ADVERTISEMENT

വിലങ്ങാട് ∙ മഞ്ഞക്കുന്നിലും പാനോത്തും വായാട്ടും മാടാഞ്ചേരിയിലും അടിച്ചിപ്പാറയിലും പന്നിയേരിയിലും കുറ്റല്ലൂരിലും കമ്പിളിപ്പാറയിലും ആലിമൂലയിലും എല്ലാമായി 120 ഉരുൾപൊട്ടലുകളാണ് ആ രാത്രിയുണ്ടായത്. ചെറിയ തോടുകളിലൂടെ പോലും ചെളിവെള്ളവും പാറക്കല്ലുകളും ഒഴുകിവന്നു. മാഹിപ്പുഴയായി മാറുന്ന വിലങ്ങാട് പുഴയിൽ ആ രാത്രി ഒഴുകിനിറഞ്ഞതു മണ്ണും ചെളിയും മാത്രമല്ല, ഒരു ദേശത്തിന്റെ  പ്രതീക്ഷകൾ കൂടിയാണ്... നാട്ടുകാരുടെ സ്വപ്നങ്ങൾ കൂടിയാണ്. 

ഉരുൾപൊട്ടലിൽ വീടു തകർന്ന പൊന്മലക്കുന്നേൽ ജയനും ഭാര്യ സീനയും.
ഉരുൾപൊട്ടലിൽ വീടു തകർന്ന പൊന്മലക്കുന്നേൽ ജയനും ഭാര്യ സീനയും.

വിവിധ സ്കൂളുകളിൽ പഠിക്കുന്ന അറുപതോളം കുഞ്ഞുങ്ങളുടെ മുന്നോട്ടുള്ള ജീവിതമാണ് ഉരുൾപൊട്ടലിൽ ആശങ്കയിലായത്. ഈ കുരുന്നുകളുടെ മനസ്സിൽ എന്നും ഉരുൾപൊട്ടലിന്റെ ആ മുരൾച്ച മുഴങ്ങിക്കൊണ്ടിരിക്കും.  ആശങ്കകളില്ലാതെ സുഖമായുറങ്ങാൻ വിലങ്ങാട്ടെ കുഞ്ഞുങ്ങൾക്കു തണലൊരുക്കേണ്ടത് നമ്മളാണ്.

എല്ലാം ഓർമകൾ മാത്രമായി; നേർത്ത വിങ്ങലായി  
‘1965ൽ എന്റെ ചാച്ചൻ പാപ്പച്ചനാണ് (അന്ത്രാവ്) ഇവിടെ നാലുമുറിയിൽ കട തുടങ്ങിയത്. ഈ ഉരുളെടുത്തത് ചാച്ചനുണ്ടാക്കിയ കെട്ടിടമാണ്’ – പന്തലാടിക്കൽ സാബുവിന്റെ കടമുറി ഒന്നടങ്കം ഉരുൾപൊട്ടലിൽ നാമാവശേഷമായി. ആ രാത്രി ഉരുൾപൊട്ടിയപ്പോൾ ജീവൻ നഷ്ടമായ റിട്ട. അധ്യാപകൻ കെ.എ.മാത്യു അവസാന നിമിഷം കയറിനിന്ന കെട്ടിടമാണിത്. 50 വർഷം മുൻപുണ്ടാക്കിയ ആ കെട്ടിടത്തിൽ ഇരിക്കുമ്പോൾ സാബുവിന്റെ മനസ്സിൽ നിറഞ്ഞത് തന്റെ പിതാവിന്റെ ഓർമകളാണ്. 

