അമ്പലക്കുന്ന് കോളനിയിൽ ജലക്ഷാമം രൂക്ഷമായി
Mail This Article
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ ജലസ്രോതസ്സുകൾ വറ്റി, ജലക്ഷാമം രൂക്ഷം. കോളനി നിവാസികൾ ആശ്രയിച്ചിരുന്ന അമ്പലക്കുന്ന് തോട് വറ്റിയതോടെ നീരുറവയിൽ പൈപ്പിട്ടാണ് ഇപ്പോൾ നാമമാത്രമായ വെള്ളം ലഭിക്കുന്നത്. നീരുറവയും വറ്റാറായ നിലയിലാണ്. ഇലകൾ ഉൾപ്പെടെ വീണ് നീരുറവ മലിനമായി. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്ന തോട്ടിൽ നിന്നാണ് കോളനിക്കാർ കുടിവെള്ളം ശേഖരിക്കുന്നത്.
കോളനിയിൽ 15 കുടുംബങ്ങളിലായി 60 പേർ താമസിക്കുന്നുണ്ട്. കോളനിയുടെ സമീപത്ത് വനം വകുപ്പ് 2 വർഷം മുൻപ് കുളം നിർമിച്ചെങ്കിലും ഇപ്പോൾ ഇലകൾ വീണ് മലിനമായി. കുളത്തിൽ പാറ ഉള്ളതിനാൽ കൂടുതൽ ജലം സംഭരിക്കാൻ സാധിക്കില്ല. ജീവകാരുണ്യ പ്രവർത്തകയുടെ നേതൃത്വത്തിൽ രണ്ടര വർഷത്തിനു മുൻപ് കോളനിയിൽ കുഴൽ കിണർ നിർമിച്ചെങ്കിലും ഇപ്പോൾ വെള്ളം ലഭിക്കുന്നില്ല.
മോട്ടർ പ്രവർത്തിക്കാൻ പ്രത്യേക വൈദ്യുതി കണക്‌ഷൻ എടുക്കാത്തതും പമ്പ് ഹൗസ് സ്ഥാപിക്കാത്തതും പ്രശ്നമായി. ഉദ്ഘാടന സമയത്ത് മാത്രമാണ് മോട്ടർ പ്രവർത്തിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം കോളനിയിൽ ലഭിക്കുന്നില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു.