വാവുത്സവം: കടലുണ്ടിയിലേക്ക് ജനപ്രവാഹം; ഗോതീശ്വരത്തു ബലിതർപ്പണത്തിന് ആയിരങ്ങൾ
Mail This Article
കടലുണ്ടി ∙ വാവുത്സവ തിരക്കിലമർന്ന കടലുണ്ടിയിലേക്ക് ജനപ്രവാഹം. വൈകിട്ടു മുതൽ നാടിന്റെ നാനാദിക്കുകളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി. തൊഴുതു പ്രാർഥിക്കാനും വഴിപാടുകൾ സമർപ്പിക്കാനും പേടിയാട്ടു ക്ഷേത്രത്തിലേക്ക് അനേകം ഭക്തർ എത്തി. വൈകിട്ടോടെ ലവൽക്രോസ് പരിസരം മുതൽ കോട്ടക്കടവ് വരെ ജനങ്ങൾ തിങ്ങി നിറഞ്ഞു. റോഡിനു വശങ്ങളിൽ തെരുവു കച്ചവടങ്ങളും തകൃതിയായി. പലർക്കും വലിയതോതിൽ കച്ചവടം നടന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി കടലുണ്ടിയിലും പരിസരങ്ങളിലുമായി വിവിധ വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഒരുക്കുന്നതിനുമായി കോട്ടക്കടവ് മുതൽ വാക്കടവ് വരെ പൊലീസിന്റെ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നടക്കുന്ന തുലാമാസ വാവ് ബലിതർപ്പണത്തിന് രാത്രി തന്നെ ആയിരങ്ങൾ വാക്കടവിൽ എത്തിച്ചേർന്നു. ബലിയിടാൻ എത്തുന്നവർക്ക് വാവുബലി തർപ്പണ സമിതി നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.
ബലിതർപ്പണം
ബേപ്പൂർ ∙ തുലാമാസ വാവിൽ പിതൃപ്രീതിക്കായി ബലിയിടാൻ ഗോതീശ്വരത്ത് അഭൂതപൂർവമായ തിരക്ക്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും സ്ത്രീകളടക്കം ആയിരങ്ങൾ ബലിതർപ്പണത്തിനു എത്തി. രാത്രി 7ന് തുടങ്ങിയ ബലി തർപ്പണം ഇന്നു രാവിലെ 9 വരെ തുടരും. ബലിയിടാൻ എത്തിയവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് പിണ്ണാണത്ത് ജനാർദനൻ, സെക്രട്ടറി ശശിധരൻ പയ്യാനക്കൽ, വാസുദേവൻ പനോളി, ഷൈജു പിണ്ണാണത്ത്, ബിനീഷ് വിയ്യാംവീട്ടിൽ, അനൂപ് എടത്തൊടി, ഷാജീകരൺ കടപ്പയിൽ എന്നിവർ കാർമികത്വം വഹിക്കുന്നു.
ചെറുവണ്ണൂർ ∙ മമ്മിളിക്കടവ് കുറുംബ ഭഗവതി ക്ഷേത്രത്തിൽ നൂറുകണക്കിനാളുകൾ ബലിതർപ്പണം നടത്തി. വൈകിട്ട് 5.30ന് തുടങ്ങിയ ബലികർമം ഇന്നു രാവിലെ 8 വരെ തുടരും. ആചാര്യൻ സുന്ദരൻ പാലാക്കര കാർമികത്വം വഹിക്കുന്നു. മേൽശാന്തി ഷാജി ശർമയുടെ കാർമികത്വത്തിൽ പ്രത്യേക തിലഹോമം നടത്തുന്നുണ്ട്.
എഴുന്നള്ളത്ത് ഇന്ന്
കടലുണ്ടി ∙ വാവുത്സവത്തിന്റെ മുഖ്യ ചടങ്ങായ ഭഗവതിയുടെ എഴുന്നള്ളത്ത് ഇന്ന്. ഉച്ചയ്ക്ക് 12ന് വാക്കടവ് കടപ്പുറത്തു നിന്നാണു എഴുന്നള്ളത്ത് തുടങ്ങുക. പുലർച്ചെ പേടിയാട്ടുകാവിൽ നിന്നു ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവിലേക്ക് എഴുന്നള്ളിക്കും. ഉത്സവം അറിയിച്ചു ഊരുചുറ്റലിന് ഇറങ്ങിയ ജാതവൻ രാവിലെ വാക്കടവിൽ എത്തി അമ്മയെ കണ്ടുമുട്ടും. ദേവിക്കൊപ്പം ജാതവനും എഴുന്നള്ളും. തുടർന്നു കുന്നത്ത് തറവാട്ടിൽ എത്തുന്ന ദേവിയെ ഉപചാരപൂർവം സ്വീകരിച്ചു വെള്ളരി നിവേദ്യം അർപ്പിക്കും.
തുടർന്നു ദേവിയെ കറുത്തങ്ങാട്ടേയ്ക്ക് എഴുന്നള്ളിക്കും. അവിടെ മണ്ണൂർ ശിവക്ഷേത്ര മേൽശാന്തി ഒരുക്കുന്ന വെള്ളരി നിവേദ്യം ഏറ്റുവാങ്ങി വൈകിട്ടോടെ പേടിയാട്ടുകാവിൽ എത്തുന്ന ദേവിയെ വ്രതനിഷ്ഠരായ പനയംമഠം തറവാട്ടുകാർ സ്വീകരിക്കും. അനുഷ്ഠാന കർമങ്ങൾക്കു ശേഷം കാവിലെ കിഴക്കേ കോട്ടയിൽ ദേവിയെ കുടിയിരുത്തും. ഇതു കണ്ടു ദുഃഖിതനാകുന്ന ജാതവൻ മണ്ണൂർ കാരകളി പറമ്പിലെ കോട്ടയിലേക്ക് മടങ്ങുന്നതോടെ ഇത്തവണത്തെ വാവുത്സവം സമാപിക്കും.