വീടും കൃഷിയിടവും നഷ്ടപ്പെട്ട വടക്കേടത്ത് ദിവാകരൻ നായർ
വീടും കൃഷിയിടവും നഷ്ടപ്പെട്ട വടക്കേടത്ത് ദിവാകരൻ നായർ

കലിതുള്ളിയെത്തിയ ഉരുളിൽ കെട്ടിടത്തിനൊപ്പം വിലപിടിപ്പുള്ള ഓർമകളുമാണു മാഞ്ഞുപോയത്. കെട്ടിടം നിന്നിടത്ത് ഇപ്പോൾ ഒരു പാറ മാത്രം. പന്തലാടിക്കൽ സ്റ്റോഴ്സ് പലചരക്കുകട, ടിൻസ് ബേക്കറി എന്നീ കടകളാണ് സാബു ഇവിടെ നടത്തിയിരുന്നത്. ആ രാത്രി മുന്നറിയിപ്പു കിട്ടിയപ്പോൾ സഹോദരൻ സോണിയുടെ വീട്ടിലേക്ക് മാറിയതുകൊണ്ടാണു സാബുവും കുടുംബവും രക്ഷപെട്ടത്.

ജോയ് കൂവത്തോട്ട്
ജോയ് കൂവത്തോട്ട്

ഇനിയുള്ളത് ഒരുവശം തകർന്ന വീടും ഒലിച്ചുപോയ പറമ്പും 
അടിച്ചിപ്പാറ മലയിലെ വീട്ടിൽ എന്തൊക്കെ അവശേഷിച്ചിട്ടുണ്ടെന്നു തിരയാനാണു വടേരിയിൽ ജോസഫും സഹോദരിമാരും മരുമക്കളും എത്തിയത്. അടിച്ചിപ്പാറയിൽ ജോസഫിന്റെ സ്ഥലത്തിനു തൊട്ടുപിന്നിൽനിന്നാണു പ്രധാന ഉരുൾപൊട്ടലുണ്ടായത്. ഒരേക്കർ കൃഷിയിടം ഇപ്പോൾ കാണാനില്ല. വീടിന്റെ ഒരുവശവും തകർന്നു.

1.വിലങ്ങാട് അടിച്ചിപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി തന്റെ സ്ഥലം ഒലിച്ചുപോയ ഭാഗം ജോസഫ് വടേരിയിൽ ചൂണ്ടിക്കാണിക്കുന്നു. ജോസഫിന്റെ പറമ്പിനു സമീപത്തുനിന്നാണ് ഉരുൾപൊട്ടലുണ്ടായത്.  
2.വിലങ്ങാട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയ തന്റെ കടമുറി നിന്ന ഭാഗം പന്തലാടിക്കൽ സാബു കാണിക്കുന്നു. ഈ കെട്ടിടത്തിൽ അഭയം പ്രാപിച്ച റിട്ട. അധ്യാപകൻ മാത്യു ഉരുൾപൊട്ടലിൽ മരിച്ചു.  ചിത്രങ്ങൾ: സജീഷ് ശങ്കർ / മനോരമ
1.വിലങ്ങാട് അടിച്ചിപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി തന്റെ സ്ഥലം ഒലിച്ചുപോയ ഭാഗം ജോസഫ് വടേരിയിൽ ചൂണ്ടിക്കാണിക്കുന്നു. ജോസഫിന്റെ പറമ്പിനു സമീപത്തുനിന്നാണ് ഉരുൾപൊട്ടലുണ്ടായത്. 2.വിലങ്ങാട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയ തന്റെ കടമുറി നിന്ന ഭാഗം പന്തലാടിക്കൽ സാബു കാണിക്കുന്നു. ഈ കെട്ടിടത്തിൽ അഭയം പ്രാപിച്ച റിട്ട. അധ്യാപകൻ മാത്യു ഉരുൾപൊട്ടലിൽ മരിച്ചു. ചിത്രങ്ങൾ: സജീഷ് ശങ്കർ / മനോരമ

60 കൊല്ലം മുൻപാണ് ജോസഫിന്റെ പൂർവികർ തിരുവിതാംകൂറിൽനിന്ന് ഇങ്ങോട്ടു കുടിയേറിയത്. നാലു സഹോദരിമാരും ഒരു സഹോദരനുമാണു ജോസഫിനുള്ളത്. ജനിച്ചുവളർന്ന വീട് ഉരുൾപൊട്ടലിൽ തകർന്ന് കുഞ്ഞനിയൻ കഷ്ടപ്പെടുന്നത് അറിഞ്ഞാണു സഹോദരിമാർ ഓടിയെത്തിയത്. ജോസഫും ഭാര്യയും രണ്ടു മക്കളുമാണു വീട്ടിലുണ്ടായിരുന്നത്. 2000ൽ ഉരുൾപൊട്ടുമെന്ന ഭീഷണിയെ തുടർന്നു ക്യാംപിലേക്കു മാറ്റി.

