ADVERTISEMENT

തിരുവമ്പാടി∙ മണ്ണുഞ്ഞി –കൂടരഞ്ഞി റോഡ് തകർന്നതു യാത്രക്കാർക്കു ദുരിതമായി. കൂടരഞ്ഞി– തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കൂടരഞ്ഞിയിലേക്കുള്ള ബൈപാസ് ആയി ഉപയോഗിക്കാവുന്നതാണ്. 3 കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ ഒന്നര കിലോമീറ്റർ തിരുവമ്പാടി പഞ്ചായത്തിലും ഒന്നര കിലോമീറ്റർ കൂടരഞ്ഞി പഞ്ചായത്തിലുമാണ്. കക്കുണ്ട്– മറിയപ്പുറം റോഡിൽ നിന്ന് ആരംഭിച്ച് മണ്ണുഞ്ഞി വഴി കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം എത്തുന്നതാണ് റോഡ്.തിരുവമ്പാടി പഞ്ചായത്ത് അതിർത്തിയിൽ ഒരു വാഹനത്തിന് കഷ്ടിച്ചു കടന്നുപോകാനുള്ള വീതിയാണ് റോഡിനുള്ളത്. എന്നാൽ കൂടരഞ്ഞി പഞ്ചായത്ത് അതിർത്തിയിൽ റോഡിന് കുറെക്കൂടി വീതിയുണ്ട്. 

മറിയപ്പുറം റോഡിൽ നിന്ന് ആരംഭിക്കുന്ന മണ്ണുഞ്ഞി ജംക്‌ഷനിൽ തോടിനു മുകളിൽ കലുങ്ക് ഉയർത്തി കഴിഞ്ഞ വർഷം നിർമിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് ഉയർന്നാണ് നിൽക്കുന്നത്. ഇരുവശത്തും നല്ല താഴ്ചയാണ്. ഒരു വർഷത്തിനുള്ളിൽ 8 വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്. സുരക്ഷാ ഭിത്തിയോ കൈവരിയോ ഈ ഭാഗത്ത് ഇല്ല. സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല.റോഡിന്റെ പല ഭാഗത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടു. തിരുവമ്പാടി പഞ്ചായത്ത് അതിർത്തിയിൽ തോടിന്റെ കരയിലൂടെ പോകുന്ന റോഡ് ആയതിനാൽ പല ഭാഗത്തും തോട് ഇടിഞ്ഞ് റോഡിന്റെ വീതി കുറഞ്ഞ് അപകട നിലയിലാണ്. നാട്ടുകാർ കമുകിൻതടി വച്ച് തോടിന്റെ അതിർത്തി കാണിച്ച് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 

റോഡിന്റെ വലതു വശം ഉയർന്ന പ്രദേശം ആയതിനാൽ ഇവിടെ നിന്നും പോക്കറ്റ് റോഡുകളിലൂടെ വെള്ളം കുത്തിയൊഴുകി എത്തുന്നതും റോഡ് തകരുന്നതിനു കാരണമാകുന്നുണ്ട്. കൂടരഞ്ഞി പഞ്ചായത്ത് അതിർത്തിയിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലൂടെ വെള്ളം കുത്തിയൊഴുകയാണ്.വാർഡ് അംഗം റോസിലി ജോസ് സ്വന്തം കയ്യിൽനിന്ന് പണം എടുത്താണ് റോഡിന്റെ ഈ ഭാഗത്തെ കുറച്ച് സ്ഥലത്ത് ക്വാറി വെയ്സ്റ്റ് ഇട്ട് തൽക്കാലത്തേക്കു ഗതാഗതയോഗ്യമാക്കിയത്.

സർക്കാർ പഞ്ചായത്ത് പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചതാണു ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ സൈഡ് കെട്ടുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ 2022 മുതൽ ഇത്തരം പദ്ധതികളുടെ ഫണ്ട് അനുവദിക്കുന്നില്ല. പഞ്ചായത്തിന്റെ പരിധിയിൽ നിന്ന് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

കൂടരഞ്ഞി പഞ്ചായത്ത് പദ്ധതിയിൽ റോഡിന്റെ നവീകരണത്തിന് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുകൊണ്ട് നവീകരണം തീരില്ല. മറ്റു ഫണ്ടിനു വേ ണ്ടി ശ്രമിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളിൽ നിന്ന് കൂടി സഹായം കിട്ടുമോ എന്നും ശ്രമിക്കുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് അത്യാവശ്യമാണ്. അതിനു വേ ണ്ട നടപടികൾക്ക് കാര്യമായ ശ്രമം നടത്തുന്നുണ്ട്.

English Summary:

The deteriorating condition of the Mannunji-Koodaranji road in Kerala is causing significant difficulties for commuters and hindering its potential as a bypass for Koodaranji.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com