വടകര ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്
Mail This Article
വടകര ∙ പരിമിതികളെ അതിജീവിച്ചും ഓരോ ജീവനക്കാരും താഴേക്കിടയിലുള്ള ജോലി വരെ ചെയ്തതിന്റെയും ഫലമായി ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്. സംസ്ഥാനത്തെ 41 ആശുപത്രികളോട് മത്സരിച്ച് 7–ാം സ്ഥാനമാണ് വടകര ജില്ലാ ആശുപത്രിക്ക് കിട്ടിയത്. തലനാരിഴയ്ക്ക് 8 പോയിന്റ് കുറഞ്ഞതു കൊണ്ട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. അവാർഡായി ആശുപത്രിക്ക് 3 ലക്ഷം രൂപ ലഭിക്കും.
അവാർഡിനു വേണ്ടി ഈ ആശുപത്രിയെ പരിഗണിക്കുന്നത് ചരിത്രത്തിലാദ്യം. ആശുപത്രിയിലെ 90 ശതമാനം കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതാണ്. 66 വർഷം മുൻപ് പണിത കെട്ടിടം വരെയുണ്ട്. ജില്ലാ ആശുപത്രി പദവി കിട്ടിയിട്ടും ഇതിന് അനുസൃതമായ സൗകര്യങ്ങളില്ലാത്തതും വച്ചു നോക്കുമ്പോൾ 7–ാം സ്ഥാനം തന്നെ വലിയ നേട്ടമായി ആശുപത്രി ജീവനക്കാർ കാണുന്നു. ആശുപത്രിക്ക് ആവശ്യമായ ജീവനക്കാരെ അതുവരെ അനുവദിച്ചിട്ടില്ല. ഇതു കാരണം അവധി ദിവസങ്ങളിലും രാത്രി വൈകിയും ജോലി ചെയ്താണ് ആശുപത്രിയെ 7–ാം സ്ഥാനത്തേക്ക് ഉയർത്തിയത്. ആശുപത്രി സുപ്രണ്ട് സരള നായർ, അന്നത്തെ ലേ സെക്രട്ടറി ബിജോയ് ബി.ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ ടീം വർക്കാണ് ഈ വിജയം ആശുപത്രിക്ക് സമ്മാനിച്ചത്.