എസ്ഐ ലിസ്റ്റ്: ‘പിഴവ്’ തിരുത്താതെ പിഎസ്‍സി; 2013ലും അട്ടിമറി നടന്നതായി സംശയം
Mail This Article
കോഴിക്കോട് ∙ എസ്ഐ നിയമനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട അനർഹരെ നീക്കി പട്ടിക ഉടൻ പുനഃപ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും പ്രസിദ്ധീകരിക്കാതെ പബ്ലിക് സർവീസ് കമ്മിഷൻ. കായികക്ഷമതാ പരീക്ഷയിൽ ഹാജരാകാത്തവരും തോറ്റവരും വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവു കൊണ്ടു മാത്രമാണെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം. അതിനാൽ ഈ പിഴവ് ഒഴിവാക്കി പുതുക്കിയ പട്ടിക 29നു പുനഃപ്രസിദ്ധീകരിക്കുമെന്നും പിഎസ്‍സി വ്യക്തമാക്കിയിരുന്നു. നൂറിലേറെ പേർ അനർഹരായി ഉൾപ്പെട്ടിട്ടുള്ളതു കൊണ്ടാണു പുനഃപ്രസിദ്ധീകരണം വൈകുന്നതെന്നാണു വിവരം.
എസ്ഐ നിയമനത്തിനുള്ള പട്ടികയിൽ കായികക്ഷമതാ പരീക്ഷ തോറ്റവരും ഹാജരാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പുറത്തു വിട്ടിരുന്നു. അതേസമയം, എസ്ഐ നിയമനത്തിനുള്ള മുൻപട്ടികയിലും ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. 2013 ലെ കായികക്ഷമതാ പരീക്ഷ നടത്തിയതിലും സംവരണ വെയിറ്റേജ് മാർക്ക് നൽകിയതിലും അപാകത ഉണ്ടെന്നാരോപിച്ച് വിജിലൻസ് ഡയറക്ടർക്ക് അന്നത്തെ ഉദ്യോഗാർഥി പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ്, തുടരന്വേഷണം പിഎസ്‍സി വിജിലൻസ് നടത്തണമെന്നു ശുപാർശ ചെയ്തു 2017ൽ റിപ്പോർട്ട് പിഎസ്‍സിക്കു കൈമാറുകയും ചെയ്തു. എന്നാൽ, വിഷയം പല തവണ പരിശോധിച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പിഎസ്‍സി നിലപാട്.
എസ്ഐ റാങ്ക് ലിസ്റ്റ് ക്രമക്കേടിനു പിന്നിൽ പാർട്ടിയുടെ ഗൂഢസംഘമെന്നു ചെന്നിത്തല
കോഴിക്കോട്∙ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരും പരീക്ഷയിൽ തോറ്റവരും എസ്‌ഐ നിയമനത്തിനുള്ള ഷോർട് ലിസ്റ്റിൽ കടന്നുകൂടിയതിനു പിന്നിൽ ഗൂഢസംഘത്തിന്റെ പ്രവർത്തനമുണ്ടെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ടു പിഎസ‌്സിയിൽ പ്രവർത്തിക്കുന്ന റാക്കറ്റിനെ പുറത്തുകൊണ്ടുവരണം. ആൾമാറാട്ടം നടത്തി പരീക്ഷ നടത്തുക, അർഹതയില്ലാത്ത എസ്എഫ്ഐക്കാരന് ഒന്നാം റാങ്ക് കൊടുക്കുക എന്നിങ്ങനെ മുൻപും പിഎസ്‌സിയിൽ കൃത്രിമം നടന്നിട്ടുണ്ട്. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം കോൺഗ്രസ് മറ്റുവഴികൾ തേടും.
വെറ്ററിനറി സർവകലാശാല ക്യാംപസ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് ഡീൻ എം.കെ.നാരായണനെ മന്ത്രി ചിഞ്ചുറാണി സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ അന്വേഷണം നടക്കുമ്പോൾ ഡീൻ കുറ്റക്കാരനല്ലെന്നു പറയാൻ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ചെന്നിത്തല ആരോപിച്ചു.
സിപിഎം നേതൃത്വം എസ്എഫ്ഐക്കാരെ ക്രിമിനൽ സംഘമായാണു വളർത്തുന്നത്. മിക്ക കോളജുകളിലും എസ്എഫ്ഐയുടെ ഇടിമുറികളുണ്ട്. അവിടെ നടക്കുന്ന മർദനമുറകളെക്കുറിച്ചു പുറത്തു പറയാൻ വിദ്യാർഥികൾ ഭയപ്പെടുകയാണ്. സിപിഎം അനുകൂല അധ്യാപകർ അതിനു പിന്തുണ നൽകുകയും ചെയ്യുന്നു. സിദ്ധാർഥന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങും. താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പൂക്കോട് വെറ്ററിനറി കോളജ് സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.