുപ്പിച്ച് ഈ വർഷം 3 ദിവസത്തെ വനിത സമ്മിറ്റ് സംഘടിപ്പിക്കും.
∙കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് എല്ലാ വർഷവും നഗരത്തിൽ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കും.
∙കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം 25–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്ലാസ് മുറി നവീകരണത്തിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും സ്റ്റുഡിയോ സജ്ജീകരിക്കുന്നതിനും 5 ലക്ഷം രൂപ നൽകും.