ADVERTISEMENT

കടലുണ്ടി ∙ ഇന്നലെ പുലർച്ചെ 2.30ന് മണ്ണൂർ പഴയ ബാങ്ക് പരിസരവാസികൾ കനത്ത ശബ്ദവും നിലവിളിയും കേട്ടാണ് ഞെട്ടിയുണർന്നത്. കേട്ടവർ കേട്ടവർ  പഴയ ബാങ്കിനു സമീപത്തെ കയറ്റത്തിൽ ഓടിയെത്തിയപ്പോഴാണു  കോഹിനൂർ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. എങ്ങനെയെങ്കിലും യാത്രക്കാരെ രക്ഷിക്കാനായിരുന്നു പിന്നെ ശ്രമം. മുൻപിലെ ചില്ല് തകർത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോൾ പലരും പേടിച്ച് നെഞ്ചിടിപ്പോടെ നിൽക്കുകയായിരുന്നു.

അമിത വേഗത്തിൽ എത്തിയ ബസ് നിയന്ത്രണംവിട്ട് പൂച്ചേരിക്കുന്നിലെ ഡിവൈഡറിൽ കയറി 75 മീറ്ററോളം മുൻപോട്ട് നീങ്ങിയിരുന്നു. ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചപ്പോൾ നടപ്പാതയിൽ കയറി വൈദ്യുതക്കാലിൽ തട്ടിയാണ് സമീപത്തെ വളവിൽ മറിഞ്ഞത്. റോഡരികിലുള്ള പറമ്പിലെ തെങ്ങിൽ തട്ടി നിന്നതിനാൽ കൂടുതൽ ആളപായമില്ലാതെ രക്ഷപ്പെട്ടു. നല്ല ഉറക്കത്തിലായിരുന്ന യാത്രക്കാർ ബസ് ഡിവൈഡറിൽ കയറി ചാടിയപ്പോൾ ഞെട്ടിയുണർന്നു.

നിമിഷങ്ങൾക്കുള്ളിൽ റോഡരികിലേക്ക് ബസ് മറിഞ്ഞു. ഇരുട്ടും താഴ്ചയും ആ യതിനാൽ യാത്രക്കാർക്ക് പെട്ടെന്നു പുറത്തു കടക്കാനായില്ല. 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 25 പേർക്കു പരുക്കേറ്റു. ബസിനടിയിൽപെട്ടു കൊല്ലം കോട്ടുക്കൽ സ്വദേശി അമൽ മോഹൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ബസിന്റെ ഭാഗം വെട്ടിപ്പൊളിച്ചാണ് അമൽ മോഹനെ പുറത്തെടുത്തത്. 

സ്ഥലത്തെത്തിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ അറിയിച്ച് ആംബുലൻസുകൾ എത്തിച്ചു പരുക്കേറ്റവരെ ഉടൻ മാറ്റി. യാത്രക്കാരിൽ കൈക്കുഞ്ഞും ഉണ്ടായിരുന്നു. നിസ്സാര പരുക്കേറ്റവർ പ്രഥമ ചികിത്സ തേടി മടങ്ങി. പൊലീസും അഗ്നിരക്ഷാസേനയും ഇടപെട്ടു പുലർച്ചെ തന്നെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.  പിന്നീട് ഹൈഡ്രോളിക് ക്രെയിൻ എത്തിച്ച് രാവിലെ 7.30ന് ആണു ബസ് ഉയർത്തിയത്.

അപകടത്തിൽ പാതയോരത്തെ ഇരുമ്പ് വേലിയും പാർശ്വഭിത്തിയും തകർന്നു. വൈദ്യുതക്കാൽ പൊട്ടി മേഖലയിൽ വിതരണവും തടസ്സപ്പെട്ടു. യാത്രക്കാരുടെ ബാഗ്, ഫോൺ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. നാട്ടുകാർക്കു പുറമേ ഫറോക്ക് എസ്ഐ സാജു തോമസ്, മീഞ്ചന്ത അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കടലുണ്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു യുവാവു മരിച്ചു
കടലുണ്ടി (കോഴിക്കോട്) ∙ മണ്ണൂർ പഴയ ബാങ്കിനു സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു താഴ്ചയിലേക്കു മറിഞ്ഞു യാത്രക്കാരൻ മരിച്ചു. 25 പേർക്കു പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹനന്റെയും ലതയുടെയും ഏക മകൻ അമൽ മോഹനാണ് (28) മരിച്ചത്. പരുക്കേറ്റവരിൽ 8 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രാഥമിക ചികിത്സ തേടി മടങ്ങി.

തിരുവനന്തപുരത്തു നിന്ന് ഉഡുപ്പിയിലേക്കു പോകുകയായിരുന്ന ‘കോഹിനൂർ ട്രാവൽസ്’ അന്തർസംസ്ഥാന കോൺട്രാക്ട് കാരിയർ ബസാണ് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപെട്ടത്. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് പൂച്ചേരിക്കുന്ന് ഭാഗത്തെ ഡിവൈഡറിൽ കയറിയ ബസ് 75 മീറ്റർ മുന്നോട്ടു നീങ്ങി സമീപത്തെ പോസ്റ്റിൽ ഇടിച്ചാണു റോഡിലെ വളവിൽ താഴ്ചയിലേക്കു മറിഞ്ഞത്. ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമുണ്ടായിരുന്നു. 

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്.  ബസിനുള്ളിൽ കുടുങ്ങിക്കിടന്ന അമലിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ബസിന്റെ ഭാഗം വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കൊല്ലത്ത് ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ അമൽ ഉഡുപ്പിയിൽ ജോലിക്കു പോകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com