ADVERTISEMENT

കോഴിക്കോട്∙ ഡിസംബറോടെ തീരേണ്ട ദുരിതയാത്രയായിരുന്നു ദേശീയപാത 66ൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ. 28.400 കിലോമീറ്റർ ദേശീയപാത 6 വരിയായി പുനർനിർമിക്കുന്ന പ്രവൃത്തി 82% പൂർത്തിയായതായി കരാറുകാർ അവകാശപ്പെടുമ്പോഴും  ശേഷിക്കുന്ന ഭാഗങ്ങളിൽ ജനം നേരിടുന്ന ദുരിതങ്ങൾക്കും അപകടഭീതിക്കും പരിഹാരമില്ല. വെങ്ങളം മുതൽ രാമനാട്ടുകര വരെ 28 കേന്ദ്രങ്ങളിലാണ് ബൈപാസ് പ്രവൃത്തി. മഴ തുടങ്ങിയതോടെ ഇവിടങ്ങളിലെല്ലാം നിർമാണം മന്ദഗതിയിലാണ്. 

വെങ്ങളം മേൽപാലത്തിന്റെ പണി 89 ശതമാനവും പൂർത്തിയായി. വെങ്ങളം തല്ലടത്താഴം അടിപ്പാത ആയിരക്കണക്കിനു യാത്രക്കാരുടെ ആശ്രയമായിരുന്നു. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ഇതു പുനർനിർമിച്ചെങ്കിലും അടച്ചിട്ടിരിക്കുകയാണ്. അതോടെ ഇരുഭാഗത്തേക്കും പോകാൻ അപകടകരമായ നിലയിൽ ബൈപാസ് കുറുകെ കടക്കണം. ഇന്നലെ ബൈപാസിനു കിഴക്കുഭാഗത്തെ സർവീസ് റോഡിൽ സ്കൂട്ടർ യാത്രക്കാർ അപകത്തിൽനിന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ടാങ്കർ ലോറി ബൈപാസിന്റെ അരികു മതിലിൽ ഇടിച്ചു. 

പൂളാടിക്കുന്നിൽ 60% പ്രവൃത്തി പൂർത്തിയായി. പൂളാടിക്കുന്ന് ജം‌ക്‌ഷനിൽ അതീവശ്രദ്ധയോടെ കടന്നുപോയില്ലെങ്കിൽ അപകടം ഉറപ്പാണ്. മാളിക്കടവ് ജംക്‌ഷനിൽ പുതിയ അടിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നിലവിലുള്ള അടിപ്പാതയിൽ കെട്ടിടക്കുന്ന വെള്ളത്തിലൂടെയാണ് യാത്ര. ഇവിടെ വൺവേ ആക്കിയിട്ടുണ്ടെങ്കിലും വൈകിട്ട് മണിക്കൂറുകളോളം അഴിയാക്കുരുക്കാണ്. വേങ്ങേരി ജംക്‌ഷൻ അടച്ചതോടെ തിരിച്ചുവിട്ട ഗതാഗതം കടന്നുപോകുന്ന കണ്ണാടിക്കൽ റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നു.

വേങ്ങേരി ജംക്‌ഷനിലെ ദുരിതം സമാനതകളില്ലാത്തതാണ്. ഒറ്റവരി ഗതാഗതം അനുവദിച്ച ഈ റോഡ് മഴ തുടങ്ങിയതോടെ ചെളിക്കുളമാണ്. ഇവിടെ ജപ്പാൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. തടമ്പാട്ടുതാഴം ഭാഗത്തുനിന്നു വരുന്ന വെഹിക്കിൾ ഓവർപാസ് പാതിഭാഗം മാത്രം നിർമിച്ച് കോഴിക്കോട്–ബാലുശ്ശേരി റൂട്ടിൽ 2 വരി ഗതാഗതത്തിനു തുറക്കാൻ പാകത്തിൽ പ്രവൃത്തി നടക്കുന്നുണ്ട്. ഓഗസ്റ്റ് ആദ്യവാരം പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രോവിഡൻസ് കോളജ് ജംക്‌ഷനിലാണ് മറ്റൊരു അഴിയാക്കുരുക്ക്. ഇവിടെ വേദവ്യാസ സ്കൂൾ ജംക്‌ഷനിലെ അടിപ്പാത അടച്ചതോടെയാണ് ഗതാഗതം കുരുക്കായത്. അടിപ്പാത വഴി മലാപ്പറമ്പ് ജംക്‌ഷനിലേക്ക് എത്തുന്ന വഴി അടഞ്ഞതോടെ അതുവഴി പോയിരുന്ന വാഹനങ്ങളും ബൈപാസിലേക്ക് കടന്നു. ജപ്പാൻ പൈപ്പ് മാറ്റാനും 6 വരി ബൈപാസിനൊപ്പം വീതി കൂട്ടാനുമാണ് അടിപ്പാത അടച്ചിട്ടത്. 

തടസ്സം വേങ്ങേരി, മലാപ്പറമ്പ്  ജംക്‌ഷനുകളിൽ
വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്ററിൽ 6 വരിയായി കോഴിക്കോട് ബൈപാസ് നിർമിക്കാൻ കരാർ പ്രകാരം അനുവദിച്ച സമയം 2024 ഡിസംബർ 26 ആണ്. വേങ്ങേരി, മലാപ്പറമ്പ് ജംക്‌ഷനുകളിലെ പ്രവൃത്തി ഒഴികെ ബാക്കിയെല്ലാം നിർദിഷ്ട സമയത്തിനകം പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ അവകാശപ്പെടുന്നു. വേങ്ങേരി ജംക്‌ഷനിൽ ജപ്പാൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്ന പ്രവൃത്തിയാണ് ദേശീയപാത നിർമാണത്തിനു തടസ്സമായി മാറിയത്.

അഴിയാക്കുരുക്ക് ദിവസവും
നഗരത്തിലേക്കുള്ള യാത്രയിലും നഗരത്തിൽനിന്നുള്ള യാത്രയിലും ദിവസവും മണിക്കൂറുകളോളം അഴിയാക്കുരുക്ക് രൂപപ്പെടുന്നത് ഹൈലൈറ്റ് മാളിനു മുന്നിലാണ്. ഇതു പരിഹരിക്കാൻ 6 വരി ബൈപാസിന്റെ ഭാഗമായി ഇവിടെ മേൽപാലം പൂർത്തിയാക്കി. എന്നാൽ അപ്രോച്ച് റോ‍ഡ് നിർമാണം ഇഴയുന്നതിനാൽ പാലം തുറക്കാനായിട്ടില്ല. ഇതിനോടൊപ്പം നിർമാണം തുടങ്ങിയ മേൽപാലങ്ങളെല്ലാം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. അപ്രോച്ച് റോഡു നിർമാണത്തിനു തടസ്സമായ പാറ പൊട്ടിച്ചുനീക്കി വരികയാണ്. തൊട്ടടുത്ത കെട്ടിടങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ചെറിയ ഭാഗങ്ങളായി മുറിച്ചു നീക്കുകയാണ്. 

English Summary:

National highway 66 construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com