ADVERTISEMENT

വടകര ∙ ഗതാഗതക്കുരുക്കിൽ ദേശീയപാതയും നഗരത്തിലെ റോഡുകളും. ബുധനാഴ്ച രാത്രി 9ന് അടയ്ക്കാത്തെരുവിലെ സർവീസ് റോഡിന്റെ നടുവിൽ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാൻ തുടങ്ങിയതു മുതലായിരുന്നു ഗതാഗതം കുരുക്കിലായത്. വീതി കുറഞ്ഞ സർവീസ് റോഡിന്റെ അരികിലൂടെ വാഹനം കടത്തി വിടാൻ കഴിയാത്തതു കൊണ്ട് എതിർവശത്തെ സർവീസ് റോഡിലൂടെയും ബാക്കി വാഹനങ്ങൾ പെരുവാട്ടിൻ താഴ – പഴയ ബസ് സ്റ്റാൻഡ് – കരിമ്പനപ്പാലം റോഡിലൂടെയും തിരിച്ചു വിട്ടു.

എന്നാൽ എല്ലാ റോഡിലും വാഹനം നിറഞ്ഞതോടെ കുരുക്ക് രൂക്ഷമായി. ഇന്നലെ ഉച്ചയ്ക്ക് 1ന് അറ്റകുറ്റപ്പണി കഴിയുംവരെ ഗതാഗതം കുരുക്കിലായി. നഗരഭാഗത്ത് 2 കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറോളം വേണ്ടി വന്നു. ആംബുലൻസുകൾ പലയിടത്തായി കുടുങ്ങിക്കിടന്നു. ദേശീയപാതയുടെ അനുബന്ധ ഇട റോഡുകളിലും വാഹനക്കുരുക്ക് രൂക്ഷമായി.

കുറെ വാഹനങ്ങൾ ലിങ്ക് റോഡ് വഴി കടത്തി വിട്ടു. എന്നാൽ റോഡിന്റെ ഒരു ഭാഗത്ത് പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുളള ബസുകൾ പാർക്ക് ചെയ്തതു കാരണം വാഹനങ്ങൾക്കു സുഗമമായി പോകാ‍ൻ കഴിഞ്ഞില്ല. 3 മണിക്കൂർ കൊണ്ടു തീരേണ്ട പൈപ്പ് മാറ്റൽ ജോലികൾ റോഡിന്റെ അടിയിലെ വലിയ പാറ കാരണം 15 മണിക്കൂർ കൊണ്ടാണു പൂർത്തിയാക്കിയത്. പാറ പൊട്ടിച്ചു മാറ്റിയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.

ദേശീയപാത വികസനം; ജലവിതരണ പൈപ്പ് സംരക്ഷിക്കാൻ നടപടി വേണം

വടകര ∙ ദേശീയപാതയിലെ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടാതിരിക്കാൻ മുൻകരുതൽ വേണമെന്ന ആവശ്യം ശക്തമായി. ദേശീയപാത വിപുലീകരണ ജോലികൾ നടക്കുന്നതിനിടയിൽ പലതവണ പൈപ്പ് പൊട്ടിയിരുന്നു. ഇതു മൂലം ദിവസങ്ങളോളം ഒട്ടേറെ മേഖലകളിൽ ജല വിതരണം മുടങ്ങുന്നു. പൈപ്പ് അറ്റകുറ്റപ്പണി മൂലം ദേശീയപാതയിലും സമീപത്തെ റോഡിലും ഗതാഗതക്കുരുക്കും രൂക്ഷമാകും.

ഏറ്റവും ഒടുവിൽ പൈപ്പ് പൊട്ടിയത് ബിഎസ്എൻഎൽ കേബിൾ ജോലികളുടെ ഭാഗമായാണ്. ഇതുമൂലം 3 ദിവസം വെള്ളം മുടങ്ങി. ബുധനാഴ്ച രാത്രി തുടങ്ങിയ അറ്റകുറ്റപ്പണി ഇന്നലെ ഉച്ചവരെ നീണ്ടപ്പോൾ ഗതാഗത തടസ്സവുമുണ്ടായി. അര ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു അറ്റകുറ്റപ്പണി. ഓരോ തവണ പൊട്ടുമ്പോഴും ഇത്രയും തുക ചെലവിടണം. ഒരു മീറ്ററോളം റോഡ് കുഴിച്ച് 3 മീറ്റർ പൈപ്പാണ് ഇന്നലെ മാറ്റിയിട്ടത്. ‌ ദേശീയപാതയുടെ നിർമാണ കരാറുകാരും ബിഎസ്എൻഎൽ അധികൃതരും ജല അതോറിറ്റിയുമായി ആലോചിക്കാതെ റോഡ് കുഴിക്കുന്നതാണ് പൈപ്പ് തകരാൻ കാരണമാകുന്നത്.

English Summary:

A major traffic jam has paralyzed Vadakara after a water pipe burst on the Adaykkatheru service road Wednesday night. The closure and subsequent diversions through narrow roads have caused gridlock on the National Highway and surrounding areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com