ADVERTISEMENT

കടലുണ്ടി ∙ റെയിൽവേ സ്റ്റേഷനു സമീപം അടച്ചിട്ട 2 വീടുകളിൽ മോഷണം. ഐറ്റുവളപ്പിൽ സുഫിയാൻ മൻസിലിൽ സഫറുല്ല, അരളുഴി പാലത്തിനു സമീപം തയ്യിൽ ഹബീബ് റഹ്മാൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി കള്ളൻ കയറിയത്. സഫറുല്ലയുടെ വീട്ടിൽ നിന്നു 3,000 രൂപയും ഹബീബ് റഹ്മാന്റെ വീട്ടിൽ നിന്നു 2500 രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തും മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണു കള്ളൻ അകത്തു കയറിയത്. ഓണം അവധിയെ തുടർന്നു 12ന് വൈകിട്ട് കൊല്ലത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു സഫറുല്ലയുടെ കുടുംബം. 

രാവിലെ ഭാര്യയുടെ ഉമ്മ വീട്ടിൽ എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൊളിച്ചതായി കണ്ടു. ഉടൻ നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് അകത്തു കയറി പരിശോധിച്ചപ്പോൾ 3 കിടപ്പു മുറികളിലെ അലമാരകൾ കുത്തിത്തുറന്നതായി കാണപ്പെട്ടു. രണ്ടിടത്തും അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. 14ന് രാത്രി വീട് അടച്ച് എടവണ്ണപ്പാറ കീഴുപറമ്പിലെ ഭാര്യയുടെ വീട്ടിൽ പോയതായിരുന്നു ഹബീബ് റഹ്മാന്റെ കുടുംബം. 

രാവിലെ അയൽക്കാർ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു വിവരം സമീപത്തുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവരുടെ 2 കിടപ്പു മുറികളിലെ അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, ഔട്ട് പോസ്റ്റ് എസ്ഐ ടി.പി.സജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും  തെളിവുകൾ ശേഖരിച്ചു.

വീട്ടിലെ മോഷണം: സൂചന ലഭിച്ചെന്ന് പൊലീസ്
പെരുവയൽ ∙ ചെറുകുളത്തൂർ കുന്നത്തു പറമ്പിലെ പാടേരി ഇല്ലത്ത് നിർമല അന്തർജനം (73) തനിച്ചു താമസിക്കുന്ന വീട്ടിലെ പൂട്ടു തകർത്ത് 30 പവനോളം സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിന്റെ അന്വേഷണച്ചുമതല മാവൂർ പ്രിൻസിപ്പൽ എസ്ഐ കെ.രമേശ് ബാബുവിന്. 

പ്രതികളെക്കുറിച്ചു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പകൽ വീട്ടിൽ കഴിയുന്ന നിർമല അന്തർജനം ശനിയാഴ്ച വൈകുന്നേരം വീടു പൂട്ടി സമീപത്തെ ബന്ധുവീട്ടിലേക്കു പോയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

English Summary:

This article reports on recent house robberies in Kadalundi and Peruvayal, Kerala. In Kadalundi, two houses were burglarized while the families were away for Onam holidays. In Peruvayal, an elderly woman was robbed of gold and cash. Police are actively investigating both cases.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com