ബസിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച സംഭവം: സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് - വിഡിയോ
Mail This Article
കുന്നമംഗലം∙ എൻഐടി പ്രധാന കവാടത്തിന് മുൻപിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുൻപിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബസിലെ സിസിടിവി ദൃശ്യങ്ങളും സംഘർഷമുണ്ടായപ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ആൾ പകർത്തിയ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. പരുക്കേറ്റ ബസ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എൻഐടി സെക്യൂരിറ്റി ഓഫിസറും ബസ് ജീവനക്കാരും നൽകിയ പരാതിയിൽ കുന്നമംഗലം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ മുക്കം ഭാഗത്തേക്ക് പോകുന്ന ബസിന് മുൻപിലേക്ക് എൻഐടി ക്യാംപസിൽ നിന്നു കാർ വേഗത്തിൽ റോഡിലേക്ക് കയറിയതിനെത്തുടർന്ന് ബസ് പെട്ടെന്ന് വെട്ടിച്ചു മാറ്റി നിർത്തുകയായിരുന്നു. കാർ പിറകോട്ട് മാറ്റാൻ ആവശ്യപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാർ കൂട്ടമായി എത്തി മർദിച്ചു എന്നാണ് പരാതി.
നിർദിഷ്ട തുരങ്കപാതയുടെ ഭാഗമായ കുന്നമംഗലം – അഗസ്ത്യൻമൂഴി, മറിപ്പുഴ റോഡിന്റെ, എൻഐടി ക്യാംപസിനുള്ളിലൂടെ കടന്നു പോകുന്ന 2 കിലോ മീറ്ററോളം റോഡ് അടയ്ക്കാൻ നേരത്തേ എൻഐടി അധികൃതർ ശ്രമിച്ചതിനെ തുടർന്ന് വിവാദമാകുകയും പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് എൻഐടി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം ക്യാംപസിനകത്തു പൊതുഗതാഗതം അനുവദിച്ചാൽ സുരക്ഷാ ഭീഷണി ഉണ്ടെന്ന വാദവും എൻഐടി അധികൃതർ ഉന്നയിച്ചു. അതിന്റെ ഭാഗമായി മനഃപൂർവം സംഘർഷം സൃഷ്ടിച്ചതാണെന്നാണ് നാട്ടുകാരും ഒരു വിഭാഗം ജീവനക്കാരും ആരോപിക്കുന്നത്.