ADVERTISEMENT

ചേവായൂർ∙ കഴിഞ്ഞവർഷം മാർച്ചിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ സൂപ്പർ സ്‌പെഷ്യൽറ്റി കോംപ്ലക്‌സ് (പിഎംഎസ്എസ്‌വൈ ബ്ലോക്ക്) പ്രവർത്തനം തുടങ്ങിയത് ഒരു തസ്തിക പോലും സൃഷ്ടിക്കാതെ. ജീവനക്കാരുടെ ക്ഷാമം നേരിടുന്ന എംസിഎച്ചിൽനിന്നു ജീവനക്കാരെ മാറ്റിയാണ് ഇവിടത്തെ പ്രവർത്തനം നടത്തുന്നത്. 

പിഎംഎസ്എസ്‌വൈ ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ 700 ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് ആശുപത്രി അധികൃതർ ഡിഎംഇക്ക് കഴിഞ്ഞ ഏപ്രിലിൽ നിവേദനം നൽകിയിരുന്നു. നടപടിയൊന്നും ആയിട്ടില്ല. ഇതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

1996 ആരംഭിച്ച സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്കിൽ 2016ൽ 250 തസ്തിക അനുവദിച്ചതാണ് അവസാനമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് നടന്ന ജീവനക്കാരുടെ വിന്യാസം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള തസ്തികയും ഉൾപ്പെടുന്ന ഇതിൽ 175 പേർ നഴ്‌സുമാരാണ്.

നഴ്‌സ് രോഗി അനുപാതം വേണ്ടത് 1:4, നിലവിൽ 1:40 
ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ ചട്ടങ്ങൾ പ്രകാരം നഴ്‌സ്  രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കൽ കോളജ് ആ ശുപത്രിയിൽ ഇത് 1:40 ആ ണ്. ഇത് 1:10 എങ്കിലുമാക്കി പുനഃക്രമീകരിക്കുകയാണെങ്കിൽ രോഗികൾക്ക് ആവശ്യമായ പരിചരണം ലഭ്യമാകുമെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.

8 ചികിത്സാ കേന്ദ്രങ്ങൾ; ഉള്ളത് 500 നഴ്‌സുമാർ
∙അത്യാഹിതവിഭാഗം അടങ്ങുന്ന പിഎംഎസ്എസ്‌വൈ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക്, ടേർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സ്‌പോർട്‌സ് മെഡിസിൻ, പെയിൻ ആൻഡ് പാലിയേറ്റീവ്, നെഞ്ചുരോഗാശുപത്രി, സംരക്ഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ വിന്യസിക്കുന്നത് എംസിഎച്ചിൽ നിന്നാണ്. 

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങൾക്ക് മുൻപ് നടത്തിയ പഠനപ്രകാരം 1004 ഹെഡ് നഴ്‌സുമാർ, 4008 നഴ്‌സിങ് ഓഫിസർമാർ, 937 നഴ്‌സിങ് അസിസ്റ്റന്റുമാർ, 1669 ഹോസ്പിറ്റൽ അസിസ്റ്റന്റുമാർ (അറ്റൻഡർമാർ) എന്നിങ്ങനെ തസ്തിക വേണമെന്നാണ് കണ്ടെത്തിയത്. ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ ചട്ടങ്ങളിലെ നിർദേശപ്രകാരമാണിത്. 

ഇവിടെ നഴ്‌സുമാരും ഹെഡ് നഴ്‌സുമാരും കൂടി ആകെ 500 പേരാണുള്ളത്. 200 നഴ്‌സിങ് അസിസ്റ്റന്റ്, ദിവസവേതനത്തിൽ നിയമിക്കപ്പെടുന്ന 220 പേർ എന്നിവരും ചേരുന്നതാണ് അംഗസഖ്യ. ആകെ കിടക്കകളുടെയും ഒപിയിൽ എത്തുന്ന രോഗികളുടെയും എണ്ണവും താരതമ്യപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനത്തിലെ പരിമിതികൾ വ്യക്തമാക്കുന്നതായിരുന്നു പഠനം. 

എംസിഎച്ചിലെ ആകെ കിടക്കകൾ 2490, ദിവസം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവർ 2500 ആണ്.  ഒപിയിൽ ചികിത്സ തേടി എത്തുന്നവർ 3700, അത്യാഹിത വിഭാഗത്തിൽ 600 പേരും. കൂടുതൽ പരിചരണം ആവശ്യമുള്ള ഐസിയു കിടക്കകൾ എംസിഎച്ചിൽ 106, സൂപ്പർ സ്‌പെഷ്യൽറി 102, പിഎംഎസ്എസ്‌വൈ 200, ടിസിസി 5 എന്നിങ്ങനെയാണ്. 

മെഡിസിൻ വാർഡുകളിലെ 35 ബെഡുകളിൽ 80നും 100നും ഇടയിൽ രോഗികളെത്തുമ്പോൾ വരാന്തയിൽ കിടക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. 6 നഴ്‌സുമാരാണ് 3 ഷിഫ്റ്റുകളായി ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com