ADVERTISEMENT

ചക്കിട്ടപാറ/ മാവൂർ ∙ കൃഷിത്തോട്ടങ്ങളിൽ ഇലതീനിപ്പുഴുവിന്റെ ശല്യം രൂക്ഷമായതായി പരാതി. മുൻപ് വാഴത്തോട്ടങ്ങളിൽ മാത്രം കണ്ടിരുന്ന പുഴു ഇപ്പോൾ ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി ഉൾപ്പെടെയുള്ള വിളകളിലും വ്യാപിച്ചതായി കർഷകർ പറയുന്നു. കളകൾ കൂടുതലുള്ള തോട്ടങ്ങളിലാണ് പുഴു പെരുകുന്നത്. ഇവ തളിരിലകളുടെ പച്ച ഭാഗം മാത്രമല്ല ഇല പൂർണമായും തിന്നു നശിപ്പിക്കുകയാണ്. ഇതുമൂലം വൻതോതിലാണ് കൃഷിനാശം ഉണ്ടാകുന്നത്. മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പുഴുശല്യം മൂലം തോട്ടങ്ങൾ പൂർണമായി നശിച്ചിട്ടുണ്ട്.  

വീടുകളുടെ പരിസര പ്രദേശങ്ങളിലും   പുഴുവിന്റെ ശല്യമുണ്ട്. ഇവയെ പ്രതിരോധിക്കാനോ ശാശ്വത പരിഹാരം കാണാനോ കർഷകർക്കു കഴിയുന്നില്ല. കീടനാശിനികൾ പ്രയോഗിച്ചും പുഴുവരിച്ച ഇലകൾ കൂട്ടിയിട്ടു കത്തിച്ചും താൽക്കാലികമായ പ്രതിരോധം തീർക്കുകയാണ് കർഷകർ. എന്നാൽ, രണ്ടു ദിവസങ്ങൾക്കകം വീണ്ടും ഇവ കൃഷിത്തോട്ടങ്ങളിൽ വ്യാപിക്കുകയാണ്.  ചീര, പയർ തുടങ്ങിയ പച്ചക്കറികൾ ഉപയോഗിക്കാനാവാത്ത വിധം പുഴുക്കൾ നശിപ്പിക്കുകയാണ്.  ചെടികളുടെ ഇലയും തണ്ടും ചില കായ് ഫലങ്ങളും ഭക്ഷണമാക്കുന്ന ഇവ  ശരീരത്തിൽ തൊട്ടാൽ അസഹ്യമായ ചൊറിച്ചിലാണ്. 

കൃഷിവകുപ്പ് അധികൃതർ പുഴു ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നു കർഷകർ ആവശ്യപ്പെടുന്നു. വിളകളുടെ വിലത്തകർച്ചയും പ്രകൃതിക്ഷോഭവും രോഗബാധയും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കീടനാശിനികൾ ലഭ്യമാണ്
കളകൾ നീക്കി തോട്ടം വൃത്തിയായി സൂക്ഷിക്കണമെന്നും കീടബാധ ഉള്ള ഇലകൾ മുറിച്ചെടുത്ത് നശിപ്പിക്കണമെന്നും കൃഷി ശാസ്ത്രജ്ഞർ പറയുന്നു. കീടാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ജൈവ കീടനാശിനികൾ ഉപയോഗിക്കണം. 20 ഗ്രാം മിത്രജീവാണുക്കളായ ബ്യൂവേറിയ ബസ്സിയാന ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കണം. ഫ്ലൂബെൻഡിയമൈഡ് 39.35എസ്‌സി രണ്ടു മില്ലി 10 ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് രോഗത്തെ നിയന്ത്രിക്കാൻ കഴിയും. രോഗകീട നിയന്ത്രണ മാർഗങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവുമായി കർഷകർക്ക് ബന്ധപ്പെടാമെന്ന് കെവികെ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.പി.രാധാകൃഷ്ണൻ അറിയിച്ചു. 9567804551.

English Summary:

A severe outbreak of leaf-eating worms is wreaking havoc on farms in Kerala, India. The worms are rapidly destroying crops like bananas, yams, and leafy vegetables, impacting farmers' livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com