ഒരിടത്ത് കുടിവെള്ളക്ഷാമം; മറ്റൊരിടത്ത് പൈപ്പ് പൊട്ടൽ
Mail This Article
നാദാപുരം∙ മലയോര മേഖല കടുത്ത വരൾച്ചയിൽ. കുടിവെള്ളം പലിയിടങ്ങളിലും കിട്ടാക്കനിയായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ഒഴുകുന്ന പ്രദേശങ്ങളിൽ നിന്ന് മലമ്പ്രദേശങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കെല്ലാം വെള്ളമെത്തിക്കുന്ന സംഘങ്ങൾ സജീവമാണ്. ലോറികളിൽ ടാങ്കറുകൾ ഘടിപ്പിച്ചാണ് വെള്ളം സംഭരിച്ച് വിവിധ മേഖലകളിലേക്കു കൊണ്ടു പോകുന്നത്.
ചെക്യാട് അരീക്കരക്കുന്നിലെ ബിഎസ്എഫ് കേന്ദ്രത്തിലേക്ക് അടക്കം കുമ്മങ്കോട്ടുനിന്നാണ് ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത്. കുമ്മങ്കോട് തോടിനെ വെള്ളത്തിന് ആശ്രയിക്കുന്നവരുമേറെയാണ്. തോട്ടിൽ പലയിടങ്ങളിലും തടയണകൾ നിർമിച്ചു വെള്ളം തടഞ്ഞു നിർത്തുന്നതു കാരണം താഴ്ഭാഗങ്ങളിലേക്ക് വെള്ളമെത്താത്ത പ്രശ്നവുമുണ്ട്.
വടകരയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്ന വിഷ്ണുമംഗലം പുഴയിലെ ബണ്ടിന്റെ 4 ഷട്ടറുകളും താഴ്ത്തിയതോടെ കുടിവെള്ളം പമ്പിങ് നടക്കുന്നുണ്ടെങ്കിലും പുഴയെ ആശ്രയിച്ചു കഴിയുന്ന ഇയ്യങ്കോട്, പേരോട്, പുളിയാവ്, തുടങ്ങിയ പ്രദേശങ്ങളിൽ പുഴ വെള്ളം ലഭിക്കുന്നില്ല. വിലങ്ങാട് ജല വൈദ്യുത പദ്ധതിയുടെ പ്രവർത്തനം മാസങ്ങളായി നിർത്തിയിരിക്കുകയാണ്.
വിലങ്ങാട്ടെ ജനങ്ങൾക്ക് ആശ്രയമായ മയ്യഴിപ്പുഴ തുടങ്ങുന്ന മലമ്പ്രദേശത്ത് വെള്ളം തെല്ലുമില്ലാതായി. മഴക്കാലത്ത് വിലങ്ങാട് അങ്ങാടിയിലേക്ക് അടക്കം വെള്ളം ഇരച്ചു കയറുന്ന പതിവുള്ള സ്ഥലത്ത് ഉരുളൻ കല്ലുകളും കാട്ടു ചെടികളുമാണ് പുഴയിൽ ഇപ്പോഴുള്ളത്. തൊഴിലാളികൾ അടക്കമുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക് മറ്റിടങ്ങളെ ആശ്രയിക്കണമെന്നതാണു സ്ഥിതി.
തീരത്തും ജലക്ഷാമം
നഗരസഭാ പ്രദേശത്തെ 10 തീരദേശ വാർഡുകളിൽ കടുത്ത ജല ക്ഷാമം. കിണറുകൾ പലതും വറ്റി. ഉള്ളതിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ല. ജല അതോറിറ്റിയുടെ വിതരണം ആഴ്ചയിൽ 2 ദിവസം മാത്രമായതോടെ കുടിവെള്ളത്തിന് നെട്ടോട്ടമായി. കുരിയാടി മുതൽ അഴിത്തല വരെയുള്ള വാർഡുകളിലാണ് പ്രശ്നം. കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാൻ ഇവിടങ്ങളിൽ 2016– 17 കാലത്ത് വരൾച്ച ഫണ്ട് ഉപയോഗിച്ച് കിയോസ്കുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ ഇതിൽ പലതും തകർന്നു പോയി. ഉള്ളതിൽ വെള്ളവുമില്ല. ഇത്തരം കേന്ദ്രങ്ങൾ വഴി ജല വിതരണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പൈപ്പ് വഴി വിതരണം ചെയ്യുന്ന വെള്ളത്തിലും രണ്ടു മാസമായി ഉപ്പുരസമാണ്. ഈ മേഖലയിൽ കുടിവെള്ള പ്രശ്നം നേരത്തേ തന്നെ രൂക്ഷമായിരുന്നു. പല കിണറിലെയും വെള്ളം കുടിക്കാൻ പറ്റാത്തതാണ് പ്രശ്നം. ഇതിനു പരിഹാരമായി സന്നദ്ധ സംഘടനകൾ പല ഭാഗത്തായി ടാങ്കുകൾ സ്ഥാപിച്ചത് അൽപം ആശ്വാസമായിട്ടുണ്ട്.
തീരദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. കിയോസ്കുകൾ ഉപയോഗപ്രദമാക്കണം. സമീപ നഗരസഭകളിൽ തുടങ്ങിയ ബദൽ സംവിധാനം വടകരയിലും ഏർപ്പെടുത്തണമന്നാവശ്യപ്പെട്ടു. വി.കെ.അസീസ്, പി.വി.ഹാഷിം, പി.കെ.സി.അഫ്സൽ, എ.പ്രേമകുമാരി, സി.വി.പ്രദീശൻ എന്നിവർ പ്രസംഗിച്ചു.
കല്ലാച്ചിയിയിൽ പൈപ്പ് മാറ്റി; കുമ്മങ്കോട്ട്പണി തുടങ്ങി
സംസ്ഥാന പാതയിൽ കല്ലാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ പൈപ്പ് പൊട്ടിയ ഭാഗത്തെ പൈപ്പ് മാറ്റി സ്ഥാപിച്ചു. ഇതിനിടെ, കുമ്മങ്കോട് ടൗണിൽ വെള്ളക്കെട്ടിനിടയാക്കിയ പൈപ്പ് പൊട്ടിയ സ്ഥലം ജല അതോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. റോഡിൽ കുഴിയെടുത്ത് പിവിസി പൈപ്പ് മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വീടുകളിലേക്കും മറ്റും കണക്‌ഷൻ നൽകുന്ന പൈപ്പിലാണ് പൊട്ടലുണ്ടായത്.
ഈ വെള്ളം എത്ര പേരുടെ ദാഹം തീർക്കും?
കുടിവെള്ളത്തിന് നാട് നെട്ടോട്ടം ഓടുമ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കനത്ത വേനലിൽ കിണറുകൾ വറ്റി തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പിടിപ്പുകേട്. മേപ്പയിൽ ശ്രീനാരായണ റോഡിൽ മിഡറ്റ് കോളജിന് മുൻ വശത്താണ് ഇന്നലെ പൈപ്പ് പൊട്ടിയത്.
നേരത്തെയും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. നന്നാക്കിയ ഭാഗത്ത് ഇന്നലെ വീണ്ടും പൊട്ടുകയായിരുന്നു. താഴ്ചയിലാണ് പൈപ്പ് ലൈൻ ഉള്ളത്. അതിനാൽ വലിയ കുഴി എടുത്തതാണ് പൊട്ടിയ ഭാഗം നേരത്തെ നന്നാക്കിയത്. ഈ ഭാഗം റോഡിൽ നിന്നു താഴ്ന്നു കിടക്കുകയായിരുന്നു. മഴയിൽ ഇവിടെ കുഴി രൂപപ്പെടാൻ സാധ്യത ഏറെയാണ്. വീണ്ടും പൊട്ടിയതോടെ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ശ്രദ്ധ തെറ്റിയാൽ വാഹനങ്ങൾ കുഴിയിൽ അകപ്പെടാൻ സാധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങൾ പോകുന്നതും നിരവധി വീട്ടുകാർ ഉപയോഗിക്കുന്നതുമായ വഴി ഇവിടെയാണ് വന്നു ചേരുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ പൈപ്പ് ലൈൻ അടച്ച് വെള്ളമൊഴുക്ക് തടഞ്ഞു. ശ്രീനാരായണ റോഡിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗം ടാറിങ് നടത്തിയത് അടുത്തിടെയാണ്. അതിന് ശേഷമാണ് പൈപ്പിൽ ചോർച്ച ഉണ്ടായത്. വെള്ളം ഒഴുകി രൂപപ്പെട്ട ഭാഗത്ത് ടാറിങ് നടത്തണമെന്ന് ആവശ്യം.