അരൂർ– തുറവൂർ ഉയരപ്പാത: മഴ പെയ്താൽ ചെളിക്കുളം, വെയിലായാൽ കാഴ്ച മറയ്ക്കും പൊടിക്കാറ്റ്
Mail This Article
തുറവൂർ∙ മഴ പെയ്താൽ പാതയിൽ വെള്ളക്കെട്ട് ചെളിക്കുളവും, വെയിൽ തെളിഞ്ഞാൽ കാഴ്ച മറയ്ക്കുന്ന വിധം പൊടിയും. ദേശീയപാതയിൽ തുറവൂർ–ഒറ്റപ്പുന്ന പാതയിലാണു യാത്രക്കാരെ വലയ്ക്കുന്ന പൊടിശല്യം രൂക്ഷമായത്. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രികരും വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയിൽ വിഷമിക്കുകയാണ്. തുറവൂർ മുതൽ ഒറ്റപ്പുന്ന വരെയുള്ള ഭാഗങ്ങളിൽ ചരക്കുവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അസഹ്യമായ പൊടിയാണ് ഉയരുന്നത്.
തുറവൂർ ജംക്‌ഷനു തെക്കുഭാഗത്തു നിന്നു തുടങ്ങി പൊന്നാംവെളി വരെ 2 കിലോ മീറ്റർ ഭാഗത്താണ് പൊടിശല്യം ഏറെയുള്ളത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ ഉയരുന്ന പൊടി ബസ് യാത്രികരെയും വലയ്ക്കുന്നുണ്ട്. തുറവൂർ ജംക്‌ഷൻ മുതൽ ആലക്കാപറമ്പ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ സഞ്ചരിച്ച് പൊടി ഉയരുമ്പോൾ മുൻപിൽ പോകുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന പ്രതീതിയാണ്.
പാതയോരത്തെ തട്ടുകടകളിൽ ഭൂരിഭാഗവും പൊടി രൂക്ഷമായതോടെ പൂട്ടി. വ്യാപാര സ്ഥാപനങ്ങളിൽ വിൽപനക്കായി അടുക്കിയ സാധനങ്ങളിൽ പൊടിപിടിച്ച് ഉപയോഗ ശൂന്യമായ വിധം തോന്നിക്കുന്നതിനാൽ വാങ്ങാനാളില്ല. ഇത് കച്ചവടത്തെ സാരമായി ബാധിക്കുന്നതായി വ്യാപാര സ്ഥാപനങ്ങളിലെ ഉടമകൾ പറഞ്ഞു. ചില കച്ചവട സ്ഥാപനങ്ങൾ കടയ്ക്കു മുന്നിൽ വെള്ളം പമ്പ് ചെയ്ത നനയ്ക്കുന്നുണ്ട്. എന്നാൽ വെയിലിന്റെ ചൂടിൽ പെട്ടെന്ന് തന്നെ വരണ്ടുണങ്ങും.