ADVERTISEMENT

കോഴിക്കോട്∙ ഹോർത്തൂസിന്റെ ആഘോഷത്തിലേക്കു നാടുണരുകയാണ്. കേരളത്തിലെ ഏറ്റവും വലിയ കലാ സാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറം ഒരുങ്ങുകയാണ്. ‘ഹോർത്തൂസ്’ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിന്റെ പേരാണ്. മലബാറിന്റെ പുഷ്പ–സസ്യ വൈവിധ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രപ്രസിദ്ധമായ പുസ്തകം ‘ഹോർത്തൂസ് മലബാറിക്കസ്’ തേടി മലയാളികൾ നടക്കുകയാണ്. ആ പുസ്തകത്തിന്റെ മുഖചിത്രം വരച്ചത് ഒരു പൊലീസുകാരനാണ്. 

horthus-new-jpeg

സസ്യശാസ്ത്രകാരനും പത്മശ്രീ ജേതാവുമായ കോഴിക്കോട് സ്വദേശി ഡോ. കെ.എസ്. മണിലാലാണ് ഹോർത്തൂസ് മലബാറിക്കസിന് ഇംഗ്ലിഷ് പരിഭാഷ ഒരുക്കിയത്. കേരള സർവകലാശാല പുറത്തിറക്കിയ ഹോർത്തൂസ് മലബാറിക്കസിന്റെ മുഖചിത്രമാണ് തൃശൂർ സിറ്റി പൊലീസിൽ എഎസ്ഐ ആയി ജോലി ചെയ്യുന്ന രാജേശ്വരൻ വരച്ചത്. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികളെ പിടിക്കാനുള്ള രേഖാചിത്രം വരച്ച കലാകാരൻ കൂടിയാണ് രാജേശ്വരൻ. തൃശൂർ ജില്ലയിലെ മാള പൂപ്പത്തി ആനാമ്പലത്ത് ദാമോദരന്റെയും ദേവയാനിയുടെയും മകനാണ്.

വർഷങ്ങൾക്കു മുൻപ് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അപ്രന്റീസായി ജോലി ചെയ്യുമ്പോഴാണ് രാജേശ്വരന് അപൂർവാവസരം ലഭിച്ചത്. കേരളത്തിലെ സസ്യസമ്പത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഗ്രന്ഥം, മലയാള ലിപികൾ ചിത്രരൂപത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യഗ്രന്ഥം എന്നീ പ്രത്യേകതകളുള്ള പുസ്തകമാണ് ഹോർത്തൂസ് മലബാറിക്കസ്. ഗ്രന്ഥത്തിന്റെ പ്രാധാന്യം അറിയുന്നതിനാൽ ഏറെ ശ്രദ്ധയോടെ ഉള്ളടക്കത്തിനോടു യോജിക്കുന്ന ആശയവും വർണവും നൽകി ചിത്രം പൂർത്തിയാക്കിയത്. 

ഗ്രന്ഥകർത്താവായ ഇട്ടി അച്ചുതനോടൊപ്പമുള്ള 3 ഭട്ടുവൈദ്യൻമാരുടെ നടുവിൽ പ്രത്യക്ഷപ്പെടുന്ന ഡച്ച് പൂന്തോട്ടദേവതയും ദേവതയ്ക്ക് ചെടികൾ സമ്മാനിക്കുന്ന വൈദ്യൻമാരും എന്നതാണ് മുഖചിത്രത്തിന്റെ ആശയം. 334 വർഷം മുൻപുള്ള രേഖാചിത്രങ്ങളുടെ ശൈലി വേണം എന്നു മാത്രമായിരുന്നു രാജേശ്വരനു ലഭിച്ച നിർദേശം. പൂർണമായും ഡച്ചുശൈലിയിലെ കെട്ടിട നിർമാണരീതിയും വർണക്കൂട്ടുകളിലെ വൈവിധ്യവും അർഥപൂർണമായ പല മാറ്റങ്ങളും കൂട്ടിച്ചേർത്താണ് വരച്ചത്. 2 മാസം എടുത്താണ് രാജേശ്വരൻ പുസ്തകത്തിന് പുറംചട്ട തയാറാക്കിയത്.  

ചിത്രം കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെ ദ്വിഭാഷാ പതിപ്പുകളിലേക്ക് അംഗീകരിക്കപ്പെട്ടു. പുസ്തകം പുറത്തുവന്നു വർഷങ്ങൾ പിന്നിട്ടിട്ടും രാജേശ്വരനെ തേടി അഭിനന്ദനങ്ങൾ വരാറുണ്ട്. രാജേശ്വരൻ 2003ൽ ആണ് കേരള പൊലീസ് സേനയുടെ ഭാഗമായത്. ഐഎസ്ആർഒ ജീവനക്കാരന്റെ കൊലപാതകം, പെരിഞ്ഞനം നവാസ് വധം, മലക്കപ്പാറ വിശ്വനാഥൻ വധം തുടങ്ങിയ കേസുകളിൽ പ്രതികളെ കണ്ടെത്താൻ രാജേശ്വരൻ വരച്ച പ്രതികളുടെ രേഖാചിത്രങ്ങൾ സഹായകമായിട്ടുണ്ട്. വിദ്യഭ്യാസവകുപ്പിൽ ജോലിചെയ്യുന്ന ബിസയാണ് ജീവിതപങ്കാളി. ദേവാംഗന, ഇതിഹാസ് എന്നിവരാണ് മക്കൾ.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Kozhikode is buzzing with excitement as it prepares to host 'Hortus,' Kerala's largest art and literature festival. The festival's name pays homage to the iconic botanical treatise 'Hortus Malabaricus,' a book documenting Kerala's diverse flora. Adding to the intrigue is the story behind the book's captivating cover, illustrated by Rajeshwaran, an ASI with the Thrissur City Police, known for his artistic talent and crime-solving sketches. This article delves into the making of the cover, Rajeshwaran's unique journey, and the upcoming 'Hortus' festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com