അന്നു വീടുണ്ടാക്കാൻ വേറെ സ്ഥലം നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഒന്നും നടന്നില്ല. കഴിഞ്ഞ തവണ ആലിമൂലയിൽ ഉരുൾപൊട്ടി 4 പേർ മരിച്ചപ്പോഴും ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. അന്നും പുനരധിവാസത്തിനു സ്ഥലം നൽകുമെന്നു പറഞ്ഞു. ഒന്നും നടന്നില്ല. ഇപ്പോഴിതാ, സ്ഥലവും വീടും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നും ജോസഫ് ചോദിക്കുന്നു.

തലേന്നു പണിയെടുത്ത ഭൂമി ഉരുൾ കൊണ്ടുപോയി:  ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 28 തൊഴിലുറപ്പു തൊഴിലാളികൾ

‘ഞങ്ങൾ 28 തൊഴിലുറപ്പു തൊഴിലാളികളാണ് ആ സ്ഥലത്ത് തലേദിവസം പണിയെടുത്തത്. ഏതാനും മണിക്കൂറുകൾക്കു മുൻപാണ് ഉരുൾപൊട്ടിയതെങ്കിൽ ഇന്നു ഞങ്ങളൊന്നും ഇല്ല...’ കൂലിത്തൊഴിലാളി പൊന്മലക്കുന്നേൽ ജയനും ഭാര്യയും തൊഴിലുറപ്പു തൊഴിലാളിയായ സീനയും പറഞ്ഞു. മഞ്ഞക്കുന്നിൽ മുൻ പഞ്ചായത്ത് അംഗം ബേബിയുടെ വീടിനു സമീപം ഒരു വാടകവീടെടുത്ത് അങ്ങോട്ട് മാറുന്നതിന്റെ തിരക്കിലാണ് ഇരുവരും. 12 വർഷം മുൻപാണ് ഇരുവരും അടിച്ചിമലയുടെ താഴെ വീടുണ്ടാക്കിയത്. ജയന്റെ അമ്മ തീയാമ്മ (80) ഹൃദ്രോഗിയാണ്. ആ രാത്രി ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് അമ്മ തീയാമ്മയെയും താങ്ങിപ്പിടിച്ചാണു ജയനും സീനയും മക്കളായ സ്വപ്നയും സോബിനും ഇരുട്ടത്ത് ഓടി രക്ഷപ്പെട്ടത്. 

രക്ഷപ്പെടുന്നതിനിടെ സ്വപ്നയുടെ കാലിൽ പരുക്കേറ്റു. അന്നത്ര കാര്യമാക്കിയില്ല. ദുരിതാശ്വാസ ക്യാംപിൽ ഒരാഴ്ച കഴിഞ്ഞു. ഇതിനിടെ സ്വപ്നയുടെ കാലിൽ നീരുവന്നു. ക്യാംപിലെ ഡോക്ടറെ കാണിച്ചപ്പോഴാണ് എല്ലിനു ചെറിയ പൊട്ടലുണ്ടെന്നു കണ്ടത്. ദുരിതാശ്വാസ ക്യാംപിൽനിന്ന് വീട്ടിലേക്ക് ഓടിയെത്തിയ സീനയും ജയനും ഞെട്ടി.  ‘ഞങ്ങൾ ദുരിതാശ്വാസ ക്യാംപിൽനിന്ന് ഓടിച്ചെന്നപ്പോൾ വീടിന്റെ പിൻവശം കാണാനില്ലായിരുന്നു. അകത്തുകയറി നോക്കി. മക്കളുടെ സർട്ടിഫിക്കറ്റുകളുടെ ഫയൽ കിട്ടി. അതുമെടുത്ത് പുറത്തിറങ്ങി’ സീന പറഞ്ഞു.

