ADVERTISEMENT

താമരശ്ശേരി∙ ചുരത്തിലെ വളവുകളിൽ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ യാത്രക്കാർ കുടുങ്ങി. ദേശീയപാത വകുപ്പ് മുൻകൂട്ടി അറിയിപ്പ് നൽകിയാണ് വളവിലെ കുഴികൾ നികത്തുന്ന പണി ആരംഭിച്ചതെങ്കിലും ആവശ്യത്തിന് പൊലീസ് സ്ഥലത്ത് ഇല്ലാതെ വാഹന നിയന്ത്രണം പാളിപ്പോയതാണ് ഇന്നലെ പകൽ മുഴുവൻ ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ കാരണം. വാഹനങ്ങൾ കടത്തിവിടുന്നതിനോ തടയുന്നതിനോ ഒരു ക്രമീകരണവും ഏർപ്പെടുത്താതിരുന്നതിനാൽ 3 മണിക്കൂറോളമാണ് യാത്രക്കാർ ചുരത്തിൽ കിടന്ന് വലഞ്ഞത്.

3 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പകൽ സ്ഥലത്തുണ്ടായിരുന്നത്.  ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കണ്ടെയ്നർ ലോറി ഉൾപ്പെടെ ഒരു നിയന്ത്രണവുമില്ലാതെ ചുരം കയറി. ഇതോടെ ടാറിങ് നടത്തിയ ചില ഭാഗങ്ങൾ പൊളിയുകയും ചെയ്തു. ഈങ്ങാപ്പുഴയിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതു കടന്ന് എത്തിയവരാണ് ചുരത്തിലെ കുരുക്കിൽ വീണ്ടും കുടുങ്ങിയത്.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ  ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചിരുന്നു. എന്നാൽ തടിലോറികൾ ഉൾപ്പെടെ ചുരം കയറിയിറങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ആംബുലൻസുകൾ പോലും  ചുരത്തിൽ കുടുങ്ങി. ഈ മാസം 7 മുതൽ 11 വരെ നിർമാണം നടത്താനായിരുന്നു തീരുമാനം. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ടാറിങ് ജോലികൾ ചെയ്യാൻ സാധിച്ചിരുന്നില്ല. 6, 7, 8 വളവുകളിലാണ് മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ടത്. ചരക്കുലോറികൾ ഉൾപ്പെടെ കുഴിയിൽ കുടുങ്ങുകയും മറിയുകയും ചെയ്തു.  

ഇതോടെയാണ് അടിയന്തരമായി കുഴിയടയ്ക്കാൻ തീരുമാനിച്ചത്. പണി ആരംഭിച്ചപ്പോൾ യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകേണ്ടവരും ചുരത്തിൽ കുടുങ്ങി. കെഎസ്ആർടിസി ബസുകൾ ട്രിപ്പ് റദ്ദാക്കി. ഗതാഗതം നിയന്ത്രിക്കുന്ന കാര്യത്തിൽ പിഴവ് പറ്റിയതായി  സമ്മതിച്ച ദേശീയപാത അധികൃതർ ഗതാഗതം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസ്‌ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ കത്ത് നൽകിയിരുന്നതായും പറഞ്ഞു.

English Summary:

Repair work on the Thamarassery Ghat Road in Kerala caused significant traffic chaos, leaving commuters stranded for hours. Lack of proper traffic control measures and heavy vehicle movement despite restrictions exacerbated the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com