ADVERTISEMENT

ചേവായൂർ ∙ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് വിവിധ ലാബ് പരിശോധനകളുടെ ഫലത്തിന് കാത്തിരിക്കേണ്ടത് അഞ്ചും ആറും മണിക്കൂറുകൾ. മെഡിസിൻ, ഓർത്തോ, സർജറി, കണ്ണ് രോഗം, ഉദരരോഗവിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് നിർദേശിക്കുന്ന സാംപിളുകളുടെ ഫലം ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി ലാബുകളിൽനിന്നു മണിക്കൂറുകൾ കഴിഞ്ഞാണു ലഭിക്കുന്നത്.

മൈക്രോബയോളജി ലാബിൽനിന്നു കൾച്ചർ നടത്തുന്ന ഫലം 3 ദിവസം കഴിഞ്ഞാണ് ലഭിക്കുക. ആദ്യം സാംപിളുകൾ സ്വീകരിക്കുന്ന കൗണ്ടറിൽ മണിക്കൂറുകൾ വരിനിന്നശേഷം സമയം രേഖപ്പെടുത്തിയ ടോക്കൺ നൽകും. വീണ്ടും മണിക്കൂറുകൾ കഴിഞ്ഞ് ഫലം ലഭിക്കുമ്പോഴേക്കും ഒപി സമയം കഴിഞ്ഞിരിക്കും. അതോടെ, തുടർചികിത്സക്കായി അടുത്ത ദിവസത്തെ ഒപിയിലോ അത്യാഹിത വിഭാഗത്തിലോ പോകണം. എംസിഎച്ചിലെ ലാബുകളിൽ ടെസ്റ്റുകൾ സൗജന്യമാണ്. അത്യാഹിത വിഭാഗത്തിലെ സാംപിൾ അവിടെ തന്നെയുള്ള എച്ച്ഡിഎസ് ലാബിൽ പരിശോധിക്കും, അതിനു പണം കൊടുക്കണം.

പേരാമ്പ്രയിൽനിന്നു രാവിലെ 6.30ന് എത്തിയ എഴുപതുകാരന് 11ന് ലഭിച്ചത് 522-ാം നമ്പർ ടോക്കൺ. ഫലം ലഭിച്ചത് 3 മണിക്ക്. ചികിത്സയ്ക്ക് ഇനി അടുത്ത ഒപി ദിവസം വീണ്ടും വന്ന് ഡോക്ടറെ കാണണം. ഭാര്യയ്ക്ക് ഉദരരോഗവുമായി രാവിലെ 7ന് എത്തിയ കോവൂർ സ്വദേശിക്കു ഡോക്ടർ നിർദേശിച്ച 4 ടെസ്റ്റുകൾ നടത്തി ഫലം ലഭിച്ചത് 2 മണിക്ക്. ലാബിന്റെ കൗണ്ടറിനു മുന്നിൽ രോഗികൾ ക്യൂ നിൽക്കുന്ന വരാന്തയിലെ തിരക്കിനിടയിലൂടെയാണ് തൊട്ടടുത്തുള്ള എല്ലുരോഗ വിഭാഗം ഒപിയിലേക്കുള്ള രോഗികളെ സ്‌ട്രെചറിലും വീൽചെയറിലും കൊണ്ടുപോകുന്നത്.

ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി, മൈക്രോബയോളജി ലാബുകളിൽ നിത്യേന രക്തം, മൂത്രം, കഫം, സ്രവം പരിശോധനകൾക്കായി എത്തുന്നത് ആയിരത്തിലെേറെപ്പേർ. 76, 77, 78 വാർഡുകളിലെ ലാബുകളിലാണ് ബയോകെമിസ്ട്രി, പത്തോളജി, മൈക്രോബയോളജി വിഭാഗങ്ങളിലെ എല്ലാ പരിശോധനയും നടത്തുന്നത്. 77ലെ ലാബിൽ രക്തത്തിലെ പ്രമേഹം, കരൾ, വൃക്ക സംബന്ധമായ 7 ടെസ്റ്റുകളാണ് നടത്തുന്നത്. 

ദിവസം പരിശോധനയ്ക്കായി എത്തുന്ന രോഗികളിൽ ഭൂരിഭാഗം പേർക്കും ഏഴും എട്ടും ടെസ്റ്റുകൾ നടത്താനുണ്ടാകും. പത്തോളജി ലാബിൽ ഇഎസ്ആർ, സിബിസി തുടങ്ങി 5 ടെസ്റ്റുകൾ നടത്താനുണ്ടാകും. മൈക്രോബയോളജി- സെറ്റോളജി ലാബിൽ രക്തം, കഫം, പഴുപ്പ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ടെസ്റ്റുകളും നടത്തുന്നു. ദിവസേനെ 1500 രോഗികൾക്ക് പതിനായിരത്തിലേറെ ടെസ്റ്റുകൾ നടത്തുന്നു. ഐഎംസിഎച്ച്, ചെസ്റ്റ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി, ഡെന്റൽ കോളജ്, മെഡിക്കൽ കോളജിലെ ഒപി കൂടാതെ കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ സാംപിളും പരിശോധനയ്ക്ക് എത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com