ADVERTISEMENT

കൊയിലാണ്ടി∙ഗവ. കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.ഇ.ശ്രീജിത്ത് വീട്ടിൽ ഒരുക്കിയ ഗ്രന്ഥശാലയിലെ പുസ്തകങ്ങളിൽ പലതും ഇപ്പോൾ അച്ചടിയിലില്ല. 1845നു മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അത്തരം പുസ്തകങ്ങളുടെ പകർപ്പുകളുമാണു മിക്കവയും. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തക ശേഖരം നിധി പോലെ കാത്തുസൂക്ഷിക്കുകയാണ് ഈ അധ്യാപകൻ. ശേഖരത്തിലുള്ള പഴയകാല പാഠപുസ്തകങ്ങൾ കോഴിക്കോട്ടും കൊച്ചിയിലും രാജ്യാന്തര പുസ്തക മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

horthus-new-jpeg

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്ത പാഠപുസ്തകങ്ങളായ ഗുണ്ടർട്ട് രചിച്ച പാഠാരംഭം (1845), പാഠമാല (1860), കാനാ രാമനെഴുത്തച്ഛൻ എഴുതിയ ആദ്യ ക്ഷേത്രഗണിത ഗ്രന്ഥം (1857), മദ്രസ് സർക്കാർ പ്രസിദ്ധീകരിച്ച ബീജഗണിതം (1862), ലിസ്റ്റൻ ഗാർത് വെയ്റ്റ് എന്ന ബ്രിട്ടീഷുകാരന്റെ പാഠപുസ്തകങ്ങൾ, മലയാളത്തിലെ ആദ്യ കലാലയ മാഗസിൻ വിദ്യാസംഗ്രഹം (കോട്ടയം സിഎംഎസ് കോളജിനു വേണ്ടി റിച്ചാർഡ് കോളിൻസ് എഡിറ്റ് ചെയ്തത്-1864-66), കേരളവർമ വലിയ കോയിത്തമ്പുരാൻ രചിച്ച തിരുവിതാംകൂർ പാഠാവലികൾ (1867-1890), മലയാളത്തിലെ ആദ്യ ഫിസിക്സ് ഗ്രന്ഥമായ പ്രകൃതി ശാസ്ത്രം (1883ൽ ഫ്രോൺ മേയർ എന്ന ജർമൻകാരൻ രചിച്ചത്), പാച്ചുമൂത്തതിന്റെ ചരിത്ര, വ്യാകരണ ഗ്രന്ഥങ്ങൾ, ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നിവരുടെ ഡിക്‌ഷണറികൾ, മലയാളത്തിലെ ആദ്യ സാങ്കേതിക പദനിഘണ്ടുവായ ജോൺ ഹോക്സ് വർത്തിന്റെ വിഭക്ത പദസംഗ്രഹം തുടങ്ങി 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രസിദ്ധീകരിച്ച പല വൈജ്ഞാനിക ഗ്രന്ഥങ്ങളും ഈ ശേഖരത്തിലുണ്ട്.

ഗ്രന്ഥാക്ഷരത്തിൽ അച്ചടിച്ച കാളിദാസ കൃതികളും ഈ ശേഖരത്തിലെ അമൂല്യ പുസ്തകങ്ങളാണ്. ഗവേഷണ തൽപരർക്ക് തന്റെ കൈവശമുള്ള അമൂല്യശേഖരം ഉപയോഗപ്പെടുത്താൻ ഇദ്ദേഹം സദാസന്നദ്ധവുമാണ്.

വായനക്കാർക്ക് ഡോ.ഇ.ശ്രീജിത്ത് നിർദേശിക്കുന്ന പുസ്തകങ്ങൾ: 
1. കവിയുടെ കാൽപാടുകൾ (പി.കുഞ്ഞിരാമൻനായർ)
2. ഞാൻ (എൻ.എൻ.പിള്ള)
3. ഊഞ്ഞാൽ (വിലാസിനി)
4. മലയാളവും ഹെർമൻ ഗുണ്ടർട്ടും (ഡോ.സ്കറിയ സക്കറിയ)
5. അനന്തതയിലേക്ക് ഒരു പാത (ജോർജ് ഗീവർഗീസ് ജോസഫ്)

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Dr. E. Sreejith, a history professor, possesses a remarkable collection of rare and out-of-print books, primarily focused on Malayalam literature and Kerala history. This collection includes first editions of important textbooks, historical works, and dictionaries, offering a unique window into 19th-century Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com