ADVERTISEMENT

ചാത്തമംഗലം∙ ദുർഗന്ധം സഹിക്കാൻ വയ്യാതെ ബന്ധുക്കൾ വിരുന്നിനു പോലും എത്താത്ത വീടുകൾ, ഒരായുസ്സിന്റെ സമ്പാദ്യമായ വീടുകൾ ഉപേക്ഷിച്ച് ബന്ധു വീടുകളിലേക്ക് താമസം മാറിയവർ, ഉറവ വറ്റാത്ത കിണറും നിറയെ വെള്ളവും ഉണ്ടായിട്ടും മനഃസമാധാനത്തോടെ ഒരിറ്റു കുടിക്കാൻ കഴിയാതെ സങ്കടവും നിരാശയും ഉള്ളിൽ ഒതുക്കി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങൾ, ജനിച്ചു വളർന്ന നാടും കിടപ്പാടവും എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് എൻഐടി ഹോസ്റ്റലുകളിൽ നിന്നു മലിനജലം ഒഴുകി എത്തി ദുരിതം അനുഭവിക്കുന്ന പരിസരത്തെ കുടുംബങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. എൻഐടി ക്യാംപസിൽ നിന്നു പുറത്തേക്ക് ഒഴുകുന്ന മലിനജലം മൂലം പരിസരത്തെ തട്ടൂർപൊയിൽ, പാലക്കുറ്റി, 12ാം മൈൽ, സ്പ്രിങ് വാലി, ചോലക്കുഴി ഭാഗത്തെ കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. 

nit-news-pics-kozhikode-new
എൻഐടി വനിതാ ഹോസ്റ്റലിൽ നിന്നുള്ള മലിന ജലം ഒഴുകി എത്തി മലിനമായ വേനലിൽ പോലും വറ്റാത്ത ജലസ്രോതസ്സായ സ്പ്രിങ് വാലി സ്കൂൾ പരിസരത്തെ ചോലക്കുഴി

  പരാതിയും വിവാദവും ഉണ്ടാകുന്നതോടെ ചില ചെപ്പടി വിദ്യകൾ ഒപ്പിച്ചു എല്ലാം ശരിയാക്കി എന്നു വരുത്തി തീർക്കുക അല്ലാതെ നാളിതു വരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നു വീട്ടമ്മമാർ അടക്കമുള്ളവർ പരിഭവം പറയുന്നു. എൻഐടി മെഗാ ഹോസ്റ്റലിൽ നിന്നു മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്നു കഴിഞ്ഞ വർഷം ഡിസംബർ 17ന് ഹോസ്റ്റൽ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയിരുന്നു.  എന്നാൽ ഇതൊന്നും ഗൗനിക്കാതെ ആണ് ഇപ്പോഴും പ്രവർത്തനം. എൻഐടി ക്യാംപസിൽ നിന്ന് പരിസരത്തേക്ക് മലിന ജലം തുറന്നു വിട്ടതിനെ തുടർന്ന് പരിസരവാസികളുടെ ജീവിതം ദുസ്സഹമായ സംഭവം മാധ്യമ വാർത്തകളെ തുടർന്നും പൊതു പ്രവർത്തകരുടെ പരാതിയെ തുടർന്നും മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും പരിഹാരം കാണാൻ ഉത്തരവിടുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും പരിശോധന നടത്തി വീഴ്ചകൾ പരിഹരിക്കാൻ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതു വരെ തങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

clt-pollution-problem
പാലക്കുറ്റി റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന എൻഐടി ശുചിമുറി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും ദുർഗന്ധം പരക്കുന്നതായി സമീപവാസികളുടെ പരാതിയെ തുടർന്ന് വീടുകളോടു ചേർന്ന ഭാഗം ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിൽ.

