ADVERTISEMENT

വടകര∙  മൂന്നു ദിവസമായി കണ്ണൂർ– കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. കെ. കെ. രമ എം.എൽ.എയുമായി തൊഴിലാളികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ വെള്ളക്കെട്ടും കുഴികളുമാണ്. ഇത് പരിഹരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി റീജിയണൽ ഓഫിസറുമായി എം.എൽ.എ നടത്തിയ ചർച്ചയിൽ പാതയിലെ വലിയ കുഴികൾ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പു നൽകി.

കൂടാതെ വടകര പെരുവാട്ടും താഴ ജംക‍്ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് സ്വീകരിക്കും. കൂടാതെ പയ്യോളിയിൽ പണി പൂർത്തിയായ പാതയിൽ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും.

ഇപ്പോൾ സർവീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. കൂടാതെ ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണുമെന്നും ദേശിയ പാത അതോറിറ്റി അറിയിച്ചു.

സമരം തുടങ്ങിയ ഘട്ടത്തിൽ തന്നെ വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ എം.എൽ.എ മുൻകൈ എടുത്തിരുന്നു. നേരത്തെ ആർ.ഡി.ഒ ഓഫീസിൽ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും, ബന്ധപ്പട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഇത് സംബന്ധിച്ചു എം. എൽ. എ വിളിച്ചു ചേർത്തിരുന്നു.

കൂടാതെ കഴിഞ്ഞയാഴ്ച ഈ വിഷയം എം.എൽ.എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു. വകുപ്പുതലത്തിലുള്ള ഇടപെടലുകളും വേഗത്തിലാക്കുമെന്ന് തൊഴിലാളി സംഘടനപ്രതിനിധികളെ എം.എൽ.എ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com