ADVERTISEMENT

മലയാള മനോരമ ഹോർത്തൂസ് സാഹിത്യ കലോത്സവം ഒരുക്കുമ്പോൾ പഴയ ചില കോഴിക്കോടൻ ഓർമകൾ മനസ്സിൽ എത്തുകയാണ്. 1976ൽ മനോരമ മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ 3 ദിവസം നീണ്ട സാഹിത്യ ശിൽപശാല സംഘടിപ്പിച്ചിരുന്നു. ക്യാംപ് അംഗമായി പ്രീഡിഗ്രി വിദ്യാർഥിയായ ഞാനുമുണ്ടായിരുന്നു. വൈലോപ്പിള്ളിയും പൊറ്റെക്കാട്ടും കെ.ടി.മുഹമ്മദും അക്കിത്തവും അടക്കമുള്ള ഒരുപാട് എഴുത്തുകാരെ നേരിൽ കാണുന്നത് അന്നാണ്.

horthus-new-jpeg

എഴുപതുകളുടെ അവസാനമാണ് ഞാൻ കോഴിക്കോടൻ മനസ്സ് അറിഞ്ഞുതുടങ്ങുന്നത്. ശരിക്കും ഞാൻ കോഴിക്കോട്ടുകാരനായിട്ട് 30 വർഷത്തിലേറെയായി. എഴുത്തുകാരില‍െ ആദ്യ പരിചയം കുഞ്ഞുണ്ണി മാഷുമായിട്ടാണ്. കോഴിക്കോട്ടെ എഴുത്തുകാരൊന്നും കോഴിക്കോട്ട് ജനിച്ചവരല്ല. ആകെ കോഴിക്കോടിന് അവകാശപ്പെടാവുന്നത് പി.വി.മുഹമ്മദ്കോയ എന്ന മുഷ്താഖ് മാത്രം. കുറ്റിച്ചിറയിൽ വേരുറച്ചവൻ. കോഴിക്കോട്ട് വന്നു കൂടിയവരാണ് മറ്റ് എഴുത്തുകാരെല്ലാം. സ്നേഹമുള്ള ഈ മധുശാല എല്ലാവരെയും ഉദാരമായി സൽക്കരിച്ചു.

പത്മരാജനും ജോൺ എബ്രഹാമും നരേന്ദ്രപ്രസാദും കോഴിക്കോട്ട് വന്നു മരിച്ചു. എഴുത്തുകാരായാലും സംഗീതജ്ഞരായാലും നാടക കലാകാരന്മാരായാലും ചിത്രകാരന്മാരായാലും ചലച്ചിത്ര പ്രവർത്തകരായാലും ദൃഢമായ കൂട്ടായ്മയുടെ വലിയ ഒരു പാരമ്പര്യം കോഴിക്കോടിന് അവകാശപ്പെടാനുണ്ട്. കോഴിക്കോടിന്റെ മനസ്സിലേക്ക് ഞാൻ കയറിച്ചെല്ലുന്നത് പുനത്തിൽ കുഞ്ഞബ്ദുല്ലയോടൊത്താണ്. എംടിയെ പരിചയപ്പെടുത്തിത്തന്നത് കുഞ്ഞബ്ദുല്ലയാണ്. കുഞ്ഞബ്ദുല്ലയും ഇവിടെത്തന്നെ മരിച്ചു.

ഉറക്കമില്ലായ്മയായിരുന്നു പഴയ കോഴിക്കോടൻ രാത്രികളുടെ സവിശേഷത. പാതിരാവരെ നീളുന്ന വലിയങ്ങാടിയിലെ കച്ചവടം. കുറ്റിച്ചിറയിലെയും കുണ്ടുങ്ങലിലെയും കോയാഗൃഹങ്ങളിലെ നേരം വെളുപ്പിക്കുന്ന സൽക്കാരങ്ങൾ. മദിര തുളുമ്പുന്ന രാത്രിസൽക്കാരങ്ങളെ കൊഴുപ്പിക്കാൻ ബാബുരാജിന്റെ സ്വരമാധുരിയും ആ ഹാർമോണിയത്തിന്റെ ശ്രുതിലഹരിയും. ലക്കുകെട്ട് മദിക്കുന്ന അനുയായിവൃന്ദത്തിനായി ബാബുരാജ് ഉറക്കെപ്പാടി;

