ADVERTISEMENT

കുറ്റ്യാടി ടൗൺ മുങ്ങി; കടകളിലും വെള്ളം
കുറ്റ്യാടി∙ വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ ടൗണിലെ കടകളിൽ വെള്ളം കയറി.തൊട്ടിൽപാലം റോഡിലും വടകര റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.വളരെ പ്രയാസപ്പെട്ടാണ് ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോയത്. ഗതാഗതക്കുരുക്കും രൂക്ഷമായി.വടകര റോഡിൽ കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിനടുത്തും തൊട്ടിൽപാലം റോഡിലും പത്തിലേറെ കടകളിൽ വെള്ളം കയറി. വ്യാപാരികൾക്ക് വൻ നഷ്ടമുണ്ട്.അഴുക്കുചാലുകൾ നികന്ന് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണു കടകളിൽ വെള്ളം കയറാൻ കാരണം.തൊട്ടിൽപാലം–വയനാട് റോഡ് റീടാറിങ് നടത്താൻ മെറ്റൽ നിരത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. ടാറിങ് പ്രവൃത്തി നടത്താത്തതിനാൽ പൊടി ശല്യം രൂക്ഷമാണ്.  റോഡിൽ നിരത്തിയ മെറ്റൽ മഴയിൽ ഒഴുകിപ്പോയി.

കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഫാൻസി കടയിൽ വെള്ളം കയറിയ നിലയിൽ.
കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഫാൻസി കടയിൽ വെള്ളം കയറിയ നിലയിൽ.

നാദാപുരത്ത് റോഡുകൾ വെള്ളത്തിൽ
നാദാപുരം∙  ഉച്ച കഴിഞ്ഞു മഴ ശക്തമായി പെയ്തതോടെ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട്.കല്ലാച്ചി വാണിമേൽ റോഡിൽ അഴുക്കുചാൽ ഇല്ലാത്ത ഭാഗങ്ങളിൽ റോഡിൽ കൂടിയാണ് മഴ വെള്ളം ഒഴുകുന്നത്. കല്ലാച്ചി മിനി ബൈപാസിനോടു ചേർന്നും മറ്റും അഴുക്കുചാലുകൾ അടഞ്ഞു കിടക്കുന്നതും മഴ വെള്ളം റോഡിൽ പരന്നൊഴുകാൻ ഇടയാക്കി.തെരുവൻപറമ്പിലെ ഒണിങ്ങിരിയാംകണ്ടി മുക്ക്, ഒലിപ്പിൽ പള്ളി മുക്ക്, ലൂളി ഗ്രൗണ്ട് പരിസരം തുടങ്ങിയവിടങ്ങളിലെല്ലാം റോഡിൽ കൂടിയാണ് വെള്ളമൊഴുകുന്നത്.

വടകരയിൽ ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ വെള്ളത്തിലായപ്പോൾ.
വടകരയിൽ ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ വെള്ളത്തിലായപ്പോൾ.

വടകരയും വെള്ളത്തിൽ
വടകര ∙ നിനച്ചിരിക്കാതെ ശക്തമായി പെയ്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി. വൈകിട്ട് തുടങ്ങിയ മഴ രാത്രി എട്ടു മണിയോടെയാണ് അൽപം ശമിച്ചത്. തിരക്കേറിയ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തെ റോഡിലും ജെടി റോഡിലും റോഡിൽ വെള്ളം നിറഞ്ഞത് കാരണം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഓട്ടോറിക്ഷകൾക്ക് ഓടാൻ കഴിയാത്തതു മൂലം യാത്രക്കാർ ബുദ്ധിമുട്ടി.   ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വെള്ളക്കെട്ടുണ്ടായി. ഇരുചക്ര വാഹനങ്ങൾ ഓഫായതു കൊണ്ട് ഏറെ പേർ ദുരിതത്തിലായി. ചില ഭാഗത്ത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ വാഹന പാർക്കിങ് സ്ഥലത്ത് ഒഴുകിയെത്തി കെട്ടിക്കിടന്നു. ഇവിടെയുണ്ടായിരുന്ന ബൈക്കുകൾ വെള്ളത്തിൽ മുങ്ങി.   റോഡിൽ കുഴി നിറഞ്ഞ ഭാഗത്ത് കെട്ടിക്കിടന്ന വെള്ളം മൂലം വാഹനയോട്ടം തടസ്സപ്പെട്ടു. നീണ്ട ഗതാഗതക്കുരുക്കുമുണ്ടായി.

അഴുക്കുചാൽ പണിയാത്തതിനാൽ മൂന്നാംകൈയിൽ റോഡരികിലെ വെള്ളക്കെട്ട്.
അഴുക്കുചാൽ പണിയാത്തതിനാൽ മൂന്നാംകൈയിൽ റോഡരികിലെ വെള്ളക്കെട്ട്.

അഴുക്കുചാൽ ഇല്ല; റോഡരികിൽ വെള്ളക്കെട്ട്
തൊട്ടിൽപാലം∙ അഴുക്കുചാൽ പണിയാത്തതിനാൽ വയനാട്  റോഡിൽ മൂന്നാംകൈയിൽ വെള്ളക്കെട്ട്. ഇവിടെയുള്ള കടകൾക്ക് മുന്നിലാണ് ചെറിയ മഴയത്തു പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിക്കുന്നതും പതിവാണ്. പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും അഴുക്കുചാൽ പണിയാനുള്ള നടപടി എടുക്കുന്നില്ലെന്നാണ് പരാതി.

English Summary:

Heavy downpours wreaked havoc in parts of Kerala, with Kuttiady, Nadapuram, and Vadakara experiencing severe flooding. Shops were flooded, roads transformed into rivers, and traffic came to a standstill. The lack of proper drainage systems exacerbated the situation, causing misery for residents and commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com