വിശുദ്ധവാരത്തിന് തുടക്കമായി
Mail This Article
കോഴിക്കോട് ∙ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഓശാന ഞായർ ആചരണത്തോടെ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കും തുടക്കമായി. കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കുരുത്തോല പ്രദക്ഷിണം കോടതിക്കു സമീപമുള്ള സെന്റ് വിൻസന്റ് ഹോമിൽ നിന്നാരംഭിച്ചു മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ സമാപിച്ചു. കുർബാനയ്ക്കു രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
പെരുവയൽ ∙ പെരുവയൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ചടങ്ങുകൾക്ക് ഫാ സനൽ ലോറൻസ്, ഫാ സാൻജോസ് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. പാരിഷ് സെക്രട്ടറി ബിനു എഡ്വേഡ്, ജോസഫ് പുളിന്തറ, കെ.ബോണി വർഗീസ്, കെ.അലോഷ്യസ് എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.