വില്ലേജിൽ കൊടുക്കാൻ ഫോട്ടോ വേണം; പറമ്പിലുള്ളത് പാറക്കല്ലുകൾ മാത്രം
‘കൃഷിസ്ഥലത്തിനു മുന്നിൽനിന്ന് ഫോട്ടോ എടുത്ത് കൊടുക്കണമെന്നാണു വില്ലേജിലെ ഉദ്യോഗസ്ഥർ എന്നോടു പറഞ്ഞത്. ഞാനവിടെപ്പോയി നോക്കി. അവിടെ കൂറ്റൻ‍ പാറക്കല്ലുകൾ മാത്രമാണുള്ളത്... ’ വടക്കേടത്ത് ദിവാകരൻ നായർ പറഞ്ഞു. ദിവാകരൻ നായർ കൃഷി ചെയ്തിരുന്ന 18 സെന്റ് സ്ഥലവും പഴയ വീടും ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ടു. 

നഷ്ടപ്പെട്ടുപോയ സ്ഥലവും വീടും വിലങ്ങാട് ഗ്രാമീൺ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുത്താണു വീടുവച്ചത്. താമസം അങ്ങോട്ടു മാറിയതിനാൽ ജീവൻ തിരിച്ചുകിട്ടി. പക്ഷേ, 10 ലക്ഷത്തോളം രൂപയുടെ വായ്പയാണു ബാങ്കിലുള്ളത്. കൃഷിയിടം നശിച്ചതോടെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണു ദിവാകരൻ നായരും ഭാര്യ ആനന്ദവല്ലിയും. 

മനസ്സിൽ നിന്നു മാഞ്ഞുപോകാത്ത ആ രാത്രി
‘ആ രാത്രി പേടിച്ചുവിറച്ച് മരുന്നോ ഉടുതുണിയോ പോലുമെടുക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെയും കുഞ്ഞുമക്കളെയുമൊക്കെ കൂട്ടിയാണ് ഉരുൾപൊട്ടിയതിന്റെ ഒരു കരയിലൂടെ മലമുകളിലേക്ക് ഓടിക്കയറിയത്’  വിലങ്ങാട് പോസ്റ്റ് ഓഫിസിലെ മുൻ പോസ്റ്റ്മാസ്റ്റർ ജോയ് കൂവത്തോട്ടിന് ഇപ്പോഴും ആ രാത്രി ആലോചിക്കാൻ വയ്യ. 

18 വർ‍ഷം മുൻപാണു വലിയ പാനോമിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ജോയി വീടുണ്ടാക്കിയത്. വീടിനു തൊട്ടുമുകളിൽവച്ച് ഉരുൾ വഴിതിരിഞ്ഞുപോയി. അതുകൊണ്ടു വീടു നഷ്ടപ്പെട്ടില്ല. പക്ഷേ, സ്ഥലം പൂർണമായും നഷ്ടപ്പെട്ടു. ഇതുവരെ തന്റെ വീട്ടിലേക്ക് എത്തിച്ചേരാൻ ജോയിക്കു കഴിഞ്ഞിട്ടില്ല. 

വിലങ്ങാടിനെ വീണ്ടെടുക്കാം മനോരമ സെമിനാർ ഇന്ന് നാദാപുരത്ത്
കോഴിക്കോട്∙ നൂറോളം ഉരുൾപൊട്ടലുകളിൽ ദുരന്തഭൂമിയായി മാറിയ വിലങ്ങാടിനെ വീണ്ടെടുക്കാനുള്ള ആശയങ്ങൾ ചർച്ച ചെയ്യാൻ മലയാള മനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നാദാപുരം ഡി പാരീസ് ഹോട്ടലിൽ നടക്കുന്ന ചർച്ചയിൽ ഷാഫി പറമ്പിൽ എംപി, ഇ.കെ.വിജയൻ എംഎൽഎ, വിലങ്ങാട് ദുരന്ത നിവാരണ നോഡൽ ഓഫിസർ കൂടിയായ ആർഡിഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുക്കും. ദുരന്തം നേരിട്ടവരും മറ്റു ജനപ്രതിനിധികളും സാമൂഹിക – സാംസ്കാരിക പ്രവർത്തകരും വിഷയത്തിലെ വിദഗ്ധരും അഭിപ്രായങ്ങൾ പങ്കു വയ്ക്കും. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും ടൗൺ പ്ലാനറുമായ വിനീഷ് വിദ്യാധരൻ മോഡറേറ്ററായിരിക്കും.

