ADVERTISEMENT

കോഴിക്കോട്∙ സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയോടെ സിൽവർ ലൈൻ വിരുദ്ധ സമരം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് ആദ്യമായി സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു തുടക്കം കുറിച്ച കാട്ടിലപ്പീടികയിൽ കെ–റെയിൽ ജനകീയ പ്രതിരോധ സമിതി ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. പദ്ധതി പൂർണമായി പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പു നൽകി. 13ന് ആലുവയിൽ പ്രതിഷേധക്കാരുടെ സംസ്ഥാന കൂട്ടായ്മ സംഘടിപ്പിച്ചു തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും പ്രതിരോധ സമിതി അറിയിച്ചു. 

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്നലെ രാവിലെയും വൈകിട്ടും കെ–റെയിൽ വിരുദ്ധ സമര സമിതി പ്രതിഷേധ പ്രകടനം നടത്തി. രൂപരേഖയിലെ സാങ്കേതിക – പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർ നടപടിക്കും കേന്ദ്രം സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര മന്ത്രി കഴിഞ്ഞ ദിവസം പറ​ഞ്ഞത്. നിലവിലെ പദ്ധതി രേഖയുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്നും ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞിരുന്നു. 

സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണെന്നു വ്യക്തമായതോടെയാണ് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സമരവുമായി സിൽവർ ലൈൻ വിരുദ്ധ സമിതി രംഗത്തെത്തിയത്. വിഷയത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ ഡീൽ നടന്നതായി സംശയമുണ്ടെന്നു സമരസമിതി ആരോപിച്ചു.  സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുൻപു കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ചപ്പോൾ ഉണ്ടായിരുന്ന പ്രതികരണമല്ല കഴിഞ്ഞ ദിവസം ഉണ്ടായതെന്നു ഭാരവാഹികൾ പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ മനംമാറ്റത്തിന്റെ തുടർച്ചയാണു റെയിൽവേ മന്ത്രിയുടെ ‘സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല’ എന്ന പ്രസ്താവന. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനായി ഡൽഹിയിൽ ചിലരെ ഉപയോഗിച്ചിട്ടുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും  ഭാരവാഹികൾ പറഞ്ഞു.  

സംസ്ഥാന സർക്കാർ സമർപ്പിച്ച ഡിപിആർ തീർത്തും അപ്രായോഗികവും യാഥാർഥ്യത്തിനു നിരക്കാത്തതുമാണെന്ന കർശന നിലപാടാണു കേന്ദ്രം ആദ്യം എടുത്തിരുന്നത്. കേന്ദ്രം കൂടി എതിർത്തതോടെ സംസ്ഥാന സർക്കാർ പദ്ധതിയിൽ  നിന്നു പിന്മാറിയെന്നാണു കരുതിയത്. എന്നാൽ, അതീവ രഹസ്യമായി സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണ്. 6 മാസം മുൻപു റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ ഉണ്ടായിരുന്ന നിലപാടല്ല ഇന്നലെ കണ്ടപ്പോൾ ഉണ്ടായത്. മന്ത്രി ആദ്യ നിലപാടിൽ നിന്നു മലക്കം മറിയുകയാണ്. സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്കിടയിൽ ചില ഡീൽ നടന്നതായി ഞങ്ങൾ സംശയിക്കുന്നു. ഇതിനായി ഡൽഹി കേന്ദ്രീകരിച്ച് ചിലർ പ്രവർത്തിക്കുന്നുവെന്നാണു മനസ്സിലാക്കിയത്. 

കഴിഞ്ഞ 4 വർഷമായി സമാധാനമായി ഉറങ്ങിയിട്ടില്ല. സിൽവർ ലൈൻ കടന്നു പോകുന്ന സ്ഥലത്തെ കുടുംബങ്ങളിൽ നിന്നു വിവാഹബന്ധത്തിനു പോലും ആളുകൾ മടിക്കുന്നു. ബാങ്കുകളിൽ നിന്നു വായ്പ കിട്ടുന്നില്ല. ആദ്യ ഘട്ട സമരത്തിൽ ഞങ്ങൾക്കെല്ലാം എതിരെ എടുത്ത കേസുകൾ ഇപ്പോഴും നടക്കുകയാണ്. കേസ് നടത്തിപ്പിനായി ലക്ഷങ്ങളാണു ചെലവാക്കേണ്ടി വന്നത്. പദ്ധതി പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ല.

English Summary:

Public opposition to the SilverLine semi-high-speed rail project in Kerala is resurfacing as the Railway Minister hints at its revival. Protests organized by the K-Rail Janakeeya Prathirodha Samithi are gaining traction, particularly in Kattilpeedika, a site of early demonstrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com