മലിനജലം കെട്ടിനിൽക്കുന്നു
സംസ്ഥാന പാതയോരത്ത് 12ാം മൈൽ ഭാഗത്ത് ലേഡീസ് ഹോസ്റ്റലിൽ നിന്നുള്ള മലിനജലം കെട്ടി നിൽക്കുന്നത് ദുർഗന്ധത്തിനും പരിസരത്തെ ജലസ്രോതസ്സുകളിൽ മാലിന്യ കലരാനും കാരണമായിട്ടുണ്ട്. ഇവിടെയും ശുചിമുറി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെങ്കിലും എൻഐടി ക്യാംപസും നീലിറ്റ് ക്യാംപസും കടന്ന് അര കിലോമീറ്ററോളം ഒഴുകി എത്തി വേനലിൽ പോലും വറ്റാത്ത ചോലക്കുഴി നീരുറവയിൽ പതിക്കുകയാണ്. ഇതോടെ ചോലക്കുഴിയിലെ വെള്ളവും മലിനമായി. വനിത ഹോസ്റ്റൽ പരിസരത്ത് സംസ്ഥാന പാതയോരത്ത് മലിനജലം കെട്ടിക്കിടന്ന് ചതുപ്പ് ആയി മാറിയിട്ടുണ്ട്. ഇവിടെ നിന്നും ആണ് ചാത്തമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ഒഴുകി ചെറുപുഴയിലും ചാലിയാർ പുഴയിലും ചേരുന്ന വേനലിൽ പോലും ജലസമൃദ്ധമായി ഒഴുകുന്ന നെച്ചൂളി തോടിന്റെ തുടക്കം. വനിതാ ഹോസ്റ്റലിന് സമീപം ആയിരം വിദ്യാർഥികൾക്ക് താമസ സൗകര്യം ഉള്ള പുതിയ ലേഡീസ് മെഗാ ഹോസ്റ്റൽ നിർമാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഒഴുകി എത്തുന്ന മലിനജലം മഴക്കാലത്ത് കെട്ടി നിൽക്കുന്നതാണ് പ്രശ്നം എന്നും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തു ഒഴിവാക്കുന്നുണ്ട് എന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് എൻഐടി അധികൃതർ നൽകിയ മറുപടി. 

പരിധിയിലധികം പേരെ താമസിപ്പിക്കുന്നതു മൂലം എസ്ടിപി അടക്കം ശരിയായി പ്രവർത്തിക്കുന്നില്ല. പരാതി ഉയർന്ന സാഹചര്യത്തിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നത് പൂർണമായി തടയാനും നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മെഗാ ഹോസ്റ്റലിലും വനിതാ ഹോസ്റ്റലിലും പരിധിയിലും രണ്ടിരട്ടിയിലേറെ വിദ്യാർഥികളെ താമസിപ്പിച്ചതാണ് മലിന ജല സംസ്കരണ സംവിധാനം അടക്കം താളം തെറ്റുകയും പരിസരവാസികൾക്ക് ദുരിതത്തിനും കാരണം എന്നാണ് പരാതി. എസ്ടിപികളിൽ സംസ്കരിക്കുന്ന മലിനജലം പുറത്തേക്കും ജലസ്രോതസ്സുകളിലും ഒഴുകാതെ ക്യാംപസിൽ തന്നെ ഉപയോഗിക്കുക, ശുചിമുറി മാലിന്യം, അടുക്കള മാലിന്യം, മറ്റു മലിന ജലം, എണ്ണ അവശിഷ്ടം തുടങ്ങിയവ വെവ്വേറെ സംസ്കരിക്കാൻ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ മാസങ്ങൾ മുൻപ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി നിർദേശം നൽകിയിരുന്നു. അതേസമയം ക്യാംപസിലെ കുളം നവീകരണത്തിനിടെ മഴയിൽ ഭിത്തി തകർന്ന് അബദ്ധത്തിൽ വെള്ളം ഒഴുകിയതാണെന്നും കഴിഞ്ഞ വർഷം പരാതി ഉയർന്നപ്പോൾ തന്നെ പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചുമെന്നാണ് എൻഐടി അധികൃതർ പറയുന്നത്. മെഗാ ഹോസ്റ്റലിൽ നിന്നും എസ്ടിപി വഴി ശുചീകരിച്ച വെള്ളം 20 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്ക് നിർമിച്ച് അതിലേക്ക് പമ്പ് ചെയ്തു ചെടി നനയ്ക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത് എന്നും പുറത്തേക്ക് ഒഴുകുന്നില്ല എന്നുമാണ് വിശദീകരണം.

മഴവെള്ളത്തിനു ഒപ്പം മലിനജലം ഒഴുകി എത്തി തോട് പരിസരത്തെ വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. തോടിന് സമീപത്തെ കിണറുകൾ മിക്കതും മലിനമായ ഉപയോഗശൂന്യമായ നിലയിലാണ്. 