അദാലത്തിൽ 105 രേഖകളിൽ തീർപ്പായി 
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ തിരികെ ലഭ്യമാക്കുന്നതിനു റവന്യു വകുപ്പ് നടത്തിയ അദാലത്തിൽ 105 അപേക്ഷകളിൽ തീർപ്പായി. 199 പേരാണ് രേഖകളുടെ വീണ്ടെടുപ്പിന് അപേക്ഷ നൽകിയത്. 22 പേരുടെ പട്ടയങ്ങൾ, 28 അക്ഷയ സേവന രേഖകൾ, 23 പഞ്ചായത്ത് രേഖകൾ, 13 റേഷൻ കാർഡ്, ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട  19 രേഖകൾ എന്നിവയാണ് അനുവദിച്ചത്. 

തത്സമയം അനുവദിക്കാൻ കഴിയാത്ത രേഖകൾ പിന്നീട് അനുവദിക്കാൻ മാറ്റി.അദാലത്ത് ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർഡിഒ പി.അൻവർ സാദത്ത്, ഡപ്യൂട്ടി കലക്ടർ എസ്.സജീദ്, തഹസിൽദാർ എം.ടി.സുരേഷ് ചന്ദ്രബോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സെൽമാരാജു വട്ടക്കുന്നേൽ, മെംബർ ജാൻസി കൊടിമരത്തുംമൂട്ടിൽ, സെക്രട്ടറി കെ.കെ.വിനോദൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സർക്കാർ പാക്കേജ് ഫലപ്രദമായി  നടപ്പാക്കണം 
വിലങ്ങാട് ∙ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഫലപ്രദമായി നടപ്പാക്കണമെന്നാണു വിലങ്ങാട്ടുകാർ ആവശ്യപ്പെടുന്നത്. അവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ:
∙ 21 വീടുകൾ പൂർണമായി തകർന്നു, 150 വീടുകളെങ്കിലും വാസയോഗ്യമല്ലാതായി. ദുരന്തബാധിതർക്കു സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കണം. പലരും ദുരിതാശ്വാസ ക്യാംപുകളിൽനിന്നു ബന്ധുവീടുകളിലേക്കാണു മാറിയത്. പലരും വാടക വീടെടുത്തു. എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് അറിയില്ല.  
∙ പ്രദേശത്തെ കൃഷിനാശം ഭീകരമാണ്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേണം. 
∙ പ്രദേശത്തെ കർഷകർ എടുത്ത കാർഷിക വായ്പകൾ എഴുതിത്തള്ളണം. കടക്കെണിയിലേക്കും ജപ്തിയിലേക്കും കർഷകരെ തള്ളിവിടരുത്.
∙ തേക്കു കൃഷി വ്യാപകമായുള്ള നാടാണു വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ നഷ്ടം നികത്തേണ്ടത് എന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്. തേക്കു കർഷകർക്കും നഷ്ടപരിഹാരം വേണം.
∙ പ്രദേശത്തെ 7 പാലങ്ങൾ നശിച്ചു, റോഡുകൾ തകർന്നു. വിലങ്ങാട് അങ്ങാടിയിലെ പ്രധാനപാലത്തിനു ബലക്ഷയമുണ്ട്. ഇവയെല്ലാം പുനർനിർമിക്കണം.
∙ വിലങ്ങാട് ഉരുൾപൊട്ടിയ മലയ്ക്ക് എതിർവശത്തെ മലയിൽ മുൻപു സർക്കാർ പദ്ധതിയുടെ ഭാഗമായി പാറ പൊട്ടിച്ചതായി നാട്ടുകാർ പറഞ്ഞു. അക്കാലത്തു വീടുകളുടെ ഭിത്തിയിൽ വിള്ളൽ വീണതു വാർത്തയായിരുന്നു. ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ കാരണമെന്താണെന്നു  ശാസ്ത്രീയ പഠനം വേണമെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

vilangad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com