ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും
Mail This Article
തിരുവനന്തപുരം∙ ഒട്ടോറിക്ഷ തൊഴിലാളിയായ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മുട്ടത്തറ വില്ലേജിൽ മാണിക്യ വിളാകം വാർഡിൽ ,പത്തേക്കറിൽ താമസക്കാരനായ അൻസാരി (പാണ്ടി അൻസാരി)ക്കാണ് ശിക്ഷ വിധിച്ചത്.
ഓട്ടോറിക്ഷ തൊഴിലാളിയായ അബ്ദുൾ ഷുക്കൂറും പ്രതികളായ അൻസാരിയും ഡിങ്കിരി മാഹീൻ എന്നു വിളിക്കുന്ന മാഹീനുമായുള്ള മുൻ വിരോധവും വാക്കുതർക്കവുമാണ് 42 വയസ്സുകാരനായ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകത്തിൽ കലാശിച്ചത്. 2014 ഡിസംബർ ഒൻപതിന് പകൽ 8.45 മണിയോടുകൂടിയാണ് അബ്ദുൾ ഷുക്കൂറിനെ അൻസാരി അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപിച്ച് കൊലപ്പെടുത്തിയത്. മാഹീൻ അബ്ദുൾ ഷുക്കൂറിനെ പിന്നിൽ നിന്നും അൻസാരിക്ക് കത്തികൊണ്ട് കുത്താൻ പിടിച്ച് വയ്ക്കുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ മാഹീൻ ജാമ്യമെടുത്ത ശേഷം ഒളിവിൽ പോയി. ഒന്നാം പ്രതി അൻസാരി കോടതിയിൽ ഹാജരായി വിചാരണ നേരിടുകയായിരുന്നു. പരിക്കേറ്റ് കിടന്ന അബ്ദുൾ ഷുക്കൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.