ADVERTISEMENT

‘പുലർച്ചെ ഒരു മണിക്ക് വീടിന്റെ ഓടും പലകയും ഇളകിവീണു’ :  മിന്നൽ ചുഴലിയുടെ നടുക്കത്തിൽ കോഴിക്കോട് ഗോവിന്ദപുരം എരവത്തുകുന്ന് ഹൗസിൽ ശാരദാമ്മ
കോഴിക്കോട്∙ ‘പുലർച്ചെ ഒരു മണി ആയിക്കാണും. ഒച്ച കേട്ട് ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നപ്പോൾ ഇരുട്ട്. വീടിന്റെ മോളീന്ന് ഓടും പലകയും ഇളകി വീഴുന്നു. ഒപ്പം വീടിനുള്ളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു. മുകളിലോട്ടു നോക്കിയപ്പോൾ ആകാശം. മക്കളും മരുമക്കളുടെയും കൂട്ടനിലവിളി. പെട്ടെന്ന് ഒരു ഓട് എന്റെ തലേൽ വന്നു വീണു. കൂരിരുട്ടിൽ തപ്പിത്തടഞ്ഞു പുറത്തിറങ്ങി. പ്രദേശത്തൊന്നും കറന്റില്ല. ടോർച്ച് അടിച്ചു പുറത്തു നോക്കിയപ്പോഴാണു ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വമ്പൻ ഒരു തേക്ക് മരം വീടിന്റെ ഒത്തമുകളിൽ വീണു കിടക്കുന്നു. പോസ്റ്റൊക്കെ മറിഞ്ഞു വീണു കിടക്കുന്നു.  മരിച്ചു പോകാത്തത് ഭാഗ്യം. 65 കൊല്ലമായി ഈ വീട്ടിൽ താമസിക്കുന്നു. ഇതുപോലൊരു അനുഭവം ജീവിതത്തിൽ ആദ്യം’ – ഗോവിന്ദപുരം എരവത്തുകുന്ന് ഹൗസിൽ ശാരദാമ്മയ്ക്ക്(84) വ്യാഴാഴ്ച പുലർച്ചെയുണ്ടായ മിന്നൽ ചുഴലിയുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

ശക്തമായ കാറ്റിലും മഴയിലും കായണ്ണ ആയടത്തിൽ സദാനന്ദൻ 
കിടാവിന്റെ വീട്  തെങ്ങ് വീണു തകർന്ന നിലയിൽ.
ശക്തമായ കാറ്റിലും മഴയിലും കായണ്ണ ആയടത്തിൽ സദാനന്ദൻ കിടാവിന്റെ വീട് തെങ്ങ് വീണു തകർന്ന നിലയിൽ.

ശാരദാമ്മയും മക്കളും മരുമകളും അടങ്ങുന്ന കുടുംബത്തിന് അടിയന്തര സഹായം കിട്ടാതെ ജീവിതം മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ ചുഴലിയിൽ പലരുടെയും അനുഭവം ഇതാണ്. മരങ്ങൾ മീറ്ററുകളോളം കടപുഴകി പറന്നു ചെന്നാണു വീടുകൾക്കു മുകളിൽ പതിച്ചത്. പല വീടുകളും പൂർണമായി നശിച്ചു. പലതിലും വിള്ളൽ വീണു. കനത്ത മഴയിൽ വീട്ടിനകത്തെ സാധനങ്ങളെല്ലാം ഉപയോഗശൂന്യമായി. ഉണ്ണാനും ഉടുക്കാനും പോലും ഇല്ലാത്ത അവസ്ഥയാണ് പലയിടത്തും. ശുചിമുറി വരെ തകർന്നിട്ടുണ്ട്.  അപകടാവസ്ഥയിലായ വീട്ടിൽ താമസിക്കാൻ കഴിയാത്തതിനാൽ പലരും ബന്ധുവീടുകളിലേക്കു താമസം മാറി. വീടിനു മുകളിലേക്ക് പതിച്ച വൻ മരങ്ങൾ പലരും വൻതുക കൊടുത്താണ് മുറിച്ചു നീക്കിയത്. 

