ഉരുൾപൊട്ടൽ നടന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും പുനരധിവാസം നടപ്പായില്ല; താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ശുപാർശ
Mail This Article
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ 5 വർഷം മുൻപ് 4 മരണവും കോടികളുടെ നഷ്ടവും സംഭവിച്ച ആലിമൂലയിൽ ഇപ്പോഴും 56 കുടുംബങ്ങൾ താമസിക്കുന്നതായി വിദഗ്ധ സംഘം കണ്ടെത്തി. ഈ 56 കുടുംബങ്ങളെയും മാറ്റണമെന്നു സംഘം നിർദേശിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ഉരുൾപൊട്ടലിനു പിന്നാലെ വിദഗ്ധ സംഘം ആലിമൂലയിൽ എത്തുകയും ഇവിടം വാസയോഗ്യമല്ലെന്നു വിലയിരുത്തുകയും ചെയ്തെങ്കിലും 5 വർഷത്തിനു ശേഷവും ഈ ഭാഗത്തുള്ളവരെ മാറ്റിത്താമസിപ്പിക്കാൻ കഴിഞ്ഞില്ല. വിലങ്ങാട് മേഖലയിലെ മലമ്പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ പലതും സുരക്ഷിതമല്ലെന്നും, പട്ടിക വർഗക്കാർ അടക്കം താമസിക്കുന്നത് ജീവൻ പണയം വച്ചാണെന്നുമാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ കുറ്റല്ലൂർ, മാടാഞ്ചേരി, കടമാൻ കളരി, വായാട്, വാളൂക്ക്, വടക്കെ വായാട്, മഞ്ഞച്ചീളി, വെണ്ടേക്കും പൊയിൽ, ചൊക്കത്തൊള്ള പൊയിൽ, കൂത്താടി, കാർഗിൽ, മലയങ്ങാട്, കമ്പിളിപ്പാറ, ഉരുട്ടി തുടങ്ങിയ പ്രദേശങ്ങളും പെടും. പറക്കാട് പ്രദേശം കണ്ണൂർ ജില്ലയിലായതിനാൽ, കോഴിക്കോട് ജില്ലാ ഭരണകൂടം നിയോഗിച്ച സംഘമെന്ന നിലയിൽ ഈ സംഘം എത്തിയിട്ടില്ല. അവിടെയും വീടുകൾ ഏറെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്.
വാർഡ് മെംബർ ജാൻസി കൊടിമരത്തും മൂട്ടിൽ, വില്ലേജ് ഓഫിസർ കെ.കെ.സരിത, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ജിയോളജിസ്റ്റ് എസ്.അഖിൽ, എൽഎസ്ജിഡി എഇ രേവതി, പിഡബ്ല്യുഡി എഇ സുരഭി എന്നിവരാണ് ടീം ഒന്നിൽ പരിശോധനയ്ക്കെത്തിയത്. ടീം രണ്ടിൽ വാർഡ് മെംബർ ജാൻസി, സ്പെഷൽ വില്ലേജ് ഓഫിസർ അനീഷ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് രേഷ്മ, വളയം ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്കുമാർ, എൽഎസ്ജിഡി എഇ ജോളി വളയം, പിഡബ്ല്യുഡി എഇ സുരഭി എന്നിവരാണുണ്ടായിരുന്നത്. ടീം 3ൽ വാർഡ് മെംബർ കെ.ശാരദ, എസ്‍വിഒ ഹാഷിം, ജിയോളജിസ്റ്റ് എസ്.അഖിൽ, എഇ രേവതി, കുറ്റ്യാടി പിഡബ്ല്യുഡി എഇ അഖിൽ, എച്ച്ഐ സജിത്ത് എന്നിവരും ടീം 4ൽ നരിപ്പറ്റ പഞ്ചായത്ത് മെംബർ അൽഫോൻസ്, ചെക്യാട് വില്ലേജ് ഓഫിസർ സുരേഷ്, നരിപ്പറ്റ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, നരിപ്പറ്റ എൽസ്ജിഡി എഇ ആര്യ ബാബു, പിഡബ്ല്യുഡി എഇ അഖിൽ കുറ്റ്യാടി എന്നിവരുമാണുണ്ടായിരുന്നത്.