ADVERTISEMENT

കോഴിക്കോട് ∙ ബേപ്പൂരിൽ നിന്നു മീൻ പിടിക്കാൻ പോയി അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഹെലികോപ്റ്റർ വെസ്റ്റ്ഹിൽ മൈതാനത്ത് ഇറങ്ങുന്നതും കാത്ത് അധികൃതർ നിന്നതു രണ്ടര മണിക്കൂർ. രക്ഷാ പ്രവർത്തനം നടത്തി ഹെലികോപ്റ്റർ നെടുമ്പാശ്ശേരിയിലേക്കു പറന്നെന്ന അറിയിപ്പു ലഭിച്ചതോടെ ജില്ലാ അധികൃതരും പൊലീസും ഫിഷറീസ്, കരസേനയും ആശ്വാസത്തിൽ മടങ്ങി.

കഴിഞ്ഞ 30ന് ബേപ്പൂരിൽ നിന്നു മീൻപിടിക്കാൻ പോയ പൂണാർവളപ്പ് പുലിസ്സാരം വീട്ടിൽ അബ്ദുൽ കരീമിന്റെ അൽ യാസീൻ–2 ബോട്ടിലെ തൊഴിലാളി തമിഴ്നാട് കന്യാകുമാരി മുട്ടം സ്വദേശി അജിനെ(25)യാണു കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ രക്ഷിച്ചത്. ബേപ്പൂരിനു പടിഞ്ഞാറ് 45 നോട്ടിക്കൽ മൈൽ അകലെ കടലിൽ വീണ അജിനെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റി. 

തൊഴിലാളികൾ ബോട്ടുടമയെ വിവരം അറിയിക്കുകയും രാവിലെ പത്തരയോടെ ഫിഷറീസ് ഉദ്യോഗസ്ഥർ സംഭവം അറിയുകയുമായിരുന്നു. ഫിഷറീസ് ഉദ്യോഗസ്ഥരാണ് കോസ്റ്റ് ഗാർഡിനെ അറിയിച്ചത്. അൽ യാസീൻ–2, ജസീറ എന്നീ രണ്ടു ബോട്ടുകളിലായി 30ന് കടലിൽ പോയ സംഘത്തിൽ നിന്നു ഇന്നലെ പുലർച്ചെ ജസീറ ബോട്ട് തിരിച്ചു വന്നു. രാവിലെ ആണ് അജിൻ ബോട്ടിൽ നിന്നു കടലിൽ വീണതായി അറിയിപ്പു ലഭിച്ചത്.

കോസ്റ്റ് ഗാർഡ് കൊച്ചി യൂണിറ്റിനെ അറിയിച്ചതോടെ വൈകിട്ട് മൂന്നരയ്ക്ക് ഹെലികോപ്റ്റർ കടലിൽ തിരച്ചിൽ നടത്തി 5.02ന് അജിനെ ഹെലികോപ്റ്ററിൽ കയറ്റി. പരുക്കേറ്റ അജിനെ ഹെലികോപ്റ്ററിൽ കോഴിക്കോട് വെസ്റ്റ്ഹിൽ മൈതാനത്ത് എത്തിക്കുമെന്നു കലക്ടർക്കു വിവരം ലഭിച്ചു. തുടർന്നു അഗ്നിരക്ഷാ സേന, ആംബുലൻസ്, പൊലീസ്, ബാരക്സ് മദ്രാസ് റെജിമെന്റ് ഉദ്യോഗസ്ഥർ, ഫിഷറീസ്, റവന്യു വിഭാഗം എന്നിവർ സർവസജ്ജമായി കാത്തിരുന്നു.

ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും സജ്ജീകരണം ഒരുക്കി. അഞ്ചരയോടെ എത്തുമെന്നു അറിയിച്ചു. എന്നാൽ സാങ്കേതിക പ്രശ്നം അറിയിച്ചു ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടതായി കലക്ടറെ അറിയിച്ചു. 

തുടർന്നു നഗരത്തിൽ ഒരുക്കിയ ക്രമീകരണം പിൻവലിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കു ശേഷം കോഴിക്കോട് എത്തിക്കാനാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com