കനത്ത കാറ്റിലും മഴയിലും താമരശ്ശേരി പൊലീസ് സ്റ്റേഷൻ വളപ്പിലെ മരം കടപുഴകി കാറിൽ പതിച്ചത് അഗ്നിരക്ഷാസേന വെട്ടി മാറ്റുന്നു. അപകടത്തിൽ 2 കാറുകൾക്ക് കേടുപാട് പറ്റി.
കനത്ത കാറ്റിലും മഴയിലും താമരശ്ശേരി പൊലീസ് സ്റ്റേഷൻ വളപ്പിലെ മരം കടപുഴകി കാറിൽ പതിച്ചത് അഗ്നിരക്ഷാസേന വെട്ടി മാറ്റുന്നു. അപകടത്തിൽ 2 കാറുകൾക്ക് കേടുപാട് പറ്റി.

വീട്ടിനുള്ളിലേക്ക് എങ്ങനെ കയറും ?: മരം വീണു വീടിന്റെ അകവും പുറവും തകർന്നു; പിന്നാലെ പെയ്ത മഴയിൽ  വീട്ടുപകരണങ്ങൾ മുഴുവൻ വെള്ളത്തിലായി 
കോഴിക്കോട്∙ മൈലാമ്പാടി തെക്കുവശം പറമ്പിൽതൊടി ഹൗസിൽ മോഹനന്റെ വീടും പൂർണമായി തകർന്നു. വീട്ടിനകത്തേക്കു കയറാൻ പോലും കഴിയാത്ത അവസ്ഥ. ‘മകളുടെ കല്യാണത്തിനു പുതുക്കിപ്പണിത വീടാണ്. ആധാരം ഇപ്പോഴും ബാങ്കിലാണ്. മരം വീണു വീടിന്റെ അകവും പുറവും ഒരുപോലെ തകർന്നു. ചുഴലിക്കൊപ്പമുള്ള കനത്ത മഴ മുഴുവൻ പെയ്തതു വീട്ടിനുള്ളിലാണ്. കട്ടിലും കിടക്കയും ടിവിയും ഫ്രിജും ഒക്കെ വെള്ളത്തിലായി. വീട്ടിലെ ഒരു സാധനം പോലും ഉപയോഗിക്കാൻ പറ്റില്ല. ഈ വീട് ഇനി താമസിക്കാൻ പറ്റുന്ന വിധത്തിലാക്കാൻ എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല’ – മിന്നൽ ചുഴലിയിൽ തകർന്ന വീട്ടിൽ കാലുകുത്താൻ ഇടമില്ല മോഹനന്. മേൽക്കൂരയുടെ അവശിഷ്ടങ്ങൾ മുഴുവൻ വീട്ടിനുള്ളിലാണ്. ഒപ്പം കഴിഞ്ഞ ദിവസത്തെ മഴവെള്ളവും. 
12 മണിക്കൂർ വൈദ്യുതി മുടങ്ങി; 272 ട്രാൻസ്ഫോമറുകൾ തകരാറിൽ
കോഴിക്കോട്∙ മിന്നൽച്ചുഴലിയിൽ ജില്ലയിലാകെ 37.25 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. 272 ട്രാൻസ്ഫോമറുകളെയും 35,248 കണക്‌ഷനുകളെയുമാണ് മിന്നൽച്ചുഴലി ബാധിച്ചത്. 72 ഹൈ ടെൻഷൻ തൂണുകളും 832 സാധാരണ തൂണുകളും തകർന്നു. 15 ഹൈ ടെൻഷൻ ലൈനുകളും 1,127 ഗാർഹിക കണക്‌ഷൻ ലൈനുകളും പൊട്ടിവീണു. ഇവയിൽ 75 ശതമാനവും പുനഃസ്ഥാപിച്ചു. മഴ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക സംഘത്തെ കെഎസ്ഇബിഇ തയാറാക്കി നിർത്തിയതിനാൽ അതിവേഗം ഇടപെടാൻ കഴിഞ്ഞു. എല്ലാ സെക്‌ഷൻ ഓഫിസുകൾ കേന്ദ്രീകരിച്ചും ഡിവിഷൻ ഓഫിസുകൾ കേന്ദ്രീകരിച്ചും പ്രത്യേക സംഘമുണ്ടായിരുന്നു. ആൾക്ഷാമമുള്ള സെക്‌ഷനുകളിലേക്കു മറ്റു സ്ഥലങ്ങളിൽ നിന്ന് ആളെയെത്തിച്ചുമാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
തൊഴിലുറപ്പ് പണിക്കിടെ കനത്ത കാറ്റ്; മരം വീണ് നട്ടെല്ലിന് പൊട്ടൽ 
അരിക്കുളം∙ തൊഴിലുറപ്പ് പണിക്കിടെ ശക്തമായി വീശിയ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്. വടക്കേ പറമ്പിൽ നാരായണി (62)ക്കാണ് നട്ടെല്ലിന് പരുക്കേറ്റത്. ഇന്നലെ 11.30ന് ആണു സംഭവം. അരിക്കുളം ഒന്നാം വാർഡിലെ കാളിയത്തുമുക്ക് പൂതേരി പാറയിൽ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെ ശക്തമായ കാറ്റിൽ പറമ്പിലെ തേക്ക് മരം കടപുഴകി വീഴുകയായിരുന്നു.  കാറ്റ് വീശുന്നത് കണ്ടു ഓടിമാറുന്നതിന് ഇടയിലാണ് അപകടം. നാരായണിയുടെ പുറത്താണു തേക്ക് പതിച്ചത്. ഉടനെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. നട്ടെല്ലിന് പൊട്ടലുണ്ട്.
നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ഉറപ്പാക്കും: മന്ത്രി കെ.രാജൻ
കോഴിക്കോട് ∙ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്നു മന്ത്രി കെ.രാജൻ. വീട് ഉൾപ്പെടെ കെട്ടിടങ്ങൾക്കുണ്ടായ നഷ്ടം തദ്ദേശഭരണ സ്ഥാപനം എൻജിനീയർ വിലയിരുത്തി റിപ്പോർട്ട് റവന്യു വകുപ്പിനു നൽകണം. കൃഷി നാശം സംബന്ധിച്ച കണക്കു കൃഷി ഓഫിസർമാരാണു വിലയിരുത്തുക. റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ നഷ്ടപരിഹാരം നൽകുമെന്നും റിപ്പോർട്ട് വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
കോഴിക്കോട്∙ മിന്നൽ ചുഴലിയിൽ വീടു തകർന്നവർക്ക് ചട്ടപ്പടി നടപടികൾക്കു കാത്തിരിക്കാതെ ഉടനടി സഹായം എത്തിക്കണമെന്ന് ആവശ്യം. വ്യാഴാഴ്ച പുലർച്ചെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വൻ മരങ്ങൾ വീണു പല വീടുകളും പൂർണമായും തകർന്നു. എന്നാൽ, തദ്ദേശ സ്ഥാപനത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി നാശനഷ്ടം കണക്കാക്കി റവന്യു വകുപ്പിന് റിപ്പോർട്ട് നൽകി അംഗീകരിച്ചാലേ നഷ്ടപരിഹാരം ലഭിക്കൂവെന്നാണു കുടുംബങ്ങളെ അറിയിച്ചത്. അന്തിമ കണക്കെടുപ്പിനു എത്ര ദിവസമെടുക്കുമെന്ന ആശങ്കയിലാണു വീടു തകർന്നവർ.

