ADVERTISEMENT

എഴുത്തും വായനയും വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്താണ് നാം. ഒരു ഭാഗത്ത്‌ എഴുത്തുകാരും പുസ്തകങ്ങളും പല രീതികളിൽ ആക്രമിക്കപ്പെടുന്നു. എം.എം. കൽബുർഗിയും ജി.എൻ.സായിബാബയും ഹബീബ് തൻവീറും യു.ആർ.അനന്തമൂർത്തിയും മുതൽ വെന്റി ഡോണിഗറും ജയിംസ്‌ ലൈനും സൽമാൻ റഷ്ദിയും വരെ എത്രയോ പേർ പല രീതികളിൽ ആക്രമണങ്ങൾക്കു വിധേയരായി, എത്രയോ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു.

horthus-new-jpeg

ജീവിതത്തിന്റെ വർധിച്ച വേഗവും ഭാഷകൾ നേരിടുന്ന വെല്ലുവിളികളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന സംസ്കാരവ്യവസായവും ജോലിക്ക് ആവശ്യമുള്ളതു മാത്രം വായിക്കാൻ പ്രേരിപ്പിക്കുന്ന കരിയറിസവും നൈമിഷികമായ വായനയ്ക്കു മാത്രം കൊള്ളാവുന്ന ഉപരിപ്ലവ സാഹിത്യവും വിവേകപൂർവമായ വിമർശനത്തിന്റെ അഭാവവും പ്രസാധനത്തെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയായി കാണുന്നതിനു പകരം കേവലം ലാഭം നേടാനുള്ള വ്യവസായമായി കാണുന്ന തരം പ്രസാധന സംരംഭങ്ങളുമെല്ലാം പുസ്തക സംസ്കാരത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ പൊതുസന്ദർഭത്തിൽ വച്ചുവേണം ഇന്ന് സാഹിത്യോത്സവങ്ങളെ കാണാൻ. 

ഇത്രയും പറഞ്ഞത് മലയാള മനോരമ നടത്തുന്ന ഹോർത്തൂസ് സാഹിത്യോത്സവത്തിന്റെ സന്ദർഭത്തിലാണ്. ഈ സാമൂഹിക-സാംസ്കാരിക സന്ദർഭം മനസ്സിൽ വച്ചു മാത്രമേ ഇന്ന് ലക്ഷ്യബോധത്തോടെയുള്ള ഏതു സാംസ്കാരിക സംരംഭവും പ്രസക്തമാകൂ. ഇന്ത്യ പോലെ ഒരു രാജ്യത്ത്, വിശേഷിച്ചും കേരളം പോലെ സാക്ഷരതയും സാഹിത്യസംസ്കാരവും വ്യാപകമായ ഒരിടത്ത്, കൃത്യമായ ത്യാജ്യ-ഗ്രാഹ്യവിവേചനം പുലർത്തിക്കൊണ്ടുള്ള എത്ര സാഹിത്യമേളകൾ ഉണ്ടായാലും മതിയാകില്ല. വിവിധ ഭാഷകളിലെ എഴുത്തുകാർക്ക് തമ്മിൽ കാണാനും സംവദിക്കാനുമുള്ള ഒരു വേദി ആയിരിക്കെത്തന്നെ, വായനക്കാർക്ക് എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ സാഹിത്യപരവും  സാംസ്കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ അറിയാനും ഇവ വേദി ഒരുക്കുന്നു. അതിനു സമാന്തരമായിത്തന്നെ വായനക്കാരുടെ കൂട്ടായ്മകളും ചർച്ചകളും സംഭവിക്കുന്നു. 

പുതിയ പുസ്തകങ്ങളെയും സാഹിത്യ പ്രവണതകളെയും അടുത്തറിയാൻ ഈ അവസരങ്ങൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട വായനക്കാർക്ക് സൗകര്യമൊരുക്കുന്നു. പുസ്തകങ്ങൾ നേരിട്ടു കാണാനും വാങ്ങാനുമുള്ള അവസരങ്ങൾ കൂടി ആകാറുണ്ട് ഈ ഉത്സവങ്ങൾ. സാഹിത്യം മാത്രമല്ല ചിത്രകല, ശിൽപകല, നാടകം, ചലച്ചിത്രം, സംഗീതം, വാസ്തുശിൽപം തുടങ്ങിയ ഇതരകലകളും ഭിന്നഭാഷകളിലെ വർത്തമാനസ്ഥിതികളും സംവാദത്തിനു വിഷയമാകുന്നു; ഒപ്പം വായനാസംസ്കാരത്തിന്റെ വ്യാപനത്തിനും, നല്ലതും ചീത്തയും തിരിച്ചറിയുന്നതിനും ഒരു അവസരം ഒരുക്കുന്നു. നേരത്തേ സൂചിപ്പിച്ച പോലെ, വിമർശനം താരതമ്യേന പ്രക്ഷീണമായ ഇക്കാലത്ത് ഈ ധർമത്തിന് പ്രസക്തി ഏറെയാണ്‌.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This article examines the significance of literary festivals in an era when literature faces challenges like censorship and declining reading habits. Using the Hortus Literature Festival as an example, the author highlights how such events provide vital platforms for dialogue, critical engagement, and the promotion of reading and diverse art forms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com