ADVERTISEMENT

കോഴിക്കോട്∙ നിസ്സാര സംഭവങ്ങളുടെ പേരിൽ കൗമാരക്കാർ വീട്ടിൽനിന്ന് ഒളിച്ചോടുന്നതു കൂടുന്നു. മാതാപിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം, പഠന സമ്മർദം, സമൂഹ മാധ്യമങ്ങളിലെ ബന്ധങ്ങൾ എന്നിവയാണു പ്രധാനമായും വീടുവിട്ടിറങ്ങാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പരിധിയിലെ ചേവായൂർ സ്റ്റേഷനിൽ മാത്രം കഴിഞ്ഞ 2 മാസത്തിനിടെ 11 കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 2 വർഷത്തിനിടെ കുട്ടികളെ കാണാതായതും തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടും 98 കേസുകളാണു റജിസ്റ്റർ ചെയ്തത്. ഇവരെയെല്ലാം കൃത്യസമയത്തു രക്ഷപ്പെടുത്താനായതു കൊണ്ടു മാത്രമാണു വൻ വിവാദമാകാതിരുന്നത്. 

കുട്ടികൾ സ്വയം വീടു വിട്ടിറങ്ങുന്നതു മാത്രമല്ല, സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിലെ ചില സംഘങ്ങളുടെയും വ്യക്തികളുടെയും പ്രേരണയുടെ ഭാഗമായി വീടുവിട്ടിറങ്ങിയ സംഭവങ്ങളും പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായ കുട്ടികളെയെല്ലാം യാത്രയ്ക്കായി എത്തിയ നിലയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നോ ബസ് സ്റ്റാൻഡിൽ നിന്നോ ആണു കൂടുതലും കണ്ടെത്തിയത്. ചിലരെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നും മറ്റു ചിലരെ സമൂഹമാധ്യമ സുഹൃത്തുക്കളുടെ അടുത്തേക്കുള്ള യാത്രയ്ക്കിടയിലും കണ്ടെത്തി. 

കാരണം പലത് (ഡോ.കെ.കൃഷ്ണകുമാർ, മാനസികാരോഗ്യ വിദഗ്ധൻ) 
ഒറ്റ സംഭവം കൊണ്ടുള്ള മാനസിക സമ്മർദം അല്ല, മിക്കപ്പോഴും കുട്ടികളെ ഇത്തരത്തിലുള്ള പ്രതികരണത്തിലേക്കു നയിക്കുന്നത്. ചെറിയ, ചെറിയ സമ്മർദങ്ങൾ ചേർന്നാണു വലിയ മാനസിക സമ്മർദം ഉണ്ടാകുന്നത്. അവസാനം ഉണ്ടായ അനുഭവം പെട്ടെന്നു പ്രതികരിക്കാൻ കാരണം ആകുന്നു എന്നു മാത്രം.കൗമാര പ്രായക്കാർക്ക് എടുത്തുചാടി കാര്യങ്ങൾ ചെയ്യാനുള്ള പ്രവണത കൂടുതലാണ്. ഇതു മാതാപിതാക്കൾ തിരിച്ചറിയണം. കുട്ടികളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കണം. അവർക്കു പറയാനുള്ളതു കേൾക്കണം. 

"സ്വാതന്ത്ര്യം എന്നതു തന്നിഷ്ടപ്രകാരം എന്തും പ്രവർത്തിക്കാനുള്ള അവസരമാണെന്നു കുട്ടികൾ തെറ്റിദ്ധരിക്കുന്നു. വീടുവിട്ട് ഓടിപ്പോകുന്ന കുട്ടികൾ ലഹരി, പെൺവാണിഭ സംഘങ്ങളുടെ കയ്യിൽ കുട്ടികൾ ചെന്നു ചാടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല കുട്ടികളെയും ഇത്തരം അപകടത്തിൽ നിന്നു രക്ഷപ്പെടുത്താൻ കഴിയുന്നത് പൊലീസിന്റെ വലിയ ശ്രമങ്ങൾ കൊണ്ടാണ്. കാണാതായ ഉടൻ പൊലീസിൽ വിവരം അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നാണക്കേട് ഓർത്തു രക്ഷിതാക്കൾ മൂടിവയ്ക്കരുത്. ആദ്യ മണിക്കൂറുകൾ പൊലീസിനെ സംബന്ധിച്ച് സുവർണ മണിക്കൂറുകളാണ്."

English Summary:

Kozhikode is witnessing a concerning surge in teenagers running away from home. Driven by social media influence, academic stress, and family disagreements, this trend highlights the vulnerability of youth and the need for increased awareness and support.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com