കൊയിലാണ്ടിക്കാരുടെ വിധി ട്രെയിനുകൾ നോക്കിനിൽക്കാൻ മാത്രം, കയറാൻ കോഴിക്കോട് ചെല്ലണം
Mail This Article
കൊയിലാണ്ടി∙ കൂകിപ്പാഞ്ഞു പോകുന്ന ട്രെയിനുകൾ നോക്കിനിൽക്കാനാണ് കൊയിലാണ്ടിക്കാരുടെ വിധി. അതൊന്നു മാറ്റിയെടുക്കാൻ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി വിചാരിക്കണം. ഇന്റർസിറ്റി എക്സ്പ്രസുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിൽ പച്ചക്കൊടി കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുളള പ്രധാന സ്റ്റേഷനായ കൊയിലാണ്ടിയിൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിനും മംഗളൂരു -കോയമ്പത്തൂർ ഇന്റസിറ്റി എക്സ്പ്രസിനും സ്റ്റോപ് ഇല്ല.
കോഴിക്കോടും വടകരയിലും ഈ വണ്ടികൾ നിർത്തുന്നുണ്ടെന്ന കാരണം പറഞ്ഞാണ് സ്റ്റോപ് അനുവദിക്കാത്തത്. കൊയിലാണ്ടിയിൽ നിന്നു വടകരയിലേക്കും കോഴിക്കോട്ടേക്കും 25 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. കൊയിലാണ്ടിയിൽനിന്നുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കോഴിക്കോട്ടോ വടകരയിലോ എത്തണം.
ഷൊർണൂർ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരു മണിക്കുളള മംഗളൂരു –കോയമ്പത്തൂർ പാസഞ്ചർ കഴിഞ്ഞാൽ 4.40ന് മംഗളൂരു -ചെന്നൈ മെയിലിനേ സ്റ്റോപ്പുള്ളൂ. ഇതിനിടയിലാണ് ഇന്റർസിറ്റി ട്രെയിനുകൾ പോകുന്നത്. തിരുവനന്തപുരം-ലോകമാന്യ തിലക്(മുംബൈ), നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്കും കൊയിലാണ്ടിയിൽ സ്റ്റോപ് അനുവദിക്കണമെന്ന് നേരത്തേ കെ.മുരളീധരൻ എംപി ആയിരിക്കെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടിരുന്നു.
നേത്രാവതി, വെസ്റ്റ്കോസ്റ്റ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുക, മുഴുവൻ സമയ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, പന്തലായനി എച്ച്എസ്എസിനു സമീപം നടപ്പാലം അനുവദിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.