വിലങ്ങാട്ടെ ഉരുൾ പൊട്ടൽ ദുരന്തത്തിന് 3 മാസം തികഞ്ഞു: എവിടെ പുനരധിവാസം
Mail This Article
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടം നേരിട്ട വിലങ്ങാട്ട് പുനരധിവാസ പ്രവർത്തനങ്ങൾ എവിടെയുമെത്തിയില്ല. വ്യക്തിഗത സഹായങ്ങൾ ചിലർക്ക് ലഭിച്ചെന്നതല്ലാതെ മറ്റ് ആശ്വാസ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ല. വീടുകളില്ലാതായവർക്കു വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തവർ ഏറെയാണെങ്കിലും വാസയോഗ്യമായ സ്ഥലം നിർണയിച്ചു നൽകാൻ പോലും സർക്കാരിനു കഴിഞ്ഞിട്ടില്ല.
ജൂലൈ 29നു രാത്രി തുടങ്ങിയ പേമാരിക്കിടയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറിലേറെ സ്ഥലങ്ങൾ പെട്ടതായാണ് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത്. വിലങ്ങാട്ട് വാസയോഗ്യവും അല്ലാത്തതുമായ സ്ഥലങ്ങൾ ഡ്രോൺ സർവേ വഴി പൂർത്തീകരിച്ചെങ്കിലും ഈ സർവേ വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ഇതേക്കുറിച്ചു തിരക്കിയവരോട് അതിന്റെ രേഖകളെല്ലാം കലക്ടറേറ്റിലാണെന്നും അവിടെ അന്വേഷിക്കാനുമാണ് റവന്യു അധികൃതർ നൽകിയ മറുപടി.
പുനരധിവാസ നടപടി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രിതല യോഗം കോഴിക്കോട്ടു വിളിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞെങ്കിലും ഇത്തരമൊരു യോഗവും നടന്നിട്ടില്ല. ഭവനരഹിതരായി വാടക വീടുകളിലും ബന്ധു വീടുകളിലും കഴിയുന്നവർക്ക് അനുയോജ്യമായ സ്ഥലം വിലയ്ക്കെടുത്തു വീടുകളുടെ നിർമാണത്തിനു കൈമാറുന്നത് അടക്കമുള്ള കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ പ്രഖ്യാപിക്കുകയും ചില സ്ഥലങ്ങൾ വിലയ്ക്കെടുക്കുന്നതു ചർച്ചയാവുകയുമൊക്കെ ചെയ്തതാണെങ്കിലും പിന്നീടൊന്നും നടന്നില്ല.
നശിച്ച കടകൾ പുനരുദ്ധരിച്ചു വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ വ്യാപാരി സംഘടനകൾ കാണിച്ച ആവേശം പോലും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കാർഷിക നഷ്ടത്തിന്റെയും മറ്റു നഷ്ടങ്ങളുടെയുമൊക്കെ കണക്കെടുപ്പ് പൂർത്തീകരിച്ചെങ്കിലും ഇവർക്കൊന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സന്നദ്ധ സംഘടനകളും പ്രവാസി ഘടകങ്ങളുമൊക്കെ കൈമെയ് മറന്നു സഹായങ്ങൾ ചെയ്തതുകൊണ്ടു മാത്രമാണ് എല്ലാം നഷ്ടമായ പലരും പിടിച്ചുനിൽക്കുന്നത്.
തകർന്ന പാലങ്ങളും റോഡുകളും പുഴ ഭിത്തികളും തുടങ്ങി ഒഴുകിയെത്തിയ മരത്തടികൾ പോലും പലയിടങ്ങളിലായി നീക്കം ചെയ്യാതെ ഇപ്പോഴും കിടക്കുകയാണ്.ഇതിനിടയിൽ, ചില ഉരുൾ പൊട്ടലുണ്ടായ പ്രദേശങ്ങൾ അധികൃതരുടെ പട്ടികയിൽ ഇടം പിടിച്ചില്ലെന്ന വിവാദവും ഉടലെടുത്തിട്ടുണ്ട്. വ്യക്തിഗത നഷ്ടപരിഹാരം കിട്ടാത്ത ഒട്ടേറെപ്പേർ ഇനിയുമുണ്ട്.