കോഴിക്കോട് രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടിയ സംഭവം: ഒരാൾ പിടിയിൽ
Mail This Article
കോഴിക്കോട്∙ ബെഗളൂരുവിൽ നിന്നും വിൽപനയ്ക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ ഷാജി (23) നെ ബംഗളൂരുവിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.
കഴിഞ്ഞ മാസം മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ മാരക മയക്ക് മരുന്നുകൾ പിടികൂടിയിരുന്നു. പൊലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി.എം. എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തു രണ്ട് കോടിയിലധികം വിലവരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഷൈൻ പൊലീസ് പിടി കൂടാതിരിക്കാൻ, ഗോവ, ഡൽഹി, അരുണാചൽ, ബെഗളൂരു എന്നിവിടങ്ങളിൽ മാറി താമസിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് ആർക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും, പൊലീസിനെ ഏറെ കുടുക്കി. എന്നാൽ, ഇയാൾ ബന്ധപെടാൻ സാധ്യതയുള്ള ആളുകളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അതി സാഹസികമായി ഇയാളെ പിടികൂടിയത്.