ADVERTISEMENT

നടുവണ്ണൂർ∙ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂട്ടുകാരനെപ്പോലെ കൂടെനിന്ന പുസ്തകങ്ങളോട് റിട്ട. അധ്യാപകനായ ഇ.എം.രവീന്ദ്രന് കടുത്ത പ്രണയമാണ്.     ജീവിതത്തിൽ പല വേഷങ്ങളിൽ കാലത്തെ പിന്നോട്ടു തള്ളിയപ്പോഴും അദ്ദേഹം കൈവിടാത്തൊരു കാര്യം വായനയായിരുന്നു. ഇന്ന് അയ്യായിരത്തോളം പുസ്തകങ്ങൾ സ്വന്തം വീട്ടിലൊരുക്കിയ ഈ ശേഖരത്തിലുണ്ട്. കുടുംബ പ്രാരാബ്ധത്തിൽ പഠനം പാതി വഴിയിൽ നിർത്തി ഹോട്ടലിലും മറ്റും ജോലി നോക്കിയപ്പോഴും രവീന്ദ്രൻ വായനയെ നെഞ്ചോടു ചേർത്തു. അന്നൊക്കെ ജീവിത ദുരിതങ്ങളിൽ നിന്നുള്ള മോചനമായിരുന്നു വായന. 

horthus-new-jpeg

ഏറ്റ‌വും നല്ല ഒരു പുസ്തകം നൂറു നല്ല സുഹൃത്തുക്കൾക്കു തുല്യമാണെന്ന ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ വാക്കുകളെ മുറുകെപ്പിടിക്കുന്ന ഇദ്ദേഹം സജീവ പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നു പൂർണമായും വായനയുടെ ലോകത്താണ്. മരുതോങ്കര ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് നല്ല മാർക്കോടെ പാസായെങ്കിലും തുടർന്ന് പഠിക്കാൻ സാഹചര്യം അനുവദിച്ചില്ല. അച്ഛന്റെ മരണശേഷം അമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു. പഠനം നിർത്തി ജോലി തേടിയിറങ്ങി. 10 വർഷത്തോളം ഹോട്ടലിലും മറ്റും ജോലി ചെയ്തു. 

തുച്ഛമായ കൂലിയായിരുന്നെങ്കിലും അന്നും പുസ്തകം വാങ്ങാൻ മടി കാണിച്ചില്ല. മരുതോങ്കരയിൽ നിന്നു താമസം നരയംകുളത്തേക്കു മാറ്റി. സഹോദരിമാരുടെ വിവാഹശേഷം വീണ്ടും പഠനം തുടങ്ങി. പേരാമ്പ്ര സികെജിഎം കോളജിൽ പ്രീഡിഗ്രി പഠിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ഡിഗ്രിക്കു പഠിക്കുന്നതിനിടയിൽ പത്തനംതിട്ട ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂളിൽ പ്രവേശനം ലഭിച്ചു. വയനാട് അമ്പലവയൽ ഗവ. സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി. 25 വർഷം ഇതേ സ്കൂളിൽ സേവനം ചെയ്തു. സ്കൂൾ ലൈബ്രറി വിപുലപ്പെടുത്തുന്നതിലും കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നതിലും വലിയ പങ്കു വഹിച്ചു. 2015ൽ വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമായെങ്കിലും കഴിഞ്ഞ 2 വർഷമായി പൊതുപ്രവർത്തനത്തിൽ നിന്നു താൽക്കാലികമായി വിട വാങ്ങി വായനയുടെ ലോകത്തേക്കു മാറിയിരിക്കുകയാണ്. 

ഇ.എം.രവീന്ദ്രൻ നിർദേശിക്കുന്നു നിങ്ങൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ:
1. ജൈവമനുഷ്യൻ – ആനന്ദ്
2. വൈലോപ്പിള്ളി കവിതകൾ
3. ആത്രേയകം – ആർ.രാജശ്രീ
4. ഗാന്ധിജിയുടെ ആത്മകഥ
5. വിശ്വ ചരിത്രാവലോകം – നെഹ്റു

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This heartwarming story features E.M. Raveendran, a retired teacher from Naduvannur, Kerala, who finds solace and companionship in his collection of 5000 books. Facing hardships throughout his life, Raveendran always turned to books for comfort and inspiration. Now retired, he dedicates his days to his passion for reading and recommends his favorite books.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com