‘കണ്ണീരും സ്വപ്നങ്ങളുംവിൽക്കുവാനായ് വന്നവൻ ഞാൻ ഇന്നു നിന്റെ മന്ദിരത്തിൽ സുന്ദരമാം ഗോപുരത്തിൽ’.ഗ്രാമഫോണിൽ ബഷീറിനോടൊത്ത് പാട്ടു കേട്ടിരുന്ന രാപകലുകൾ ഓർമയെ മദിപ്പിക്കുന്നു. ഉന്മാദലഹരിയുടെ സൗഹൃദം തന്ന മറ്റു 2 പേർ തിക്കോടിയനും കെ.ടി.മുഹമ്മദുമാണ്. തിക്കോടിയൻ ഓർമകൾ എഴുതി. കെ.ടി എഴുതിയില്ല. എഴുതിയിരുന്നെങ്കിൽ അതൊരു വലിയ മനുഷ്യകാല ഭൂപടമാകുമായിരുന്നു. പുതിയങ്ങാടിയിലെ കലിംഗ തിയറ്റഴ്സിന്റെ ഓഫിസിൽവച്ചാണ് കെടിയോടൊപ്പം ചേരുക. ഒരു വശത്ത് നാടകത്തിന്റെ റിഹേഴ്സൽ–മറുവശത്ത് ഓർമകളിൽ സഞ്ചരിക്കുന്ന കെ.ടി. 

എപ്പോഴും ചിരിക്കുന്ന, ചിരിപ്പിക്കുന്ന തിക്കോടിയൻ കോഴിക്കോടിന്റെ വലിയ നഷ്ടസൗഭാഗ്യമാണ്. അദ്ദേഹം പറഞ്ഞ ഒരു കഥ ഓർമ വരുന്നു; 1956ലെ ഐക്യ കേരള പിറവി. നവംബർ 1നു രാത്രി 12ന് മിഠായിത്തെരുവിലൂടെ കോഴിക്കോട്ടെ എല്ലാ കലാകാരന്മാരും ആടിപ്പാടി നടന്നു. മുല്ലവീട്ടിൽ അബ്ദുറഹ്മാന്റെ ആശയമായിരുന്നു. ഏറ്റവും മുന്നിൽ കെ.പി.കേശവമേനോൻ, കുട്ടിക്കൃഷ്ണ മാരാർ, എൻ.വി.കൃഷ്ണവാരിയർ.

എംടിയും തിക്കോടിയനും കോഴിക്കോട് അബ്ദുൽ ഖാദറും കുഞ്ഞാണ്ടിയും പുതുക്കുടി ബാലനും സംഘം ചേർന്ന് ആഘോഷത്തോടെ നടന്ന ആ രാത്രി കോഴിക്കോടിന്റെ ചരിത്രരേഖയിൽ തങ്കനൂലുകൊണ്ട് കോർത്തുകെട്ടി. ആകാശവാണി കോഴിക്കോട്ട് വരുന്നത് 1952ൽ ആണ്. ഉറൂബും പി.ഭാസ്കരനും അക്കിത്തവും തിക്കോടിയനും കക്കാടും കൊടുങ്ങല്ലൂരുമെല്ലാം ആകാശവാണിയെ അലങ്കരിച്ചു. 

സാഹിത്യത്തിന്റെയും നാടകത്തിന്റെയും സിനിമയുടെയും സംഗീതത്തിന്റെയും ചിത്രകലയുടെയും പത്രപ്രസിദ്ധീകരണങ്ങളുടെയും പുസ്തകപ്രസാധനത്തിന്റെയും അത്ഭുതകരമയ ചരിത്രം കോഴിക്കോടിന് പറയാനുണ്ട്. ഹോർത്തൂസ് ഉത്സവം അതിനെയൊക്കെ ദീപ്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആഹ്ലാദത്തോടെ കരസൗഹൃദവുമായി ഞാൻ കൂടെയുണ്ട്.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This heartfelt piece reminisces about Kozhikode's rich literary and artistic heritage, recalling legendary writers like MT Vasudevan Nair, Uroob, and Akkitham, and the city's captivating cultural scene. The author shares personal anecdotes and highlights Kozhikode's unique blend of literature, music, and camaraderie, welcoming the Hortus Literature Festival as a celebration of this legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com