ADVERTISEMENT

കോഴിക്കോട്∙ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിലെ ചോദ്യപേപ്പറുകളിൽ തെറ്റുകളുടെ കൂമ്പാരം. ബിരുദ പ്രിലിമിനറി പരീക്ഷയിൽ മാത്രം റദ്ദാക്കിയത് 31 ചോദ്യങ്ങൾ. ഒരു മാർക്ക് പോലും നിർണായകമാകുന്ന പരീക്ഷകളിലാണ് ഉദ്യോഗാർഥികളുടെ ഭാവി തുലയ്ക്കുന്ന അശ്രദ്ധ പിഎസ്‍സിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. തന്നിരിക്കുന്ന 4 ഓപ്ഷനുകളിൽ ശരിയായ ഉത്തരം ഇല്ലെങ്കിൽ പരീക്ഷയ്ക്കു ശേഷം ഉദ്യോഗാർഥികൾ പരാതിപ്പെട്ടാൽ ആ ചോദ്യം ഒഴിവാക്കുന്നതാണു പിഎസ്‍സിയുടെ രീതി. അതിന്റെ അടിസ്ഥാനത്തിലാണു പിന്നീട് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക. മുൻകാലങ്ങളിൽ വളരെ അപൂർവമായാണ് തെറ്റുകളെ തുടർന്നു ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ 2 വർഷമായി തെറ്റുകളെ തുടർന്നു വ്യാപകമായി ചോദ്യങ്ങൾ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യമാണ്.

അതിൽ തന്നെ ബിരുദതല പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ ഞെട്ടിക്കുന്നതായിരുന്നു അന്തിമ ഉത്തരസൂചിക. 3 ഘട്ടത്തിലായി നടത്തിയ പരീക്ഷയിൽ ആദ്യ ഘട്ടത്തിൽ 8 ചോദ്യങ്ങളും രണ്ടാം ഘട്ടത്തിൽ 7 ചോദ്യങ്ങളും മൂന്നാം ഘട്ടത്തിൽ 16 ചോദ്യങ്ങളും റദ്ദാക്കി. മൂന്നാംഘട്ടത്തിലെ ആദ്യ 10 ചോദ്യങ്ങളിൽ 9 എണ്ണവും തെറ്റായതിനെ തുടർന്നു റദ്ദാക്കി. ഒരേ പരീക്ഷ 3 ഘട്ടമായി നടത്തുമ്പോൾ എല്ലാ ഘട്ടങ്ങളെയും ഏകീകരിച്ചാണ് മാർക്ക് രേഖപ്പെടുത്തുന്നത്. എന്നാൽ ഓരോ ഘട്ടത്തിലും പല എണ്ണത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നത് കട്ട് ഓഫ് മാർക്കിനെ സാരമായി ബാധിക്കുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. ബിരുദം യോഗ്യതയുള്ള തസ്തികകളിലേക്കാണ് ബിരുദതല പ്രിലിമിനറി നടത്തിയത്. എസ്ഐ അടക്കമുള്ള ഉന്നത തസ്തികകളിലേക്കായി ലക്ഷക്കണക്കിനു പേരാണ് ഈ പരീക്ഷ എഴുതിയത്. സിവിൽ സർവീസ് പരീക്ഷയുടെ നിലവാരത്തിലാണ് ഈ പരീക്ഷ നടക്കുന്നത്.

ഒരു പരീക്ഷയ്ക്ക് ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇതുപോലെ പ്രധാനപ്പെട്ട തസ്തികയിലേക്കുള്ള പരീക്ഷയ്ക്കു പോലും തെറ്റില്ലാതെ തയാറാക്കാൻ കഴിയാത്തവരാണോ ചോദ്യ കർത്താക്കൾ എന്നാണ് ആക്ഷേപം ഉയരുന്നത്. ഒരു ചോദ്യം പല  പരീക്ഷയ്ക്കു ചോദിക്കുമ്പോൾ പിഎസ്‍സി പല ഉത്തരങ്ങൾക്കു മാർക്ക് നൽകുന്നതും ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകുന്നു. ‘ഇന്ത്യൻ നാഷനൽ ആർമി രൂപീകരിച്ചത് ആര്?’ എന്ന ചോദ്യത്തിന് ഒരു പരീക്ഷയിൽ റാഷ് ബിഹാരി ബോസ് എന്ന ഉത്തരത്തിനു മാർക്ക് നൽകുമ്പോൾ മറ്റൊരു പരീക്ഷയിൽ സുഭാഷ് ചന്ദ്ര ബോസ് എന്നാണു പിഎസ്‍സിയുടെ ഉത്തരം.  പിഎസ്‌സി ചോദ്യങ്ങളുടെ മലയാള വിവർത്തനവും ഏറെ വികലമാണ്. പ്രതല ബലത്തെ ഉപരിതല വലിവ് എന്നും അടിയന്തരാവസ്ഥയെ അത്യാഹിതമെന്നുമാണ് വിവർത്തനം ചെയ്യുന്നത്. റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്നിക്–5നെ സ്ഫുട്നിക് വി എന്ന് എഴുതിയ ചോദ്യവുമുണ്ടായി. റോമൻ അക്കത്തിലെ 5 ആണ്  ഇംഗ്ലിഷ് അക്ഷരം ‘വി’ ആയി മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com