കുടിവെള്ള വിതരണം നിലച്ചു; കൈകഴുകാനും പാത്രം കഴുകാനും നെട്ടോട്ടമോടി ജീവനക്കാർ
Mail This Article
കോഴിക്കോട്∙ വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന സാഹചര്യത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും കുടിവെള്ള വിതരണം ഉച്ചയോടെ നിലച്ചു. കോഴിക്കോട് കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും വെള്ളം നിലച്ചതോടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാനും പാത്രം കഴുകാനും കഴിയാതെ നെട്ടോട്ടത്തിലായി. ശുചിമുറികളിൽ വെള്ളം നിലച്ചതോടെ സ്ത്രീകൾ ദുരിതത്തിലായി. 183 ഓളം വിഭാഗം ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലും കലക്ടറേറ്റിലുമായി ജീവനക്കാർ കുപ്പി വെള്ളം വാങ്ങിയാണ് കൃത്യം നിർവഹിക്കുന്നത്. ചില വിഭാഗം ഓഫിസുകൾ പുറമേ നിന്നും 20 ലിറ്ററിന്റെ ക്യാൻ കുടിവെള്ളം വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്.
ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് 15 ദിവസം മുൻപേ ജില്ലയിൽ കുടിവെള്ളം മുടങ്ങും എന്ന് ജല അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു. ഇന്നലെ വീണ്ടും അറിയിപ്പ് നൽകിയത് 5 ദിവസം വെള്ളം മുടങ്ങും എന്നാണ്. സിവിൽ സ്റ്റേഷനിലും കലക്ടറേറ്റിലും ജീവനക്കാരുടെ ആവശ്യത്തിന് ടാങ്കർ ലോറി നൽകിയാൽ കുടിവെള്ളം നൽകാമെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ഉച്ചവരെ ഈ സംവിധാനം കലക്ടറേറ്റിൽ നടന്നില്ല. ഉച്ച ഭക്ഷണത്തിനുശേഷം വെള്ളം അന്വേഷിച്ച് ജീവനക്കാർ പൈപ്പിനരികെ എത്തിയപ്പോഴാണ് കുടിവെള്ളം നിലച്ചത് അറിഞ്ഞത്. പലരും കൈകഴുകുന്നതിന് പകരം കടലാസ് കൊണ്ട് തുടച്ചാണ് വൃത്തിയാക്കിയത്. താൽകാലിക സംവിധാനം എന്ന നിലയിൽ നാളെ ജലവിതരണം നടത്താമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. 2000 ജീവനക്കാർക്കു പുറമേ കലക്ടറേറ്റിൽ എത്തുന്ന ആവശ്യക്കാർക്കും വെള്ളമില്ലാത്തത് ബുദ്ധിമുട്ടായി.