ADVERTISEMENT

കോഴിക്കോട്∙ ദേശീയപാതയിൽ 6 വരി നിർമാണവുമായി ബന്ധപ്പെട്ട് വേങ്ങേരി മുതൽ മലാപ്പറമ്പ് പാച്ചാക്കിൽ വരെ 3 ഇടങ്ങളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കാൻ ഇനിയും വൈകും. 1,100 മീറ്ററിൽ മാറ്റി സ്ഥാപിക്കുന്നതിനായി 61 പൈപ്പുകൾ ആവശ്യമാണ്. ഇതുവരെ ഗുജറാത്തിൽ നിന്നു 44 പൈപ്പുകൾ എത്തി. ഈ ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ 'ഇൽ അയണിങ് കോട്ടിങ്' നടത്തിയ ശേഷമേ മണ്ണിനടിയിൽ സ്ഥാപിക്കാൻ കഴിയൂ. കോട്ടിങ് പ്രവർത്തനം ഇന്നലെ മൊകവൂരിൽ ആരംഭിച്ചു. കർണാടകയിൽനിന്നാണ് യന്ത്രം കഴിഞ്ഞ ദിവസം മൊകവൂരിൽ എത്തിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, കൂർഗ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് കോട്ടിങ് പ്രവൃത്തി നടക്കുന്നത്.

ഓരോ പൈപ്പും കോട്ടിങ്ങിനു ശേഷം 7 ദിവസം കഴിഞ്ഞേ ഉപയോഗിക്കാൻ കഴിയൂ. ഒരു ദിവസം 6 പൈപ്പുകളാണ് കോട്ടിങ് നടത്തുന്നത്. ഇത്തരത്തിൽ 61 പൈപ്പുകളും കോട്ടിങ് നടത്തി ജലവിതരണത്തിനു പാകപ്പെടുത്തി മാത്രമേ ഉപയോഗിക്കൂ. ഇതിന് 3 ആഴ്ച വേണ്ടി വരുമെന്നു കർണാടകയിലെ ഫൈസൽ കൺസ്ട്രക്‌ഷൻസ് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.

പൈപ്പിടൽ പ്രവൃത്തി വൈകുന്നതിനനുസരിച്ച് വേങ്ങേരി ഓവർപാസ് നിർമാണം വൈകുമെന്നു ദേശീയപാത അധികൃതർ പറഞ്ഞു. പെരുവണ്ണാമൂഴിയിൽ നിന്നു നഗരത്തിലെ 9 ജല സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളാണിവ. ബൈപാസിൽ വേങ്ങേരി ജംക്‌ഷൻ, വേദവ്യാസ – പ്രോവിഡൻസ് കോളജ് റോഡ് ജംക്‌ഷൻ, മലാപ്പറമ്പ് ജംക്‌ഷൻ, പാച്ചാക്കിൽ എന്നിവിടങ്ങളിലായാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നത്.

മൊത്തം 34 കോടി രൂപയാണ് ചെലവ്. ജനുവരിയിൽ വേങ്ങേരി ജംക്‌ഷനിൽ ഓവർപാസ് രണ്ടാംഘട്ടം ആരംഭിക്കുന്നതിനായി മണ്ണു നീക്കം ചെയ്യുന്നതിനിടയിലാണ് ജപ്പാൻ കുടിവെള്ള പൈപ്പ് തടസ്സമായത്. ഇതോടെ ഓവർപാസ് നിർമാണം നിർത്തിവയ്ക്കുകയായിരുന്നു. ശേഷം ജല അതോറിറ്റിയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും എത്തി രൂപരേഖ മാറ്റി കഴിഞ്ഞയാഴ്ചയാണ് തുടർ പ്രവൃത്തിക്കു അനുമതി നൽകിയത്.

വേങ്ങേരി ബൈപാസ് ജംക്‌ഷനിൽ താൽക്കാലികമായി നിർമിക്കുന്ന ഓവർപാസിന്റെ ഒരു ഭാഗത്തെ നിർമാണ പ്രവൃത്തി ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജോലിക്കാർ ബുധനാഴ്ചയോടെ എത്തും. തുടർന്നു പാലത്തിനുള്ള വടക്കുഭാഗത്തെ 4 തൂണുകൾക്കുള്ള അടിത്തറയുടെ ജോലി തുടങ്ങും. 4 തൂൺ പൂർത്തിയാക്കി ഗർഡർ സ്ഥാപിച്ച് 12 മീറ്റർ വീതിയിൽ പാലം നിർമിക്കും. കുടിവെള്ള പൈപ്പ് മാറ്റിയ ശേഷം ബാക്കി ഭാഗം പൂർത്തീകരിക്കാനാണ് പദ്ധതി.

ഇൽ അയണിങ് കോട്ടിങ്
ഇരുമ്പ് പൈപ്പിൽ വെള്ളം ഒഴുകി കാലക്രമേണ തുരുമ്പു വരും. പൈപ്പിന്റെ കാലാവധി ദീർഘിപ്പിക്കാനാണ് 'ഇൽ അയണിങ് കോട്ടിങ്'. എം സാ‍ൻഡ്, സിമന്റ് മിശ്രിതം എന്നിവ പൈപ്പിനകത്ത് സ്പ്രേ ചെയ്യും. പൈപ്പിനുള്ളിൽ ഒരു ഇഞ്ച് കനത്തിലാണ് കോട്ടിങ്. ഇതുമൂലം 50 വർഷം കഴിഞ്ഞാലും പൈപ്പ് വെള്ളം ഒഴുകി തുരുമ്പെടുക്കില്ല.

English Summary:

Ṇational Highway 66 Expansion Hits Roadblock: Essential Japan Drinking Water Pipeline Replacement Faces Delays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com