ആഫ്രിക്കൻ പായൽ വളർന്നു വ്യാപിച്ചു; നല്ലൂർ കോട്ടപ്പാടം ജലാശയം നാശത്തിന്റെ വക്കിൽ
Mail This Article
ഫറോക്ക് ∙ ആഫ്രിക്കൻ പായൽ വളർന്നു വ്യാപിച്ചു നല്ലൂർ കോട്ടപ്പാടം ജലാശയം നാശത്തിന്റെ വക്കിൽ. 9 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ജലാശയത്തിൽ നിറയെ പായൽ പരന്നു. വെള്ളം കാണാത്ത വിധം നിറഞ്ഞ പായൽ ചീഞ്ഞഴുകി. ഇതു പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നതിനു പുറമേ മറ്റു ജലസ്രോതസ്സുകളിലേക്കു കൂടി പടരുമോയെന്ന ഭീതിയിലാണു നാട്ടുകാർ.ഏറെക്കാലം നാട്ടുകാർ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന ജലാശയം പിന്നീട് സംരക്ഷണ നടപടിയില്ലാത്തതിനാൽ ഉപയോഗരഹിതമായി. മഴയിൽ അഴുക്കു വെള്ളം ഒഴുകിയെത്തി ചെളിയും മാലിന്യവും വ്യാപിച്ചു. ഇതോടെ ജലാശയത്തെ ജനം കയ്യൊഴിഞ്ഞു.
കോട്ടപ്പാടം റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുൻപു പലവട്ടം നീർത്തടം ശുചീകരിച്ചെങ്കിലും വീണ്ടും പെട്ടെന്നു പായൽ വ്യാപിച്ചു.നല്ലൂർ, കോട്ടപ്പാടം മേഖലയിലെ കിണറുകളിൽ ജലവിതാനം നിലനിർത്താൻ ഈ നീർത്തടം വലിയ പങ്കുവഹിക്കുന്നുണ്ട്. തുരുത്തുകളും ദേശാടനപ്പക്ഷികളും എത്തുന്ന പ്രദേശത്തെ ടൂറിസം സാധ്യത വലുതാണ്. മത്സ്യസമ്പത്ത് ഏറെയുള്ള ജലാശയം പായൽ നീക്കി ശുചീകരിച്ചു സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കാർഷിക ആവശ്യങ്ങൾക്കു ജലാശയത്തിലെ വെള്ളം പ്രയോജനപ്പെടുത്താൻ ജലസേചന പദ്ധതികൾ ആരംഭിക്കാമെങ്കിലും ഇതിനു നടപടിയില്ല.
സ്വകാര്യ ഉടമസ്ഥതയിൽ
9 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കോട്ടപ്പാടം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ആഴമേറിയ നീർത്തടം ഏറെക്കാലമായി വെറുതെ കിടപ്പാണ്. കോട്ടപ്പാടം ഭൂപ്രദേശം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നഗരസഭ ഭരണസമിതി തീരുമാനമെടുത്തു ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ജലടൂറിസം പദ്ധതികൾ നടപ്പാക്കി വിനോദ കേന്ദ്രമാക്കി വികസിപ്പിച്ചാൽ സഞ്ചാരികളെ ആകർഷിക്കാനാകും.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാം. ടിപ്പുക്കോട്ടയും കോട്ടപ്പാടവും ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം ശൃംഖലയ്ക്കും ഏറെ സാധ്യതയുണ്ട്. ജലാശയത്തിന്റെ കരയിൽ പാർക്ക് നിർമിച്ചാൽ നഗരവാസികൾക്കു ഉല്ലാസത്തിനും സൗകര്യമാകും. ടിപ്പുക്കോട്ടയിൽ നിന്നു കോട്ടപ്പാടത്തേക്കു പ്രകൃതി സഞ്ചാര പാത ഒരുക്കിയാൽ ഫറോക്കിന്റെ മുഖഛായ മാറ്റാനാകും.
ടിപ്പുവിന്റെ പടയോട്ട കാലത്തെ കൃഷിസ്ഥലം
ടിപ്പുവിന്റെ പടയോട്ട കാലത്തെ ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ഇടമാണ് നല്ലൂർ കോട്ടപ്പാടം. ടിപ്പുവിന്റെ ഒളിത്താവളമായിരുന്ന ഫറോക്കിലെ കോട്ടയോട് ചേർന്ന പ്രകൃതിരമണീയമായ പ്രദേശമാണിത്. ടിപ്പുവിന്റെ സേനാംഗങ്ങൾ കാർഷികവൃത്തിക്കു ഉപയോഗിച്ചിരുന്ന കോട്ടപ്പാടം പിൽക്കാലത്ത് ഓടു വ്യവസായത്തിനു കളിമണ്ണ് ഖനനം ചെയ്തു വലിയ തടാകമായി മാറി. ചിറയ്ക്കു ചുറ്റും പടർന്നു പന്തലിച്ച തണൽ മരങ്ങൾ പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചയാണ്. ദേശാടന പക്ഷികളും മത്സ്യ സമൃദ്ധിയുമായി അനുഗൃഹീതമായ കോട്ടപ്പാടം നഗരസഭയിലെ പ്രധാന ജലസ്രോതസ്സ് കൂടിയാണ്.