റോഡുകളിലെ കുഴിയെണ്ണാൻ പൊലീസ്; ഇതിലും എളുപ്പം ആകാശത്തിലെ നക്ഷത്രമെണ്ണുന്നത്!
Mail This Article
കോഴിക്കോട്∙ തകർന്നു കിടക്കുന്ന റോഡുകളിലെ കുഴിയെണ്ണാനും പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലെയും പ്രധാന റോഡുകളിൽ എവിടെയൊക്കെ അപകടകരമായ കുഴികളുണ്ടെന്ന് നോക്കി റിപ്പോർട്ട് ചെയ്യാനാണു പൊലീസിനു നിർദേശം ലഭിച്ചത്. ഓഗസ്റ്റ് വരെ അതിശക്തമായ മഴയുണ്ടാകുമെന്നും അത്യാഹിതങ്ങളും അപകടങ്ങളും തടയാൻ പൊലീസ് കരുതിയിരിക്കണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ എല്ലാ പൊലീസ് ജില്ലാ മേധാവികൾക്കു നിർദേശം നൽകിയത്. ഈ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സ്റ്റേഷൻ പരിധികളിലെ കുഴികൾ കണ്ടെത്താൻ ആവശ്യപ്പെട്ടത്.
സ്റ്റേഷൻ പരിധികളിലെ അതീവ ഗുരുതര സ്വഭാവമുള്ള കുഴികൾ കണ്ടെത്തി അതതു വകുപ്പിനെ വിവരം അറിയിക്കും. സിറ്റി പൊലീസ് ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഇതു സംബന്ധിച്ചുള്ള വിവരശേഖരണം ഇന്നലെ തുടങ്ങി. അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ അന്തിമ കണക്ക് വ്യക്തമാക്കി തുടർ നടപടികൾ എടുക്കും.
കുഴികൾ മാത്രമല്ല, അപകടാവസ്ഥയിലുള്ള പരസ്യബോർഡുകളുടെ കണക്കും എടുക്കുന്നുണ്ട്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള പരസ്യബോർഡുകൾ ബലപ്പെടുത്തണം, ബലപ്പെടുത്താൻ പറ്റാത്തവ അഴിച്ചു മാറ്റണം. അപകട സാധ്യതയുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മഴക്കെടുതി മുന്നൊരുക്കങ്ങൾ നല്ലതാണെങ്കിലും കുഴിയെണ്ണുന്നത് അൽപം കടന്ന കയ്യാണെന്നാണ് പൊലീസിനുള്ളിലെ അഭിപ്രായം. പൊതുമരാമത്ത് റോഡുകൾ പരിശോധിച്ചു നടത്തേണ്ട മുന്നൊരുക്കവും പൊലീസിന്റെ തലയിൽ വയ്ക്കുന്നതിനെതിരെയാണു പ്രതിഷേധം. പൊതുവേ ജോലി ഭാരം കൊണ്ടു വലഞ്ഞ പൊലീസിനെ കൊണ്ട് അധിക ജോലി എടുപ്പിക്കുന്ന പരിപാടിയാണെന്നും പൊലീസുകാർ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം സർക്കാരിനെ നേർവഴിക്കു നയിക്കാൻ സിപിഎം തയാറാക്കിയ മാർഗ രേഖയിൽ പ്രധാന പ്രശ്നങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത് റോഡുകളുടെ തകർച്ചയാണ്. കാലവർഷക്കെടുതി മുന്നൊരുക്കങ്ങളിൽ പൊലീസും പറയുന്നുണ്ട് കുഴികൾ പണിയാകുമെന്ന്.