മാമി തിരോധാനം: അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്: ചിലർ നിരീക്ഷണത്തിൽ
Mail This Article
കോഴിക്കോട് ∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തുടരന്വേഷണത്തിനു വേഗം കൂട്ടി. കേസ് പ്രത്യേകസംഘം അന്വേഷിക്കുകയാണെന്നും സമയബന്ധിതമായി കേസ് പൂർത്തിയാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയ ചില തെളിവുകൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.
2023 ഓഗസ്റ്റ് 21 ന് വൈകിട്ട് നഗരത്തിൽനിന്നു കാണാതായ മാമി ഭാര്യയ്ക്കു മെസേജ് അയച്ച മൊബൈൽ ഫോൺ 22 ന് ഉച്ചവരെ തലക്കുളത്തൂർ പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്ഐടി പ്രദേശത്തെ 488 വീടുകളിൽ നിരീക്ഷണം നടത്തുകയും മാമി എത്താൻ സാഹചര്യമുള്ള വീടുകളിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളിലേക്കു ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മാമി അയച്ച മെസേജിനെപ്പറ്റിയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. കാണാതായ ദിവസം മാമിക്കൊപ്പം ഉണ്ടായിരുന്നവരെപ്പറ്റിയും ഫോണിൽ ബന്ധപ്പെട്ടവരെപ്പറ്റിയും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ചിലരെ എസ്ഐടി വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇവരിൽനിന്നു ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൊഴിയെടുത്തേക്കും. ഇവരിൽ ചിലർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമാണ്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി യു.വിക്രമനെ വീണ്ടും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തണമെന്നാണു മുഹമ്മദ് ആട്ടൂർ തിരോധാന ആക്‌ഷൻ കമ്മിറ്റിയുടെ ആവശ്യം. നിലവിലുള്ള അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടത്താൻ നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നും കമ്മിറ്റി ചെയർമാൻ പി.രാജേഷ് കുമാർ അറിയിച്ചു.