എത്തുന്നത് തട്ടൂർപൊയിൽ തോട്ടിലൂടെ
എൻഐടി ക്യാംപസിൽ കട്ടാങ്ങൽ– മാവൂർ റോഡ് പരിസരത്തെ മെഗാ ഹോസ്റ്റലിൽ നിന്നുള്ള മലിനജലം തട്ടൂർപൊയിൽ തോട്ടിലൂടെ ഒഴുകിയെത്തി ആണ് മെഗാ ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ നാട്ടുകാർ ദുരിതം അനുഭവിക്കുന്നത്. പരിസരത്തെ വീടുകളിലെ കിണറുകളാണ് ശുചിമുറി മാലിന്യം അടക്കം തുറന്ന് വിട്ടതിനെ തുടർന്ന് 2022 ഡിസംബറോടെ ആദ്യം മലിനമായത്. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ആദ്യം എൻഐടി അധികൃതർ കിണറുകൾ വറ്റിച്ച് ശുചീകരണം നടത്തിയെങ്കിലും പരിശോധനയിൽ വെള്ളത്തിൽ ഇ കോളി, കോളിഫോം ബാക്ടീരിയ സാന്നിധ്യം ഉയർന്ന തോതിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ മലിനീകരണ പ്രശ്നം വിവാദമാകുകയും മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഇടപെടലും മൂലം എൻഐടി അധികൃതർ പുതിയ ശുചിമുറി മാലിന്യ സംസ്കരണ സംവിധാനം അടക്കമുള്ളവയെ കുറിച്ച് പഠനം നടത്താൻ മദ്രാസ് ഐഐടി പ്രഫസറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. പിന്നീട് വേനലിൽ തോടിന്റെ ഒഴുക്കു നിലയ്ക്കുകയും വാർഷിക അവധി മൂലം ജൂലൈ അവസാനം വരെ ഹോസ്റ്റലുകൾ അടച്ചിടുകയും ചെയ്തതോടെ പ്രശ്നം അടങ്ങിയെങ്കിലും ഹോസ്റ്റലുകൾ പ്രവർത്തനം തുടങ്ങിയതോടെ എല്ലാം പഴയ പടിയായി. എൻഐടി ക്യാംപസിലെ കുളത്തിൽ നിന്നും തുടങ്ങുന്ന തട്ടൂർപൊയിൽ തോട് അരീക്കുളങ്ങര, നെച്ചൂളി വഴി ചെറുപുഴയിൽ ആണ് എത്തിച്ചേരുന്നത്.

മനുഷ്യാവകാശ കമ്മിഷൻ അടക്കം നിർദേശം നൽകിയിട്ടും നിയമം പാലിക്കാൻ തയാറാകാത്ത വിധം ധിക്കാരം നിറഞ്ഞ നിലപാടാണ് എൻഐടി അധികൃതർ പുലർത്തുന്നത്. നിബന്ധനകൾ പൂർണമായി പാലിക്കുന്നത് വരെ ഹോസ്റ്റലുകൾ അടച്ചു പൂട്ടാനും അനധികൃതമായി ഹോസ്റ്റലുകളിൽ പരിധിയിൽ അധികം താമസിപ്പിച്ച വിദ്യാർഥികളെ മതിയായ സൗകര്യം ഉള്ള സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനും നിയമം കർശനമായി നടപ്പാക്കാനും അധികൃതർ ശ്രമിച്ചാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ.

nit--pollution
കട്ടാങ്ങൽ മാവൂർ റോഡ് പരിസരത്തെ എൻഐടി മെഗാ ഹോസ്റ്റലിൽ നിന്നുള്ള മലിനജലം ക്യാംപസിൽ തട്ടൂർപൊയിൽ തോടിന്റെ നീരുറവ ആയ കുളത്തിലേക്ക് ഒഴുക്കി വിടുന്നത് പാലക്കുറ്റി റോഡിൽ നിന്നുള്ള കാഴ്ച.

എസ്ടിപി പേരിനു മാത്രം 
മെഗാ ഹോസ്റ്റൽ പരിസരത്തെ ശുചിമുറി സംസ്കരണ പ്ലാന്റ് (എസ്ടിപി) ശരിയാംവിധം പ്രവർത്തിക്കാത്തത് മൂലം പാലക്കുറ്റി ഭാഗങ്ങളിൽ വീടുകളിൽ ദുർഗന്ധം മൂലം ജീവിതം പൊറുതിമുട്ടിയ നിലയിലാണ്. ജനവാസ മേഖലയിൽ റോഡിനോട് ചേർന്ന് നിർമിച്ച എസ്ടിപിക്ക് എതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഈ ഭാഗം എൻഐടി അധികൃതർ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു എങ്കിലും ദുർഗന്ധം മൂലം വീടുകളുടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. 

English Summary:

Families residing near NIT hostels in Chathamangalam are enduring a public health crisis as untreated sewage contaminates their environment and water sources. D

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com