രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 10 കിലോ കഞ്ചാവുമായി മാങ്കാവ് സ്വദേശി അറസ്റ്റിൽ
Mail This Article
രാമനാട്ടുകര ∙ നഗരത്തിൽ ബൈപാസ് ജംക്‌ഷൻ മേൽപാലത്തിനു സമീപം വൻ ലഹരി വേട്ട. 10 കിലോ കഞ്ചാവുമായി മാങ്കാവ് കടുപ്പിനി ഒആർബി ഹൗസിൽ ഹക്കീം റഹ്മാനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഡപ്യൂട്ടി കമ്മിഷണർക്കു കീഴിലെ ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണു വൻതോതിൽ കഞ്ചാവ് പിടികൂടിയത്.പ്രതി സഞ്ചരിച്ച സ്കൂട്ടറും 2 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു. നഗരം കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കു തടയിടാൻ നടത്തുന്ന ശ്രമത്തിനിടെ ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവര പ്രകാരമാണ് അറസ്റ്റ്.
നഗരത്തിൽ നിന്നു പരിചയപ്പെട്ട ആൾ മുഖേന കൊണ്ടോട്ടിയിൽ നിന്നാണു കഞ്ചാവ് എത്തിച്ചതെന്നു പ്രതി മൊഴി നൽകി. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയായ രാമനാട്ടുകര കേന്ദ്രീകരിച്ചു വൻതോതിൽ ലഹരി കൈമാറ്റം നടക്കുന്നതായി പൊലീസിനു വിവരമുണ്ട്.ഡാൻസാഫ് എസ്ഐ മനോജ് എടയടത്ത്, സീനിയർ സിപിഒ അഖിലേഷ് കുമാർ, സിപിഒമാരായ ജിനീഷ് ചൂലൂർ, സുനോജ് കാരയിൽ, ഫറോക്ക് എസ്ഐ ആർ.എസ്.വിനയൻ, സീനിയർ സിപിഒ കെ.സുധീഷ്, സിപിഒമാരായ പി.പ്രജിത്ത്, എം.സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.