പോളിങ് ഡ്യൂട്ടി: ഇളവു തേടി ജീവനക്കാർ അപേക്ഷ നൽകി
Mail This Article
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു പോളിങ് ഡ്യൂട്ടിയിൽ നിന്നു ഒഴിവാകാൻ ജില്ലയിൽ അപേക്ഷ നൽകിയവർ 380 പേർ. അപേക്ഷകളിൽ പലരും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ച ഇളവിൽ ഉൾപ്പെടാത്തവർ. ഞായറാഴ്ച പോളിങ് ഡ്യൂട്ടിക്കുള്ള ജീവനക്കാരുടെ പട്ടിക ഇലക്‌ഷൻ കമ്മിഷന്റെ സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിരുന്നു. ഇതോടെയാണ് ഇന്നലെ സ്പെഷൽ ഡപ്യൂട്ടി കലക്ടർ (എൽഎ–എൻഎച്ച്) ഷാമിൻ സെബാസ്റ്റ്യനു മുന്നിൽ ഒട്ടേറെ പേർ എത്തിയത്. രാവിലെ എട്ടോടെ കലക്ടറേറ്റിൽ അപേക്ഷയുമായി എത്തിയവരിൽ കൂടുതലും സ്ത്രീകളായിരുന്നു.ഭർത്താവിനും ഭാര്യയ്ക്കും ഡ്യൂട്ടി ലഭിച്ചവർ, മറ്റു ജില്ലയിൽ നിന്ന് എത്തി.
കോഴിക്കോട് ജോലി ചെയ്യുന്നവർ, വീട്ടിൽ അസുഖ ബാധിതരായ രക്ഷിതാക്കൾ ഉള്ളവർ, ശരീര വേദന, ഭക്ഷണം മാറിക്കഴിച്ചാൽ അലർജി ഉള്ളവർ എന്നിങ്ങനെയാണ് അപേക്ഷകളിൽ കാരണമേറെയും. പോളിങ് ഡ്യൂട്ടി ലിസ്റ്റിൽ ഉൾപ്പെട്ട, എസ്എസ്എൽസി മൂല്യനിർണയത്തിനും നിയോഗിച്ച അധ്യാപകരും അപേക്ഷയുമായി എത്തി. നാളെ മൂല്യനിർണയം ആരംഭിക്കും. നാളെ തന്നെയാണ് പോളിങ് ശിൽപശാലയും. ഈ രണ്ടു ഡ്യൂട്ടിയും ലഭിച്ച അധ്യാപകർ ആശങ്കയിലാണ്. അപേക്ഷകൾ ഇന്നു കലക്ടർ ചെയർമാനായ 7 അംഗ കമ്മിറ്റി പരിശോധിക്കും. തുടർന്നു വൈകിട്ട് പുതിയ ഡ്യൂട്ടി ലിസ്റ്റ് പ്രഖ്യാപിക്കും. ഡ്യൂട്ടിയിൽ നിന്നു നിർബന്ധമായും ഒഴിവാക്കപ്പെടേണ്ടവരുടെ അപേക്ഷ ഇന്നു കൂടി സ്വീകരിക്കും. അന്തിമ പട്ടിക ഈ ആഴ്ച അവസാനത്തോടെ പൂർത്തിയാകും.