കക്കയത്ത് വീണ്ടും കാട്ടുപോത്ത്; ഇന്നു മുതൽ പരിശോധന, പുലർച്ചെ 4.30 നു തുടങ്ങും
Mail This Article
കൂരാച്ചുണ്ട്∙ കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വേണ്ടി കക്കയം മേഖലയിൽ വനം വകുപ്പിന്റെ തിരച്ചിൽ മൂന്നാം ദിവസവും തുടർന്നെങ്കിലും ഫലമില്ല. ഇന്നലെ ഡിഎഫ്ഒ യു.ആഷിഖ് അലി, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘം വിവിധ സ്ക്വാഡുകളിലായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഡ്രോൺ ഉപയോഗിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരം ഇന്ന് പുലർച്ചെ 4.30ന് പരിശോധന തുടങ്ങും. ഇന്നലെ കാട്ടുപോത്ത് കുട്ടികൾ ഉൾപ്പെട്ട കൂട്ടത്തെ കണ്ടെത്തിയെങ്കിലും അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുലർച്ചെ കാട്ടുപോത്തിനെ പല മേഖലകളിലും ആളുകൾ കണ്ടിരുന്നു. പുലർച്ചെ പോത്ത് ഇറങ്ങുന്നതിനാൽ. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ 7.30ന് ആരംഭിച്ചിരുന്ന പരിശോധന വനം വകുപ്പ് പുലർച്ചെ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇന്നലെ രാവിലെയും പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടു. ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ് .