അരിക്കുളത്ത് തൊഴിലുറപ്പ് പണിക്കിടെ ശക്തമായി വീശിയ കാറ്റിൽ മരം വീണ്  പരുക്കേറ്റ വടക്കേ പറമ്പിൽ നാരായണി.
അരിക്കുളത്ത് തൊഴിലുറപ്പ് പണിക്കിടെ ശക്തമായി വീശിയ കാറ്റിൽ മരം വീണ് പരുക്കേറ്റ വടക്കേ പറമ്പിൽ നാരായണി.

കനത്ത മഴയിൽ എങ്ങോട്ടു പോകുമെന്നറിയാത്ത അവസ്ഥ. അപകടാവസ്ഥയിലുള്ള പല വീടുകളിൽ നിന്നും വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. ജില്ലയിലെ വിവിധ മേഖലകളിലായി നൂറിലേറെ വീടുകൾ തകർന്നിട്ടുണ്ട്.  അതേസമയം ജില്ലയിൽ ആകെ എത്ര കോടി രൂപയുടെ നാശനഷ്ടമെന്ന അന്തിമ കണക്ക് ഇതുവരെ റവന്യൂ വകുപ്പിനു ലഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനത്തിലെ എൻജിനീയറും കൃഷി ഓഫിസറും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതു ദുഷ്കരമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുന്ന മുറയ്ക്കേ സർക്കാർ നഷ്ടപരിഹാരം അനുവദിക്കൂ. ഇതിനു കാലതാമസം എടുക്കും. ഇത് ഒഴിവാക്കാൻ, പൂർണമായി തകർന്ന വീടുകളുടെ കണക്കെടുപ്പ് പെട്ടെന്നു പൂർത്തിയാക്കി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com