കോഴിക്കോട് നഗരത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന; 6 പേർ അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ സിറ്റി പരിധിയിൽ ശനിയാഴ്ച രാത്രി 11 മുതൽ ഇന്നലെ പുലർച്ചെ 3 വരെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. 136 പേർക്കെതിരെ കേസ് എടുത്തു. പരിശോധനയിൽ വിവിധ സ്റ്റേഷൻ പരിധിയിൽ 142 കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുത്തു. ലഹരി മരുന്നു ഉപയോഗിച്ചതിനും കൈവശം വച്ചതിനും 38 കേസും മദ്യപിച്ച് വാഹനം ഓടിച്ചതിനു 38 കേസും വിൽപനക്ക് മദ്യം കൈവശം വച്ചതിനു 21 കേസും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 27 കേസും റജിസ്റ്റർ ചെയ്തു. 6 പേർക്ക് എതിരെ കരുതൽ തടങ്കലിനും കേസ് എടുത്തു.
കഞ്ചാവ് കൈവശം വച്ചതിനു മലപ്പുറം കുറ്റിപ്പുറം കച്ചേരിപ്പറമ്പ് തടത്തിൽ ഹൗസ് റഹ്മാൻ സഫാത്ത്(60), കൊടുവള്ളി മാനിപുരം കല്ലു വീട്ടിൽ ഹൗസ് കെ.വി.ഹബീബ് റഹ്മാൻ(24), മലപ്പുറം പുളിക്കൽ കിഴക്കയിൽ ഹൗസ് കെ.അജിത്ത്(23) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ സമീപം കത്തിക്കുത്ത് കേസിലെ പ്രതി തിരുവനന്തപുരം സുകു ഭവൻ സുജിത്ത്(40), ജില്ലാ കോടതിക്ക് സമീപം എൻഎംഡിസിയുടെ വാതിൽ പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച പ്രതി ചക്കുംകടവ് കച്ചേരി ഹൗസ് ഷഫീഖ്(42), മാറാട് പൊട്ടാംകണ്ടി പറമ്പിൽ സ്ത്രീയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ മാറാട് പൊറ്റാംകണ്ടി പറമ്പ് കടവത്ത് ഹൗസ് സുരേഷ്(40) എന്നിവരെയും അറസ്റ്റ് ചെയ്തു. സിറ്റി കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ അഡിഷനൽ എസ്പി, 9 എസിപിമാർ, 17 ഇൻസ്‌പെക്ടർമാർ, 50 എസ്ഐമാർ, 250 പൊലീസുകാർ എന്നിവർ പങ്കെടുത്തു.