ADVERTISEMENT

നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതു ചർച്ച ചെയ്യാൻ ഇന്നലെ ചേരാനിരുന്ന ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം മുടങ്ങി.   ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ‌ യോഗത്തിന് എത്തിയെങ്കിലും യോഗം മാറ്റി വച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇന്നലെ കല്ലാച്ചിയിൽ ലോക്കൽ സമ്മേളനം നടക്കുന്നതിനാൽ സിപിഎമ്മുകാർക്കു പങ്കെടുക്കാൻ കഴിയില്ലെന്ന കാരണത്താലാണ് യോഗം മാറ്റിയത്. 

എൽഡിഎഫിൽ ഘടകകക്ഷികളായ കേരള കോൺഗ്രസ് എം പ്രതിനിധി വാസു ആവോലം, ജെഡിഎസ് പ്രതിനിധി എം.എ.മമ്മുഹാജി, ലീഗ് നേതാക്കളായ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം.നജ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്.നജ്മാബീവി തുടങ്ങിയവർ യോഗത്തിന് എത്തിയിരുന്നു. 

ആശുപത്രിയിൽ ഒഴിവുള്ള സുരക്ഷാ ജീവനക്കാരെ റാങ്ക് ലിസ്റ്റ് പ്രകാരം നിയമിക്കണമെന്ന സാഹചര്യം വന്നപ്പോഴാണ് യോഗം മാറ്റിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി കുറ്റപ്പെടുത്തി. നിലവിലുള്ള ജീവനക്കാരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഡിഎംഒ തള്ളിയതിനാൽ, യോഗ്യതയുള്ളവരെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലീഗ് പ്രതിഷേധം
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ച നിലപാട് ധിക്കാരപരവും നിയമവിരുദ്ധവുമാണെന്ന് പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമം കുറ്റപ്പെടുത്തി.  

സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ്,  മണ്ഡലം ജനറൽ സെക്രട്ടറി വി.പി.കുഞ്ഞമ്മദ്, പ്രഫ. ഇ.കെ.അഹമദ്, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, സബീദ കേളോത്ത്, എൻ.കെ.അലിമത്ത്, എ.പി.മുനീർ, മുഹമ്മദ് പുറമേരി എന്നിവർ പ്രസംഗിച്ചു.

കാലാവധി കഴിഞ്ഞവരെത്തന്നെ നിയമിക്കണമെന്ന വാദത്തിലുറച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത്
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ നിന്നു സേവനം അവസാനിപ്പിച്ച 2 സുരക്ഷാ ജീവനക്കാരെ വീണ്ടും ആശുപത്രിയിൽ നിയമിക്കണമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെയും യുഡിഎഫ് അംഗങ്ങളുടെയും വിയോജനക്കുറിപ്പോടെയാണ്  ഈ ആവശ്യം ഉന്നയിച്ചത്. 

ബ്ലോക്ക് പഞ്ചായത്തിന്റെ നിയമന നീക്കത്തിനെതിരെ താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ കത്തിന്റെ കാര്യവും ബ്ലോക്ക് യോഗ തീരുമാനത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ സുരക്ഷാ ജോലിക്കാരെ സർക്കാർ ഉത്തരവിനു വിരുദ്ധമായി നിയമിക്കരുതെന്ന് ഡിഎംഒയും നിർദേശിച്ചിട്ടുണ്ട്. എൽഡിഎഫുകാർ മാത്രമാണ് പിരിച്ചു വിട്ടവർക്ക് വീണ്ടും നിയമനം നൽകണമെന്ന വാദം ഉന്നയിക്കുന്നത്. 

സർക്കാർ നിർദേശം അനുസരിച്ചു മാത്രമേ നിയമനം പാടുള്ളൂ എന്നാണ് താലൂക്ക് ആശുപത്രി ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. സുരക്ഷാ ജോലിയിൽ നിയമിക്കപ്പെടുന്നവർ വിമുക്ത ഭടന്മാർ ആയിരിക്കണം എന്നാണ് സർക്കാർ നിർദേശം. പിരിച്ചു വിട്ടവർ 2 പേരും വിമുക്ത ഭടന്മാരല്ല.

നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് യുഡിവൈഎഫ് മാ‌ർച്ച് നടത്തി
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തും സിപിഎമ്മും ചേർന്ന് സ്വന്തക്കാരെ സുരക്ഷാ ചുമതലയിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ആശുപത്രിയിലേക്ക് യുഡിവൈഎഫ് മാർച്ച് നടത്തി. വൻ പൊലീസ് സംഘം ആശുപത്രി ഗേറ്റ് പൂട്ടി മാർച്ച് തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ആശുപത്രി പരിസരത്തു നടത്തിയ ധർണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സജീവൻ, ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം.നജ്മ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, യുഡിവൈഎഫ് നേതാക്കളായ അനസ് നങ്ങാണ്ടി, ഇ.ഹാരിസ്, എ.കെ.ശാക്കിർ, നിസാം തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. 

സ്വന്തക്കാരെ നിയമിക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കത്തിന് എതിരെ ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് മോഹനൻ പാറക്കടവ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി.വനജ ചുമതലയേറ്റ ശേഷമുള്ള എല്ലാ നിയമനങ്ങളിലും വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം.

English Summary:

A scheduled meeting of the Nadapuram Taluk Hospital management committee to address security concerns was abruptly postponed, sparking controversy. The delay, attributed to the unavailability of CPI(M) members due to a local conference, has raised questions about political priorities impacting healthcare decisions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com