പഞ്ചായത്തുകൾക്കു ഫണ്ടില്ല, സബ്സിഡി മുടങ്ങി; കർഷകർക്കു ദുരിതം
Mail This Article
കൂരാച്ചുണ്ട് ∙ മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ തെങ്ങിനും കമുകിനും വളം, കൂമ്പു ചീഞ്ഞ തെങ്ങ് വെട്ടി മാറ്റൽ പദ്ധതികളിൽ ഫണ്ടിനായി കർഷകരുടെ കാത്തിരിപ്പ് മാസങ്ങൾ പിന്നിടുന്നു. തെങ്ങ്, കമുക് വളത്തിനു സബ്സിഡി ഫണ്ടിനു വേണ്ടി മാസങ്ങൾക്ക് മുൻപ് കർഷകർ വളം വാങ്ങി ബിൽ കൃഷിഭവൻ അധികൃതരെ ഏൽപിച്ചതായിരുന്നു. കൂമ്പു ചീഞ്ഞ തെങ്ങ് വെട്ടി മാറ്റുന്ന പദ്ധതിയിൽ കേടായ തെങ്ങ് മുറിച്ചിട്ടും മാസങ്ങൾ പിന്നിട്ടു.കൂരാച്ചുണ്ട് പഞ്ചായത്തിൽ തെങ്ങിനു ജൈവ വളം നൽകാൻ 15.50 ലക്ഷം രൂപയാണ് പഞ്ചായത്ത് ഫണ്ടിൽ അനുവദിച്ചിരുന്നത്. കൂമ്പു ചീഞ്ഞ തെങ്ങ് വെട്ടി മാറ്റാൻ 7 ലക്ഷം രൂപയും നീക്കിവച്ചിരുന്നു. കർഷകരിൽ നിന്നു ബിൽ ഉൾപ്പെടെ വാങ്ങി കൃഷിഭവൻ അധികൃതർ പഞ്ചായത്തിനെ ഏൽപിച്ചതാണ്.
സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട പ്ലാൻ ഫണ്ടിന്റെ രണ്ടാം ഗഡു തുക ലഭിക്കാത്തതാണ് കർഷകർക്ക് ഫണ്ട് വിതരണം ചെയ്യുന്നതിനു തടസ്സം. നൂറുകണക്കിനു കർഷകരാണ് പഞ്ചായത്തിന്റെ സബ്സിഡി തുകയ്ക്കായി മാസങ്ങളായി കാത്തിരിക്കുന്നത്. പണം മുടക്കി വളം വാങ്ങിയ കർഷകർക്കാണ് തുക ലഭിക്കാൻ വൈകുന്നത്.ചക്കിട്ടപാറ പഞ്ചായത്തിൽ തെങ്ങ്, കമുക് കൃഷിക്ക് രാസവളത്തിന് 500ഓളം കർഷകർ ഗുണഭോക്താക്കളായി ഉണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ കർഷകർ വളത്തിന്റെ ബിൽ കൃഷിഭവനിൽ നൽകി ഫണ്ടിനു വേണ്ടി കാത്തിരിപ്പ് തുടരുകയാണ്.