ADVERTISEMENT

കടിയങ്ങാട് ∙ കൂത്താളി പഞ്ചായത്ത് 2–ാം വാർഡും ചങ്ങരോത്ത് പഞ്ചായത്ത് 12–ാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലം അടിത്തറ തകർന്നു അപകടാവസ്ഥയിൽ. കടിയങ്ങാട് പുല്ല്യോട്ട് റോഡിൽ വയലിന്റെ നടുവിലുള്ള പാലം തകർന്നാൽ ഗതാഗതം പൂർണമായി നിലയ്ക്കും. 1990-91 വർഷത്തെ ജെആർവൈ പദ്ധതിയിൽ ലഭിച്ച 16000 രൂപയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതു ഫണ്ടും യുവജന ശ്രമദാനവും കൂടിയാണ് പാലം നിർമാണം പൂർത്തീകരിച്ചത്. 

അന്ന് പഞ്ചായത്ത് മെംബർ ആയിരുന്ന കെ.ആയിഷയുടെ ശ്രമഫലമായിട്ടാണ് പാലത്തിന്റെ നിർമാണം നടന്നത്. സാങ്കേതിക വിദ്യയുടെ ഇടപെടൽ കൂടാതെ നിർമിച്ച പ്രവൃത്തിക്ക് മണ്ണ് പരിശോധനയും പില്ലർ നിർമാണത്തിന് പൈലിങ്ങും നടത്തിയിരുന്നില്ല. പാലത്തിന്റെ ഇരു വശത്തും നെൽക്കൃഷി നടത്തുന്ന വയൽ ആയതിനാൽ ചതുപ്പ് നിലത്ത് വെള്ളക്കെട്ട് പതിവാണ്. മഴക്കാലത്ത് പാലത്തിന് അടിയിലൂടെയുള്ള മലവെള്ളപ്പാച്ചിലും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. 

കടിയങ്ങാട് നിന്നു മൂരികുത്തി പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്കും, കല്ലൂർ ചേനായിക്കടവ് വേളം വഴി വടകര ഭാഗത്തേക്കും എളുപ്പ വഴിയാണ് പാലം. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അവസ്ഥയും വളരെ ദയനീയമാണ്. റോഡ് പൂർണമായി തകർന്ന നിലയിലാണ്.  പാലത്തിന്റെയും റോഡിന്റെയും കാര്യത്തിൽ അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ പുല്ല്യോട്ട് മുക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

English Summary:

A footbridge connecting Koothali and Changaroth Panchayats in Katiyangad is in dire straits as its foundation crumbles. Built in 1990 with public funds and volunteer efforts, the bridge's collapse would sever a critical transportation link for local communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com