ADVERTISEMENT

കോഴിക്കോട്∙ നാട്ടില്‍ ഏതൊരു പ്രശ്‌നത്തിനും ആശ്രയിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അവരെ പിന്തുണക്കുന്നതില്‍ സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് കെ.എം.ഷാജി. സര്‍ക്കാരായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്. എന്നാല്‍ പ്രാവസികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും സര്‍ക്കാരുകളും നിസ്സംഗത പുലര്‍ത്തുന്നു. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണമാക്കുന്നത്.

എയര്‍ ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്. ഒരാഴ്ചയില്‍ ഒരു ലക്ഷത്തി മുപ്പത്തിനാലായിരം പേര്‍ക്ക് ദുബായില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമായന കരാര്‍. ഈ നിരക്ക് ഉയര്‍ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ് ഇന്ത്യയോട് യുഎഇ ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ കാരണം ഇതു സാധ്യമാവാതെ വരുന്നു.

കൂടുതല്‍ സര്‍വീസുകളുണ്ടായാല്‍ വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തെയടക്കം തകര്‍ത്തത് അവിടെ പോര്‍ട്ടര്‍മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ഇന്ന് ആളുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോലും ഭയമുണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. സർക്കാരുകളുടെ പിടിപ്പുകേട് മാത്രമാണ് എല്ലായിടത്തെയും പ്രശ്‌നം.

കേരള സര്‍ക്കാര്‍ നാടൊട്ടുക്കും വലിയ ഹോര്‍ഡിങ്‌സുകള്‍ വച്ച് കൊട്ടിഘോഷിക്കുന്ന കേരള സഭയും ഈ വിഷയത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ല. പ്രവാസികളിലെ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞു പോവുകയല്ലാതെ, വിമാന നിരക്ക് കൊള്ളയടി പോലെ പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതും ലജ്ജാകരമാണ്. അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്ലൈറ്റ് കാന്‍സലുകള്‍ നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്‍ കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com